|    Feb 24 Fri, 2017 11:27 am
FLASH NEWS

സദാചാര പോലിസ് ചമഞ്ഞ് ദലിത് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു

Published : 1st December 2016 | Posted By: SMR

ശാസ്താംകോട്ട: ഉന്നത രാഷ്ട്രീയ ബന്ധമുള്ളവര്‍ സദാചര പോലിസ് ചമഞ്ഞ് ദലിത് ദമ്പതികളെ ക്രൂരമായി മര്‍ദ്ധിച്ചു. ശൂരനാട് വടക്ക് സെഞ്ച്വറി ജങ്ഷന് സമീപം രാഗവീണയില്‍ അനീഷ്(30), ഭാര്യ സൂര്യ(27) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സമീപ വാസികളായ ചിലര്‍ കഴിഞ്ഞ കുറെ നാളുകളായി ഈ കുടുംബത്തെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് വരികയും നിരന്തരം പീഡിപ്പിച്ച് വരികയുമായിരുന്നു. സ്വകാര്യ ബസ്‌ഡ്രൈവറായ അനീഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലെത്തി. സുഹൃത്ത് മടങ്ങി പോകുംവഴി സമീപവാസികള്‍ ബൈക്ക് തടയുകയും ആരോപണം ഉന്നയിച്ച് സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് അനീഷും ഭാര്യയും എത്തിയപ്പോള്‍ ഇവരെയും മര്‍ദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ശൂരനാട് പോലിസ് എത്തിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാതെ പോലിസ് മടങ്ങിപ്പോയി. ഇന്നലെ അനീഷും ഭാര്യയും ശൂരനാട് പോലിസ് സ്‌റ്റേനിലെത്തി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലും പോലിസുകാര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് ഇവര്‍ ശാസ്താംകോട്ട് സി ഐയ്ക്ക് പരാതി നല്‍കുകയും ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വൈകിയും പോലിസ് ഇവരുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. ആക്രമികളെ രക്ഷിക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തന്നെ രംഗത്തുണ്ട്. സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അനീഷും ഭാര്യയും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക