|    Jun 23 Sat, 2018 12:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു; കേരളത്തെ ഷിബിന്‍ ലാല്‍ നയിക്കും

Published : 6th February 2016 | Posted By: SMR

കൊച്ചി: സപ്തതി ആഘോഷിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പരിചയസമ്പത്തിനു മുന്‍തൂക്കം നല്‍കി കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്ബിടി താരം ഷിബിന്‍ലാലാണ് കേരള ക്യാപ്റ്റന്‍. നാരായണമേനോനാണ് ടീമിന്റെ പരിശീലനത്തിന്റെ ചുമതല.
ചെന്നൈയില്‍ ഈ മാസം ഒമ്പതു മുതല്‍ 14 വരെയാണ് പ്രാഥമികറൗണ്ട് മല്‍സരങ്ങള്‍. ടീമില്‍ നാലു പേരൊഴികെ ബാക്കിയുള്ളവര്‍ നേരത്തെ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളവരാണ്. 20 അംഗ ടീമില്‍ സെന്‍ട്രല്‍ എക്‌സൈസ് താരം മുഹമ്മദ് റാഫി, നാഷന ല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് താരം പ്രവീണ്‍ കുമാര്‍, ഭാരത് എഫ്‌സിയുടെ ഷഹിന്‍ലാല്‍, കെഎസ്ഇബിയുടെ എസ് ഹജ്മല്‍ എന്നീ നാലുപേര്‍ മാത്രമാണ് ആദ്യമായി സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിയുന്നത്.
പരിശീലനത്തിനു ഏതാ നും ദിവസങ്ങ ള്‍ മാത്രമാണ് ടീമിനു ലഭിച്ചതെന്ന് കോച്ച് നാരായണമേനോന്‍ പറഞ്ഞു. കിട്ടിയ സമയംകൊണ്ട് കോതമംഗലത്തെ പരിശീലനക്യാംപില്‍ കഠിനാധ്വാനം ചെയ്താണ് ടീം മല്‍സരത്തിനായി തയ്യാറെടുത്തിരിക്കുന്നത്. ഏതു പൊസിഷനിലും കളിക്കാന്‍ കഴിയുന്ന ഏതാനും താരങ്ങള്‍ ടീമിലുള്ളത് ആത്മവിശ്വാസം ഉയര്‍ത്തുന്നതായും നല്ല കാലിബറും ടാലന്റും ഉള്ള കുട്ടികളാണന്നും നാരായണമേനോന്‍ വ്യക്തമാക്കി.
രണ്ടു ഗ്രൂപ്പുകളായാണ് പ്രാഥമികമല്‍സരം. ഗ്രൂപ്പ് എ യിലാണ് കേരളം. തെലങ്കാനയുമായും ആന്‍ഡമാനുമായുമാണ് കേരളത്തിന്റെ ആദ്യ മല്‍സരങ്ങള്‍. ചെന്നൈയില്‍ നടക്കുന്ന അവസാന യോഗ്യതാമല്‍സരത്തില്‍ ആതിഥേയരായ തമിഴ്‌നാടിനെയാണ് കേരളത്തിനു നേരിടേണ്ടിവരിക. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ പ്രധാന വെല്ലുവിളി തമിഴ്‌നാടിനെതിരേയുള്ള മല്‍സരമായിരിക്കും. ഗ്രൂപ്പ് ജേതാക്കളാണ് അടുത്ത ഘട്ടത്തിലേക്കു യോഗ്യത നേടുക.
തമിഴ്‌നാടിനെ അവരുടെ നാട്ടില്‍ പോയി നേരിടുക അല്‍പ്പം ബുദ്ധിമുട്ടാണെന്ന് ടീം ക്യാപ്റ്റന്‍ ഷിബിന്‍ലാല്‍ പറഞ്ഞു. അണ്ടര്‍ 21 കേരള ടീമംഗവും കേരള സര്‍വകലാശാല ടീമംഗവും ആയിരുന്ന ഗോ ള്‍കീപ്പര്‍ എസ് അജ്മല്‍ ആണ് ടീമിലെ ബേബി. 20 വയസ്സണ് പ്രായം.
ആറുവര്‍ഷം തുടര്‍ച്ചയായി കേരളത്തിനുവേണ്ടി കളിക്കുന്ന 31കാരനായ സുര്‍ജിത്ത് ആണ് ടീമിലെ മുതിര്‍ന്ന താരം. കേരളം 4-3-3 ശൈലിയിലായിരിക്കും കളിക്കുകയെന്ന് നാരായണമേനോന്‍ വ്യക്തമാക്കി.
ടീം- ഗോള്‍കീപ്പര്‍മാര്‍ എസ് ഹജ്മല്‍ (പാലക്കാട്), മിഥുന്‍ (കണ്ണൂര്‍), ഷഹിന്‍ലാല്‍ (കോഴിക്കോട്)
പ്രതിരോധം- വി വി ശ്രീജിത് (തൃശൂ ര്‍), എസ് ലിജോ ( തിരുവനന്തപുരം), ബി ടി ശരത് (കൊല്ലം), രാഹുല്‍ രാജ് (തൃശൂ ര്‍), ശ്രീരാഗ് (കോട്ടയം), ഷെറിന്‍ സാം (എറണാകുളം)
മധ്യനിര- ജിജോ ജോസഫ് (തൃശൂ ര്‍), ഷിബിന്‍ലാല്‍ -ക്യാപ്റ്റന്‍ ( കോഴിക്കോട്), മുഹമ്മദ് റാഫി (വയനാട് ), പ്രവീണ്‍കുമാര്‍ (കാസര്‍കോഡ്), വിഎസ് അഷ്‌കര്‍ ( മലപ്പുറം).
മുന്നേറ്റനിര- ജിപ്‌സണ്‍ (തിരുവനന്തപുരം), കെ ഫിറോസ് (മലപ്പുറം), സുമേ ഷ് (തൃശൂര്‍), സീസണ്‍ (തിരുവനന്തപുരം), സുഹൈര്‍ (പാലക്കാട്), ഷൈജുമോന്‍ ( തിരുവനന്തപുരം).
കോച്ച് -നാരായണമേനോന്‍, അസി. കോച്ച് ഹാരി ബെന്നി, ഗോള്‍കീപ്പര്‍ കോച്ച് ഫിറോസ് ഷെരീഫ്, മാനേജര്‍ ഗോകുലന്‍ (മുന്‍ കെഎഫ്എ ജനറല്‍ സെക്രട്ടറി).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss