|    Dec 14 Fri, 2018 4:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സനാതന്‍ സന്‍സ്ഥയെ കര്‍ണാടക നിരോധിച്ചേക്കും

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍ സ്ഥയെ കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചേക്കും. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ പന്‍സാരെ, കല്‍ബുര്‍ഗി, ദബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളിലും ഗോവാസ്‌ഫോടനങ്ങളിലുമുള്ള പങ്ക് വെളിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകര്‍ അഞ്ചുവര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്നു കേസില്‍ ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘടനയെ നിരോധിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ല.
എന്നാല്‍, ഗൗരിലങ്കേഷിന്റെതുള്‍പ്പെടെയുള്ള കേസുകള്‍ ഭീകരപ്രവര്‍ത്തനമാണെന്ന് അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിക്കുകയും അതില്‍ സനാതന്‍ സന്‍സ്ഥ പ്രതിസ്ഥാനത്തു വരുകയും ചെയ്ത സാഹചര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്യ അറിയിച്ചു. നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസമാദ്യം സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ക്കെതിരേ സിബിഐ ഭീകരപ്രവര്‍ത്തനക്കുറ്റം ചുമത്തിയിരുന്നു. സംഘടിത കുറ്റകൃത്യം തടയല്‍ നിയമ(യുഎപിഎ) ത്തിനു കീഴിലെ 15 (ഭീകരപ്രവര്‍ത്തനം), 16 (ഭീകരപ്രവര്‍ത്തനഫലമായി കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ഈ കേസില്‍ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ആറുംപേരും സനാതന്‍ പ്രവര്‍ത്തകരാണ്. കൊലപാതകം ആസൂത്രണം ചെയ്ത സനാതന്‍ നേതാവ് ഡോ. വിജേന്ദ്ര തവ്‌ദെ, വെടിവച്ച സച്ചിന്‍ അന്ദൂറെ, ശരത് കലാസ്‌കര്‍ എന്നിവരും അമോല്‍ കലെ, അമിത് ദിഗ്വേകര്‍, രാജേഷ് ബങ്കേര എന്നിവരുമാണ് അറസ്റ്റിലായവര്‍. 2015 ആഗസ്തില്‍ കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനുപയോഗിച്ച 7.65 നാടന്‍തോക്ക് തന്നെയാണ് ഗൗരി ലങ്കേഷിനെതിരേയും ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളില്ലാതെ സംഘടനയുടെ പ്രവര്‍ത്തകര്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നുവെന്നും ഇതിനൊടുവിലാണ് കൊലപ്പെടുത്തിയതെന്നുമാണ് 9,235 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നത്. 2009ലെ ഗോവാ സ്‌ഫോടനക്കേസിലെ പ്രതികളായ സാരങ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരും ദബോല്‍ക്കര്‍ കേസിലെ പ്രതികളാണ്. ഒളിവില്‍ കഴിയുന്ന സനാതന്‍ പ്രവര്‍ത്തകരായ ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവയിലെയും മഹാരാഷ്ട്രയിലെയും വിവിധ സ്‌ഫോടനങ്ങള്‍ നടത്തിയത് സംഘടനയാണെന്നു സനാതന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞമാസം ഇന്ത്യാ ടുഡേ നടത്തിയ ഒളികാമറാ ഓപറേഷനില്‍ തുറന്നു സമ്മതിച്ചിരുന്നു.
മഡ്ഗാവിലുണ്ടായതുപോലെ ഒമ്പതു ബോംബ് സ്‌ഫോടനങ്ങള്‍ മഹാരാഷ്ട്രയിലുടനീളം ഉണ്ടായിരുന്നു. എല്ലാത്തിനുപിന്നിലും സനാതന്‍ ആണെന്നു ബോധ്യമായതോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എസ്‌ഐടി) സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു ശുപാര്‍ശ ചെയ്‌തെങ്കിലും അതു തള്ളുകയായിരുന്നു. 2009ല്‍ മഡ്ഗാവില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സംഘടനയുടെ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് എടിഎസ് അന്വേഷണം നടത്തിയെങ്കിലും ബിജെപിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേസ് വഴിമുട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss