|    Oct 20 Sat, 2018 5:02 pm
FLASH NEWS
Home   >  Kerala   >  

സന്തോഷം പങ്കിടാന്‍ ഹാദിയ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കാണാനെത്തി

Published : 10th March 2018 | Posted By: G.A.G

കോഴിക്കോട്: പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന് സഹായിച്ചതിന് നന്ദി പറയാനും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുമതി ലഭിച്ചതിലെ സന്തോഷം പങ്കിടാനുമായി ഹാദിയ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കാണാനെത്തി. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമാണ് ഹാദിയ ചെയര്‍മാനെ കാണാന്‍ പോപുലര്‍ ഫ്രണ്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സായ യൂനിറ്റി ഹൗസിലെത്തിയത്. ചെയര്‍മാന്‍ ഇ അബൂബക്കര്‍, ദേശീയ സമിതി അംഗം പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹാദിയയെയും ഷെഫിനെയും സ്വീകരിച്ചു.
സ്വാതന്ത്ര്യം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പ്രതിസന്ധിയില്‍ എല്ലാവരും കൈവിട്ടപ്പോള്‍ ആദ്യം മുതല്‍ തന്നെ ഒപ്പം നിന്നതിനും സഹായിച്ചതിനും നന്ദി പറയാനാണ് എത്തിയതെന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും ആദ്യം തന്നെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കണ്ട് നന്ദി പറയണമെന്ന് ആഗ്രഹിച്ചു. അതിനാലാണ് അതിരാവിലെ തന്നെ ഇങ്ങോട്ട് പോന്നതെന്നും അവര്‍ പറഞ്ഞു.
വിവാഹം ഏറെ വിവാദമായത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാധാരണക്കാരിയായ എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് എന്തുകൊണ്ടാണെന്നാണ് എനിക്കും ചോദിക്കാനുള്ളത് എന്നായിരുന്നു ഹാദിയയുടെ മറുപടി. എനിക്ക് തോന്നിയത് ഞാന്‍ മുസ്്‌ലിമായി മതം മാറിയത് കൊണ്ടാണ് എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെതെന്നാണ്. ആര്‍ക്കും മതം മാറാന്‍ പറ്റില്ലേ? മതം മാറിയവരെല്ലാം ഇതുപോലെ ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോവേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങളും ഹാദിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തൊടുത്തുവിട്ടു. വിവാഹത്തിന് മതം മാറണമെന്ന ഉപാധി വയ്ക്കണമെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോട് അല്‍പം രോഷത്തോടെയാണ് ഹാദിയ പ്രതികരിച്ചത്. കേസ് മുഴുവന്‍ അറിയാവുന്ന ഈ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ വീണ്ടും നിങ്ങളോട് വിശദീകരിക്കേണ്ടി വരുന്നുവെന്നത് വളരെ കഷ്ടമാണ്. നിങ്ങള്‍ അക്കാര്യം മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം പ്ലീസ് എന്ന അപേക്ഷയും ഹാദിയ മുന്നോട്ടുവച്ചു.
പോപുലര്‍ ഫ്രണ്ട് ഇല്ലായിരുന്നെങ്കില്‍ വേറെ ആരാണ് എന്നെ സഹായിക്കാനുണ്ടാവുക? ഒരുപാട് മുസ്്‌ലിം സംഘടനകളുണ്ട്. ഞാന്‍ മുസ്്‌ലിമാവാന്‍ തീരുമാനിച്ച സമയത്ത് തന്നെ മറ്റു ചില സംഘടനകളെയാണ് സമീപിച്ചിരുന്നത്. അവരാരും എന്നെ സഹായിക്കാന്‍ തയ്യാറായില്ല. അവരുടെ പേര്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍ക്കും ആരോപണങ്ങള്‍ നടത്താം. സഹായിക്കാന്‍ തയ്യാറായവരെ മുസ്്‌ലിം സംഘടനകള്‍ പോലും കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. ഒരാളെ സഹായിക്കുന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. കുറ്റപ്പെടുത്തിയവര്‍ക്ക്് എന്തുകൊണ്ട് എന്നെ സഹായിക്കാന്‍ മുന്നോട്ടിറങ്ങിക്കൂടാ? വെളിയിലിരുന്ന് കളി കണ്ട് കൊണ്ട് ഇങ്ങിനെ ചെയ്യണമായിരുന്നു അങ്ങിനെ ചെയ്യണമായിരുന്നു എന്ന് പറയുകയാണ്. പുറത്തുവന്ന ശേഷം ഞാന്‍ തന്നെ ഇക്കാര്യം ഒരുപാട് കേട്ടിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് മാത്രമേ സഹായിച്ചിട്ടുള്ളുവോ, മറ്റു സംഘടനകളാരും സഹായിച്ചിട്ടില്ലേ എന്ന ചോദ്യത്തോട് ഏതൊ ഒരു ഘട്ടത്തില്‍ വേറെ ഒരുപാട് സംഘടനകള്‍ സഹായിച്ചിട്ടുണ്ട്. സഹായിച്ചിട്ടില്ല എന്നല്ല, പക്ഷേ, അവരുടെ സഹായങ്ങള്‍ക്കെല്ലാം പരിമിതിയുണ്ടായിരുന്നു എന്നായിരുന്നു ഹാദിയയുടെ മറുപടി.
മുഴുവന്‍ സംഘടനകളും പ്രാര്‍ഥനകൊണ്ടും പിന്തുണ കൊണ്ടും മറ്റും സഹകരിച്ചിരുന്നു. എന്നാല്‍, സുപ്രിം കോടതിവരെ പോവേണ്ടി വന്ന ഇത്തരമൊരു നിയമ പോരാട്ടത്തിലും മറ്റും പോപുലര്‍ ഫ്രണ്ടാണ് സഹായിച്ചത്. അതുകൊണ്ടാണ് ചെയര്‍മാനെ നേരില്‍ കാണ്ട് നന്ദി അറിയിക്കാന്‍ വന്നതെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നത് ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവശമാണ്. 25വയസ്സിനു മുകളിലുള്ള അഭ്യസ്ഥവിദ്യരായവര്‍ക്ക് പോലും സ്വതന്ത്രമായി വിശ്വാസം തിരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ആ ഒരു സാഹചര്യത്തില്‍ ആവശ്യമായ നിയമ സഹായം നല്‍കി ഞങ്ങള്‍ക്കൊപ്പം നിന്ന പോപുലര്‍ ഫ്രണ്ടിന് നന്ദി അറിയിക്കുകയാണ്. മുന്ന് ദിവസമാണ് ലീവ് അനുവദിച്ചത്. തങ്ങളിരുവരും മറ്റന്നാള്‍ മാധ്യമങ്ങളെ കണ്ട് വിശദമായി കാര്യങ്ങള്‍ പറയുമെന്നും ഷെഫിന്‍ പറഞ്ഞു.
നിയമപരമായ പോരാട്ടം അവസാനിക്കും വരെ ഈ കേസില്‍ പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവും. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പുകമറ കോടതി വിധിയോടെ പൊളിഞ്ഞുവീണിരിക്കുകയാണ്. ഏത് അന്വേഷണവും നടത്തട്ടെ. എന്‍ഐഎയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിനാലാണ് സുപ്രിം കോടതി തന്നെ ജഡ്ജിയുടെ നിരീക്ഷണം വേണമെന്ന് പറഞ്ഞത്്. എന്തെങ്കിലും ക്രിമിനല്‍ കാര്യങ്ങളുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി നടത്തിയ ഈ പോരാട്ടത്തില്‍ മാധ്യമങ്ങളുടെയും മറ്റു സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായം ഉണ്ടായിട്ടുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വലിയൊരു സാമ്പത്തിക ചെലവ് ഇതിന് വേണ്ടിവന്നു. പൊതുജനങ്ങളാണ് അതിന് സഹായിച്ചത്. അതിന്റെ കണക്ക് ഉടന്‍ പൊതുജനത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss