|    Jun 23 Sat, 2018 7:49 pm
FLASH NEWS
Home   >  Kerala   >  

സദാചാരകൊലപാതകത്തില്‍ മതം പ്രതിചേര്‍ക്കപ്പെടുമ്പോള്‍

Published : 30th June 2016 | Posted By: Imthihan Abdulla

IMTHIHAN-SLUG-smallമലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത കൂട്ടിലങ്ങാടിയില്‍ നടന്ന സദാചാരകൊലപാതകത്തോടനുബന്ധിച്ച് ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ബന്ധപ്പെട്ട പ്രതികളുടെ മതത്തെ കൂട്ടു പ്രതിയാക്കാനുളള ആസൂത്രിത ശ്രമങ്ങളുമായി സ്ഥാപിത താല്‍പര്യക്കാര്‍ ഇത്തവണയും രംഗത്തെത്തിയിരിക്കുന്നു. പൊതുജനങ്ങളെ നിയമം കയ്യിലെടുക്കാന്‍ ഒരവസരത്തിലും ഇസലാം അനുവദിച്ചിട്ടുമില്ല. ഇതൊന്നും അറിയാത്തവരല്ല ചാനലുകളിലും ഇതരമാധ്യമങ്ങളിലുമുളള സുഹൃത്തുക്കള്‍. സ്വന്തം കുടുബത്തിലെ സ്ത്രീകളുടെ മാനം കാക്കാനും അവരിലെ അഗമ്യഗമനം തടയാനും എല്ലാ സമൂഹങ്ങളിലും പണ്ടുമുതലേ ആളുകള്‍ ഇടപെടാറുണ്ട്.

…………………………………………………………………………………………………………….

പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുചരനായിരുന്നു മാഇസ്. ഒരിക്കല്‍ മാഇസ് പ്രവാചക സന്നിധിയിലേക്ക് കടന്നു വന്നു പറഞ്ഞു. പ്രവാചകരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു,എന്നെ ശുദ്ധീകരിച്ചാലും. പ്രവാചകന്‍ മാഇസില്‍ നിന്നും മുഖം തിരിച്ചു കളഞ്ഞു. മാഇസ് വീണ്ടും പ്രവാചകനഭിമുഖം നിന്ന് ആവശ്യം ആവര്‍ത്തിച്ചു. പ്രവാചകന്‍ ഗൗനിച്ചില്ല. പക്ഷേ മാഇസ് വിട്ടില്ല. തന്നെ ശുദ്ധീകരിച്ചേ പറ്റൂ എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. മാഇസ് മദ്യപിച്ചിരിക്കുന്നുവോ എന്നു പരിശോധിക്കാന്‍ അനുചരന്‍മാരോട് തിരുദൂതര്‍ നിര്‍ദ്ദേശിച്ചു. മദ്യപാനത്താലോ അല്ലാതെയോ ഉളള യാതൊരു വിധ ബുദ്ധിഭ്രംശവും സംഭവിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ പ്രവാചകന്‍ മാഇസുമായി സംസാരിക്കാന്‍ തയ്യാറായി. താന്‍ വ്യഭിചരിച്ചിരിക്കുന്നു എന്നു പറഞ്ഞ മാഇസിനോട് പ്രവാചകന്‍ പറഞ്ഞു, നീ അവളുമായി സല്ലപിച്ചതായിരിക്കും. അല്ല ദൂതരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു. എങ്കില്‍ നീ അവളെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതായിരിക്കും എന്നായി തിരുദൂതര്‍. അല്ല ദൂതരേ ഞാന്‍ തീര്‍ച്ചയായും വ്യഭിചരിച്ചിരിക്കുന്നു എന്നു മാഇസും. ഒടുവില്‍ വിട്ടുവീഴ്ച നല്‍കാന്‍ യാതൊരു പഴുതും തന്റെ ശിഷ്യന്‍ തനിക്ക് നല്‍കില്ലെന്ന് ബോധ്യമായ പ്രവാചകന്‍ അയാളെ ശിക്ഷാര്‍ഹനായി വിധിച്ചു. എന്നാല്‍ അപ്പോഴും തുല്യ കുറ്റക്കാരിയായ അയാളുടെ പങ്കാളിയാരെന്ന് പ്രവാചകന്‍ അന്വേഷിച്ചതേയില്ല. അവരെ അന്വേഷിച്ച് കണ്ടെത്താന്‍ ആരെയും നിയോഗിച്ചതുമില്ല. മറ്റൊരിക്കല്‍ പ്രവാചക സന്നിധിയിലേക്ക് ഒരു സ്ത്രീ കടന്നു വന്നു. അവര്‍ പറഞ്ഞു. പ്രവാചകരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു. എന്നെ ശുദ്ധീകരിച്ചാലും. പ്രവാചകന്‍ അവള്‍ക്ക് മുഖം കൊടുത്തില്ല. സ്ത്രീ വീണ്ടും ആവര്‍ത്തിച്ചു. പ്രവാചകന്‍ അവളില്‍ നിന്നും തലതിരിച്ചു കളഞ്ഞു. അപ്പോള്‍ ആ ഭാഗത്തേക്കു ചെന്നു സ്ത്രീ തന്റെ ആവശ്യം ആവര്‍ത്തിച്ചു. താന്‍ വ്യഭിചരിച്ചിരിക്കുന്നുവെന്നും ഗര്‍ഭിണിയാണെന്നും ആ സ്ത്രീ അറിയിച്ചു. പ്രസവം കഴിഞ്ഞു വരാന്‍ പറഞ്ഞ് ദൂതര്‍ അവരെ മടക്കി അയച്ചു. ശിക്ഷ ഭയന്ന് മുങ്ങിക്കളയുമോ എന്നു ഭയന്ന് കരുതല്‍ തടങ്കലില്‍ വെച്ചില്ല. കുഞ്ഞിന്റെ പിതാവാരെന്ന് അന്വേഷിക്കുകയും ചെയ്തില്ല. പ്രസവാനന്തരം സ്ത്രീ വീണ്ടും ഹാജറായി. കുഞ്ഞിന്റെ മുലകുടി പ്രായം കഴിഞ്ഞ് വരാന്‍ പറഞ്ഞ് നബി വീണ്ടും അവരെ മടക്കി. ഒരപ്പക്കഷ്ണം കടിച്ചു തിന്നുന്ന കുഞ്ഞിനെ നടത്തിച്ചു കൊണ്ടു സ്ത്രീ വീണ്ടും ഹാജറായി. പ്രവാചകന്‍ അവരുടെ മേല്‍ ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടു.


മറ്റൊരുസന്ദര്‍ഭത്തില്‍ അത്യന്തം അസ്വസ്ഥനായി ഒരു യുവാവ് പ്രവാചകനെ സന്ദര്‍ശിച്ചു. താന്‍ വളരെയധികം ആസക്തിയുളളവനാണെന്നും അതിനാല്‍ വ്യഭിചരിക്കാന്‍ അനുമതി വേണമെന്നുമായിരുന്നു അയാളുടെ ആവശ്യം. പ്രവാചകന്‍ ഒട്ടും അസഹിഷ്ണുത പ്രകടിപ്പിക്കാതെ അയാളെ തന്നോടു ചേര്‍ത്തിരുത്തി ആ യുവാവിനോട് ചോദിച്ചു. താങ്കളുടെ മകളെ ആരെങ്കിലും വ്യഭിചരിക്കുകയാണെങ്കില്‍ അതു താങ്കള്‍ അംഗീകരിക്കുമോ? ആ ദ്രോഹിയുടെ കഴുത്തു ഞാന്‍ വെട്ടും എന്നായി ആ യുവാവ്. ശരി, നിങ്ങളുടെ സഹോദരിയോ അല്ലെങ്കില്‍ മാതാവോ ആണെങ്കിലോ? അപ്പോഴും വ്യത്യസ്തമായിരുന്നില്ല യുവാവിന്റെ പ്രതികരണം. അപ്പോള്‍ ആരുടേയും സഹോദരിയോ മകളോ മാതാവോ ഒന്നുമല്ലാത്ത ഒരു സ്ത്രീയുമില്ല എന്ന കാര്യം പ്രവാചകന്‍ അയാളെ ബോധ്യപ്പെടുത്തി. താങ്കളുടെ അടുക്കല്‍ വരുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രവൃത്തി വ്യഭിചാരമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഏറ്റവും വെറുക്കുന്നതും അതുതന്നെ എന്നു പറഞ്ഞുകൊണ്ടാണ് ആ യുവാവ് പ്രവാചകസന്നിധിയില്‍ നിന്നും പോയത്.
പ്രവാചകന്റെ രണ്ടാം ഉത്തരാധികാരി ഉമറുബ്‌നുല്‍ഖത്താബ് രാജ്യഭരണം നടത്തുന്ന കാലം. ജനങ്ങളുടെ സ്ഥിതിഗതികള്‍ അറിയാന്‍ രാത്രിയില്‍ തെരുവുകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഖലീഫ. ഒരു മതില്‍ക്കെട്ടിനുളളില്‍ നിന്നും ഒരു ഗായികയുടെ ശൃംഗാരാതിപ്രസരമുളള ഗാനം കേള്‍ക്കാനിടയായ ഖലീഫ എന്താണ് നടക്കുന്നതെന്ന ആകാംക്ഷയില്‍ മതില്‍ ചാടിക്കടന്ന് അകത്തേക്കു പ്രവേശിച്ചു. മദ്യചക്ഷകങ്ങളുമായി ഒരു മനുഷ്യന്‍ വീട്ടു മുറ്റത്തിരിക്കുന്നു. അയാളുടെ മുമ്പില്‍ നര്‍ത്തകിയായ ഒരു യുവതി ആടുകയും പാടുകയും ചെയ്യുന്നു. കാഴ്ച കണ്ടു ഖലീഫ ഞെട്ടി. അല്ലാഹുവിന്റെ ശത്രു, ഇതാണോ ഇവിടെ നടക്കുന്നത്, നിന്നെ ഞാന്‍ കഠിനശിക്ഷക്കു വിധേയമാക്കുമെന്ന് ഖലീഫ അയാളോട് പറഞ്ഞു. ‘ഞാന്‍ ഒരു തെറ്റു ചെയ്തിരിക്കുന്നുവെന്നത് ശരിതന്നെ. പക്ഷേ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയും അനുവാദമില്ലാതെ എന്റെ വളപ്പിലേക്ക് പ്രവേശിക്കുകയും ചെയ്യുക വഴി താങ്കള്‍ എന്നെക്കാള്‍ വലിയ അപരാധിയായിരിക്കുന്നുവെന്ന് ഉടനെ ആ മനുഷ്യന്‍ തിരിച്ചടിച്ചു. പേര്‍ഷ്യാ-റോമന്‍ സാമ്രാജ്യങ്ങളെ വിറപ്പിച്ചിരുന്ന ആ ശക്തനായ ഭരണാധികാരി തന്റെ തെറ്റ് മനസിലാക്കി നിശബ്ദം തിരിച്ചുപോയി.

മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത കൂട്ടിലങ്ങാടിയില്‍ നടന്ന സദാചാരകൊലപാതകത്തോടനുബന്ധിച്ച് ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ബന്ധപ്പെട്ട പ്രതികളുടെ മതത്തെ കൂട്ടു പ്രതിയാക്കാനുളള ആസൂത്രിത ശ്രമങ്ങളുമായി സ്ഥാപിത താല്‍പര്യക്കാര്‍ ഇത്തവണയും രംഗത്തെത്തിയിരിക്കുന്നു. കൊലചെയ്യപ്പെട്ടവന്റേയും പ്രതികളെന്നു കരുതപ്പെടുന്നവരുടേയും മതമായ ഇസലാമിന്റെ സദാചാര നിയമപാലനത്തിന്റെ ചില രേഖാചിത്രങ്ങളാണ് മുകളില്‍ കോറിയിട്ടത്. പ്രസ്തുത സംഭവങ്ങള്‍ സ്വയം വിശദീകരിക്കുന്ന പോലെ പോലീസ്‌രാജ് നടപ്പാക്കിയായിയിരുന്നില്ല പ്രവാചകനും അവിടുത്തെ ഖലീഫമാരും തങ്ങളുടെ രാജ്യത്ത് സദാചാരം നടപ്പാക്കിയിരുന്നത്. വ്യഭിചാരം മാത്രമല്ല എല്ലാതരം സാമൂഹിക തിന്മകളേയും ഒരു പോലീസിന്റെയും സഹായമില്ലാതെ നിയന്ത്രിക്കാനാവുന്ന ദൈവഭയത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും പാഠങ്ങള്‍ ആ മതം അവരെ പഠിപ്പിച്ചു. അതുകൊണ്ട് തന്നെ ആ അധ്യാപനങ്ങള്‍ക്ക് ആധിപത്യമുളള നാളുകളില്‍ ഏകാകിനിയായ ഒരു സ്ത്രീക്ക് പോലും അല്ലാഹുവിനെയല്ലാതെ ആരെയും ഭയക്കാതെ വിശാലമായ ഇസലാമിക സാമ്രാജ്യത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയില്‍ സൈ്വര്യവിഹാരം നടത്താനും സാധിച്ചിരുന്നു. പൊതുജനങ്ങളെ നിയമം കയ്യിലെടുക്കാന്‍ ഒരവസരത്തിലും ഇസലാം അനുവദിച്ചിട്ടുമില്ല. ഇതൊന്നും അറിയാത്തവരല്ല ചാനലുകളിലും ഇതരമാധ്യമങ്ങളിലുമുളള സുഹൃത്തുക്കള്‍. സ്വന്തം കുടുബത്തിലെ സ്ത്രീകളുടെ മാനം കാക്കാനും അവരിലെ അഗമ്യഗമനം തടയാനും എല്ലാ സമൂഹങ്ങളിലും പണ്ടുമുതലേ ആളുകള്‍ ഇടപെടാറുണ്ട്. ചിലപ്പോഴൊക്കെ കൈവിട്ടു പോകുന്ന ഇത്തരം ഇടപെടലുകള്‍ ദുരഭിമാനകൊലകള്‍ എന്നും മറ്റുമുളള ഓമനപ്പേരുകളില്‍ നമ്മള്‍ വായിക്കാറുമുണ്ട്. പക്ഷേ അപ്പോഴൊന്നും ബന്ധപ്പെട്ട സമുദായങ്ങളുടെ മതം അവരോടൊപ്പം പ്രതിക്കൂട്ടില്‍ കയറേണ്ട ദുരവസ്ഥയുണ്ടാകാറില്ലെന്നു മാത്രമാണ് വ്യത്യാസം. അതിനാല്‍ തന്നെ അത്തരം മരണങ്ങള്‍ പത്രങ്ങളുടെ ചരമക്കോളത്തിനു താഴെ പത്രാധിപര്‍ കനിഞ്ഞനുവദിക്കുന്ന ഇത്തിരിവട്ടത്തില്‍ ഒതുങ്ങുകയും ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss