|    Nov 16 Fri, 2018 10:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സനാതന്‍ സന്‍സ്ഥ:അറസ്റ്റിലായത് വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടയാള്‍

Published : 12th August 2018 | Posted By: kasim kzm

മുഹമ്മദ് പടന്ന

മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ വൈഭവ് റാവത്ത് അറസ്റ്റിലായത് രാജ്യത്തെ അഞ്ചു പ്രധാന നഗരങ്ങളില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടിരിക്കെ. റാവത്തിനെ കൂടാതെ അറസ്റ്റിലായ ശരത് കലേസ്‌കര്‍, സുധന്‍വ ഗോന്ധലേക്കര്‍ എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ട്.
പൂനെ, സത്താറ, സോളാപൂര്‍, നല്ല സോപാറ, മുംബൈ എന്നീ നഗരങ്ങളില്‍ വന്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. റാവത്തിന്റെ വീട്ടില്‍ നിന്ന് എട്ടു നാടന്‍ ബോംബും കടയില്‍ നിന്ന് 12 ബോംബും പോലിസ് റെയ്ഡില്‍ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ വന്‍ തോതില്‍ വെടിമരുന്ന്, ഡിറ്റനേറ്റര്‍ എന്നിവയും കണ്ടെത്തി.
ഈ സാമഗ്രികള്‍ കൊണ്ട് 50 ഓളം ബോംബുകള്‍ നിര്‍മിക്കാ ന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മൂന്നുപേരെയും ഈ മാസം 18 വരെ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍, ഗോരക്ഷാ പ്രവര്‍ത്തകന്‍ ആണ് റാവത്ത് എന്ന് സനാതന്‍ സന്‍സ്ഥയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു.
അതേ സമയം, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അമോ ല്‍ കാലേയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതെന്ന് റിപോര്‍ട്ടുണ്ട്.
അറസ്റ്റിലായ റാവത്ത് സമാന ചിന്താഗതിക്കാരായ ഹിന്ദുത്വ സംഘടനകളെ ഏകോപിപ്പിക്കുന്നതില്‍ മിടുക്കനാണെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്ന് തീവ്ര ആശയങ്ങളടങ്ങിയ പുസ്തകങ്ങളും ലഘു ലേഖകളും കണ്ടെത്തി. പൊതുവേദികളില്‍ റാവത്ത് പ്രഭാഷണങ്ങളും നടത്താറുണ്ട്.
റിയല്‍എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റാവത്ത് മത പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സമയം കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര എടിഎസിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് റാവത്ത് കുടുങ്ങിയത്. പൂനെ, ഔറംഗാബാദ് മേഖലകളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പോലിസ്.
അറസ്റ്റിലായവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് സെഷന്‍സ് കോടതി ജഡ്ജി അഭിപ്രായപ്പെട്ടു. അതേസമയം, സനാതന്‍ സന്‍സ്ഥയെ ഉടന്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്സും എന്‍സിപിയും ആവശ്യപ്പെട്ടു. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തി.

16 പേരെ ചോദ്യംചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിന് അറസ്റ്റിലായ മൂന്നു സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന തീവ്രവാദ വിരുദ്ധ സേന (എടിഎസ്) 16 പേരെ ചോദ്യം ചെയ്തു. വൈഭവ് റാവത്ത്, ശരത് കലേസ്‌കര്‍, സുധന്‍വ ഗോന്ധലേക്കര്‍ എന്നിവരെയാണ് വെള്ളിയാഴ്ച എടിഎസ് അറസ്റ്റ് ചെയ്തത്. റാവത്തും കലേസ്‌കറും മുംബൈയില്‍ നിന്നും ഗോന്ധലേക്കറെ പൂനെയില്‍ നിന്നുമാണ് പിടികൂടിയത്.
യുക്തിവാദികളായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകവുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എടിഎസ് മേധാവി അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി അറിയിച്ചു.അറസ്റ്റ് ചെയ്യപ്പെട്ടവരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് 16 പേരെ ചോദ്യം ചെയ്തത്. എന്നാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് പോലിസ് വെളിപ്പെടുത്തിയില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss