|    Nov 19 Mon, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ എടിഎസ് റിപോര്‍ട്ട് തയ്യാറാക്കുന്നു

Published : 27th August 2018 | Posted By: kasim kzm

മുംബൈ: തീവ്ര ഹിന്ദുത്വസംഘടന സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെ സംഘടനയ്‌ക്കെതിരെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) റിപോര്‍ട്ട് തയ്യാറാക്കുന്നു. സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ അടുത്തിടെ ഭീകരവാദക്കേസുകളില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംഘടനയ്‌ക്കെതിരേ തല്‍സ്ഥിതി റിപോര്‍ട്ട് എടിഎസ് ഫയല്‍ ചെയ്തിരുന്നു. അറസ്റ്റിലായവരുടെ സനാതന്‍ സന്‍സ്ഥയുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തുന്ന രീതിയിലാണ് റിപോര്‍ട്ട് തയ്യാറാക്കുന്നതെന്ന് എടിഎസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുമായി ബന്ധപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിരോധന നിയമം) പ്രകാരം കേസെടുത്തിരുന്നു. മുംബൈ, പൂനെ, സതാര, സോലാപൂര്‍, സാംഗ്ലി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി നേരത്തേ അന്വേഷണസംഘം കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ ശനിയാഴ്ച എടിഎസ് അറസ്റ്റ് ചെയ്ത അവിനാശ് പവാര്‍, ശിവപാര്‍വതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് അന്വേഷണസംഘം പറയുന്നു. പവാറിന്റേതുള്‍പ്പെടെയുള്ള അറസ്റ്റുകള്‍ സംഘടനയ്‌ക്കെതിരായ എടിഎസിന്റെ കണ്ടെത്തലുകളെ ബലപ്പെടുത്തുമെന്നു കരുതുന്നതായി എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു. സംഘടനയുമായുള്ള ഇവരുടെ ബന്ധം തെളിയിക്കുന്നതിനായി അറസ്റ്റിലായവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍, ഫോണ്‍ വിളികള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ തുടങ്ങി മറ്റു വിവരങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.സന്‍സ്ഥയുമായി അടുപ്പം പുലര്‍ത്തുന്ന മുന്‍ ശിവസേന കോര്‍പറേറ്റര്‍ ശ്രീകാന്ത് പംഗാര്‍ക്കറും ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സന്‍സ്ഥ പ്രവര്‍ത്തനങ്ങള്‍ക്കു ധനശേഖരണം നടത്തല്‍, അറസ്റ്റിലായ മൂന്നു പ്രവര്‍ത്തകര്‍ക്കു പണം നല്‍കി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അറസ്റ്റിലായ പംഗാര്‍ക്കര്‍ക്കു നേരെയുള്ളത്. ധബോല്‍ക്കര്‍ക്കു നേരെ വെടിയുതിര്‍ക്കുമ്പോള്‍ മോട്ടോര്‍സൈക്കിളില്‍ തന്നോടൊപ്പം പംഗാര്‍ക്കര്‍ ഉണ്ടായിരുന്നുവെന്നു കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രധാന പ്രതി സച്ചിന്‍ പ്രകാശ് റാവു അന്ദുറെ സിബിഐക്കു മൊഴി നല്‍കിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ സന്‍സ്ഥയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരും ഫഡ്‌നാവിസ് സര്‍ക്കാരും സന്‍സ്ഥയെ നിരോധിക്കണമെന്ന ആവശ്യം വിവിധ അവസരങ്ങളില്‍ കേന്ദ്രത്തിനു മുമ്പാകെ ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ധബോല്‍ക്കര്‍ വധത്തില്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. സന്‍സ്ഥ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ ധബോല്‍ക്കര്‍ക്കെതിരേ ഭീഷണി അടങ്ങുന്ന ലേഖനങ്ങള്‍ വന്നതിനു പിന്നാലെ 2013 ആഗസ്ത് 20നു കൊല്ലപ്പെടുകയും ചെയ്തു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss