|    Jul 22 Sat, 2017 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സനാതന്‍ സന്‍സ്ഥയുടെ കീഴില്‍ കേരളത്തില്‍ ആയുധപരിശീലനം സജീവം

Published : 8th August 2016 | Posted By: SMR

പി സി അബ്ദുല്ല

കോഴിക്കോട്: ആത്മീയ പ്രവര്‍ത്തനങ്ങളുടെയും സാംസ്‌കാരിക പരിപാടികളുടെയും മറവില്‍ തീവ്ര ഹിന്ദുത്വ അജണ്ടകളുമായി ഉത്തരേന്ത്യന്‍ സംഘപരിവാര സംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കുന്നു. മഹാരാഷ്ട്രയിലും ഗോവയിലും മറ്റും വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ സനാതന്‍ സന്‍സ്ഥയും പോഷക സംഘടനകളുമാണ് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
2008-09 കാലയളവില്‍ മഹാരാഷ്ട്രയിലെ നിരവധി സ്ഥലങ്ങളിലും ഗോവയിലെ മഡ്ഗാവിലും നടന്ന സ്‌ഫോടനങ്ങളില്‍ പങ്കു തെളിഞ്ഞ സംഘടനയാണ് സനാതന്‍ സന്‍സ്ഥ. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരായ നിലപാടുകളുടെ പേരില്‍ നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയ പ്രമുഖരെ കൊലപ്പെടുത്തിയതിനു പിന്നിലും ഈ സംഘടനയാണെന്നാണു കണ്ടെത്തിയിട്ടുള്ളത്.
2008-09 കാലയളവിലാണ് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു വ്യാപിപ്പിച്ചത്. ലൗജിഹാദ് വിവാദത്തിന്റെ മറവില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച മുസ്‌ലിംവിരുദ്ധ നുണക്കഥകളാണ് സനാതന്‍ സന്‍സ്ഥയ്ക്ക് കേരളത്തില്‍ വളക്കൂറായത്. വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും അടുത്തകാലത്ത് ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനുമായി രംഗത്തുവന്ന പ്രദീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലാണ് സംഘടന കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ കൊച്ചിയായിരുന്നു പ്രവര്‍ത്തനകേന്ദ്രം. മലയാളികളും ഉത്തരേന്ത്യയില്‍ താമസക്കാരുമായ മൂന്ന് യുവതികളാണ് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
അടുത്തകാലത്തായി കാസര്‍കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തിപ്രാപിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലായി കേരളത്തിലെ സംഘപരിവാര നേതാക്കളായ കുമ്മനം രാജശേഖരന്‍, കാഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സനാതന്‍ സന്‍സ്ഥയുടെ പരിപാടികളില്‍ പങ്കെടുത്തതായാണു വിവരം.
ആര്‍എസ്എസിന്റെ പൂര്‍ണമായ ആശിര്‍വാദത്തോടെയാണ് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തനമെങ്കിലും സംഘടനയുമായി പ്രത്യക്ഷത്തില്‍ ആര്‍എസ്എസ് ബന്ധപ്പെടുന്നില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ഇതര മതവിഭാഗങ്ങള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ‘ഹിന്ദു ജനജാഗ്രത സമിതി’, അയല്‍പക്കങ്ങള്‍ വഴിയും അമ്പലങ്ങള്‍ വഴിയും തീവ്ര ഹിന്ദുത്വത്തിലേക്ക് സ്ത്രീകളെ ആകൃഷ്ടരാക്കുന്ന ‘രണരാഗിണി’, യുവാക്കള്‍ക്ക് ആയുധ- കായിക പരിശീലനം നല്‍കുന്ന ‘ധര്‍മശക്തി സേന’ എന്നീ മൂന്ന് പോഷക സംഘടനകളിലൂടെയാണ് സംസ്ഥാനത്ത് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് പ്രവീണ്‍ തൊഗാഡിയയാണ് ദക്ഷിണേന്ത്യയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്നാണു സൂചന. കഴിഞ്ഞ ദിവസം തൊഗാഡിയ കേരളത്തില്‍ എത്തിയപ്പോള്‍ സനാതന്‍ സന്‍സ്ഥയുടെ പ്രാദേശിക മേധാവികള്‍ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം.
2009 ജനുവരി 7ന് എറണാകുളം കലൂര്‍ പാവകുളത്തു നടന്ന സനാതന്‍ സന്‍സ്ഥയുടെ ധര്‍മ ജാഗ്രത സഭ അന്നത്തെ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍ ആണ് ഉദ്ഘാടനം ചെയ്തത്. 2009 നവംബര്‍ 9ന് തൃപ്പൂണിത്തുറയില്‍ നടന്ന സനാതന്‍ സന്‍സ്ഥയുടെ പരിപാടി ആര്‍എസ്എസ് നേതാവ് കാഭാ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. 2009 ഡിസംബര്‍ 3ന് എറണാകുളത്തു നടന്ന സനാതന്റെ ജനജാഗ്രതി സഭയില്‍ ചാനല്‍ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന രാഹുല്‍ ഈശ്വറായിരുന്നു മുഖ്യാതിഥി.
സമൂഹത്തിലെയും വ്യക്തികളുടെയും മൂല്യച്യുതികള്‍ക്കെതിരായ ബോധവല്‍ക്കരണവും വ്യക്തിത്വ വികസന ക്ലാസുകളുമെന്ന രീതിയിലാണ് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തനം. മനശാസ്ത്രം, ആത്മീയ പഠനങ്ങള്‍ എന്നിവയ്ക്കിടയില്‍ ക്രമേണ ഹിന്ദുത്വ വികാരവും അന്യമത വിദ്വേഷവും കുത്തിവയ്ക്കുന്ന ശൈലിയാണ് സംഘടനയുടെതെന്നാണ് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അതില്‍ നടപടിയൊന്നുമുണ്ടായില്ല. മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സനാതന്‍ സന്‍സ്ഥയുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്ന നിരവധി വസ്തുതകള്‍ കണ്ടെത്തിയിരുന്നു. സംഘടനയെ നിരോധിക്കണമെന്ന് ഹേമന്ത് കര്‍ക്കരെ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍സിപിയിലെയും കോണ്‍ഗ്രസ്സിലെയും ഹിന്ദുത്വ നേതാക്കളുടെ സമ്മര്‍ദ്ദഫലമായി കര്‍ക്കരയുടെ റിപോര്‍ട്ട് അവഗണിക്കപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക