|    Apr 22 Sun, 2018 6:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സന്തോഷം പങ്കിടാന്‍ ഹാദിയ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കാണാനെത്തി

Published : 11th March 2018 | Posted By: kasim kzm

കോഴിക്കോട്: പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന് സഹായിച്ചതിനു നന്ദി പറയാനും ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി ലഭിച്ചതിലെ സന്തോഷം പങ്കിടാനുമായി ഹാദിയ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കാണാനെത്തി. ഭര്‍ത്താവ് ഷഫിന്‍ ജഹാനൊപ്പം പോപുലര്‍ ഫ്രണ്ട്  ആസ്ഥാനമായ യൂനിറ്റി ഹൗസിലാണ് ഹാദിയ എത്തിയത്. ഇരുവരെയും ചെയര്‍മാന്‍ ഇ അബൂബക്കര്‍, ദേശീയ സമിതി അംഗം പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സ്വാതന്ത്ര്യം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. പ്രതിസന്ധിയില്‍ എല്ലാവരും കൈവിട്ടപ്പോള്‍ ആദ്യം മുതല്‍ തന്നെ ഒപ്പം നിന്നതിനും സഹായിച്ചതിനും നന്ദി പറയാനാണ് എത്തിയതെന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ ഏറെ വൈകിയാണ് എത്തിയതെങ്കിലും ആദ്യം തന്നെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കണ്ട് നന്ദി പറയണമെന്ന് ആഗ്രഹിച്ചു. അതിനാലാണ് അതിരാവിലെ വന്നത്- അവര്‍ പറഞ്ഞു.
വിവാഹം ഏറെ വിവാദമായത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘സാധാരണക്കാരിയായ എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് എന്തുകൊണ്ടാണെന്നാണ് എനിക്കും ചോദിക്കാനുള്ളത്’ എന്നായിരുന്നു ഹാദിയയുടെ മറുപടി. ഞാന്‍ ഇസ്‌ലാമിലേക്ക് മതം മാറിയതുകൊണ്ടാണ് എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് തോന്നിയത്. ആര്‍ക്കും മതം മാറാന്‍ പറ്റില്ലേ, മതം മാറിയവരെല്ലാം ഇതുപോലെ ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോവേണ്ടിവരുമോ തുടങ്ങിയ ചോദ്യങ്ങളും ഹാദിയ തൊടുത്തുവിട്ടു.
വിവാഹത്തിനു മതം മാറണമെന്ന ഉപാധി വയ്ക്കണമെന്നു പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോട് അല്‍പം രോഷത്തോടെയാണ് പ്രതികരിച്ച ഹാദിയ ലേഖകനോട് ‘നിങ്ങള്‍ അക്കാര്യം മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കണ’മെന്ന് ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഇല്ലായിരുന്നെങ്കില്‍ വേറെ ആരാണ് എന്നെ സഹായിക്കാനുണ്ടാവുക?
ഒരുപാട് മുസ്‌ലിം സംഘടനകളുണ്ട്. ഞാന്‍ മുസ്‌ലിമാവാന്‍ തീരുമാനിച്ച സമയത്ത് മറ്റു ചില സംഘടനകളെയാണ് സമീപിച്ചിരുന്നത്. അവരാരും എന്നെ സഹായിക്കാന്‍ തയ്യാറായില്ല.  ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. സഹായിക്കാന്‍ തയ്യാറായവരെ മുസ്‌ലിം സംഘടനകള്‍ പോലും കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തിയവര്‍ക്ക് എന്തുകൊണ്ട് എന്നെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിക്കൂടാ? വേറെയും ഒരുപാട് സംഘടനകള്‍ സഹായിച്ചിട്ടുണ്ട്, പക്ഷേ, അവരുടെ സഹായങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു എന്നും ഹാദിയ വ്യക്തമാക്കി.
പ്രാര്‍ഥന കൊണ്ടും പിന്തുണ കൊണ്ടും മറ്റും സഹകരിച്ചിരുന്നു. എന്നാല്‍, സുപ്രിംകോടതി വരെ നിയമപോരാട്ടത്തിലും മറ്റും പോപുലര്‍ ഫ്രണ്ടാണ് സഹായിച്ചത്. അതുകൊണ്ടാണ് ചെയര്‍മാനെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ വന്നതെന്ന് ഷഫിന്‍ ജഹാന്‍ പറഞ്ഞു. തങ്ങള്‍ നാളെ മാധ്യമങ്ങളെ കണ്ട് വിശദമായി കാര്യങ്ങള്‍ പറയുമെന്നും ഷഫിന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss