|    Nov 21 Wed, 2018 12:21 am
FLASH NEWS
Home   >  Kerala   >  

സത്‌നാം സിങ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആറ് വര്‍ഷം; നീതി ലഭിക്കാതെ കുടുംബം

Published : 4th August 2018 | Posted By: afsal ph


കോഴിക്കോട്: വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ അതിക്രമിച്ച് കടന്നതിനെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലായ നിയമവിദ്യാര്‍ത്ഥിയുമായിരുന്ന സത്‌നാം സിങ്ങ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആറ് വര്‍ഷം തികയുന്നു. കോടതിയുടെ കനിവ് കാത്ത് ദക്ഷിണ ബീഹാറിലെ ഷേര്‍ഘാട്ടി ഗ്രാമത്തിലെ സത്‌നാമിന്റെ കുടുംബം. പോലിസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും അട്ടമറിക്കപ്പെട്ടെന്ന് ആരോപിക്കുന്ന കേസ് ഇപ്പോഴും നീതിപീഠത്തിന്റെ ഇടനാഴിയില്‍ തീര്‍പ്പാകാതെ ഇഴയുകയാണ്. 2012 ജൂലൈ 31 നാണ് സത്‌നാം സിങ് വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തുന്നത്. നിയമ വിദ്യാര്‍ഥിയായിരുന്ന സത്‌നാം ആത്മീയ വഴി തിരഞ്ഞെടുത്തതോടെ പഠനം അവസാനിപ്പിച്ച ഇന്ത്യയിലെ പ്രമുഖ ആത്മീയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുന്നതിനിടേയാണ് കേരളത്തിലെത്തുന്നത്. നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ തിരുവനന്തപുരം കുന്നുംപുറം ക്ഷേത്രത്തിലാണ് സത്‌നാം ആദ്യമായെത്തിയത്. അവിടെ നിന്നും ഗുരുവിന്റെ ആസ്ഥാനമായിരുന്ന വര്‍ക്കലയിലെ ശിവഗിരിമഠത്തിലെത്തി. സ്വാമി മുനി നാരായണപ്രസാദിന്റെ ശിഷ്യണത്തില്‍ ശിവഗിരിമഠത്തില്‍ രണ്ടാഴ്ച്ചയോളം തങ്ങിയതിന് ശേഷം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക്. മാതാഅമൃതാനന്ദമയിയുടെ ദര്‍ശനസമയത്ത് അവിടേക്ക് ഇടിച്ചുകയറി പരാക്രമം നടത്തിയതിനെ തുടര്‍ന്നാണ് അമ്മയുടെ ഭക്തര്‍ പിടികൂടിയത്. പിന്നീട് പോലിസിന് കൈമാറി.

അമൃതാനന്ദമയി മഠത്തില്‍ നിന്നും പോലിസ് കസ്റ്റഡയിലെടുത്ത സ്തനാംസിങ് (ഫയല്‍ ചിത്രം)

ഉച്ചയ്ക്ക് രണ്ടുമണിയോടെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച സത്‌നാമിനെ പിറ്റേ ദിവസം വൈകീട്ട് 7 മണിക്ക് മാത്രമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. സത്‌നാംസിങ് മഠത്തില്‍ വച്ച് ക്രൂരമായി മര്‍ദനത്തിനിരയായതായി ആരോപണം ഉയര്‍ന്നെങ്കിലും മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വിട്ട് മഠം അധികൃതര്‍ ആരോപണം തള്ളിക്കളഞ്ഞു.
അതേസമയം, നിരായുധനായി ഒറ്റ ഒറ്റമുണ്ട് മാത്രം ധരിച്ച് ആശ്രമത്തിനകത്ത് പ്രവേശിച്ച സത്‌നാം അവിടെ നിന്നും ബഹളം വെച്ചു എന്ന ഒരു കാരണത്തിന് വധശ്രമമടക്കമുള്ള വകുപ്പുകളാണ് പോലിസ് ചുമത്തിയത്. (ഐപിസി സെക്ഷന്‍ 307, 332, 452 എന്നിവ). 24 മണിക്കൂര്‍ എന്ന അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ സമയം സത്‌നാമിനെ പോലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. അറസ്റ്റ് വാര്‍ത്തയറിഞ്ഞ ഉടന്‍ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലെത്തിയ സത്‌നാമിന്റെ അച്ഛന്റെ സഹോദരപുത്രന്‍ വിമല്‍ കിഷോര്‍ സ്‌റ്റേഷനിലെത്തുകയും സത്‌നാം മാനസ്സികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്നയാളാണെന്ന് പോലിസിനെ അറിയിക്കുകയും ചെയ്തിരുന്നു.
ഫാക്‌സ് ആയി ലഭിച്ച ചികിത്സയുടെ ചീട്ടുകളും മറ്റു ഡോക്യുമെന്റുകളും പോലിസിനെ കാണിച്ചു. അതും പോരാഞ്ഞ് ബീഹാര്‍ പോലിസുമായി ഫോണില്‍ കണക്ട് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതിരുന്ന പോലിസ് ഉന്നതതലങ്ങളില്‍ നിന്ന് കനത്ത സമ്മര്‍ദമുണ്ടെന്നും വധശ്രമത്തിന് കേസെടുക്കാനാണ് ഉത്തരവ് എന്നുമാണ് വിമല്‍കിഷോറിനോട് പറഞ്ഞത്. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലും ജയിലിലും മാനസികാരോഗ്യകേന്ദ്രത്തിലുമായി രണ്ടു ദിവസം.

സത്‌നാംസിങ് കരുനാഗപ്പിള്ളി പോലിസ് സ്‌റ്റേഷനില്‍ (ഫയല്‍ചിത്രം)

മൂന്നാം നാള്‍, ആഗസ്ത് 4 ന് കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയ സത്‌നാമിന്റെ ശരീരത്തില്‍, തലയ്‌ക്കേറ്റ മാരക ക്ഷതമടക്കം 77 മുറിവുകളുണ്ടായിരുന്നു. മര്‍ദനത്തിന്റെ നിരവധി പാടുകളും.
സത്‌നാമിന്റെ മരണം വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതലക്കാരിയായിരുന്ന ഐജി ബി.സന്ധ്യ വള്ളിക്കാവിലെ ആശ്രമത്തില്‍ ചെന്ന് അമൃതാനന്ദമയിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചതുപോലും.
സത്‌നാമിന്റെ മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തലയുടെ പിന്‍ഭാഗത്തെ ക്ഷതവും കഴുത്തിനടുത്തായി സംഭവിച്ച മാരക മുറിവുമെല്ലാം കൊല്ലപ്പെടുന്നതിനും 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണ് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആഗസ്ത് 4 ന് വൈകീട്ട് 7 മണിക്ക് മരണം സ്ഥിരീകരിച്ച സത്‌നാം കൊല്ലപ്പെടുന്നതിനാസ്പദമായ സംഭവം നടന്നത് വൈകീട്ട് 3 മണിക്കും 4 മണിക്കും ഇടയിലാണെന്നാണ് പോലിസ് കണ്ടെത്തിയത്. അതായത്, മാനസ്സികാരോഗ്യ കേന്ദ്രത്തിലെ അന്ധേവാസികളുമായും ജീവനക്കാരുമായും നടന്നുവെന്ന് പറയപ്പെടുന്ന സംഘര്‍ഷമല്ല മരണകാരണമെന്ന് വ്യക്തം. എന്നിട്ടും ഇവരെ മാത്രം പ്രതികളാക്കി ആശ്രമത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സര്‍ക്കാറിന് നല്‍കിയത്. ഉന്നത ബന്ധങ്ങളുള്ള കേസിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള പോലിസിന്റെ ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്.
തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന കേസില്‍ തൃപ്തരല്ലെന്ന് പറഞ്ഞ് സത്‌നാമിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും നേരില്‍ കണ്ട് അപേക്ഷിച്ചിട്ടും അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കേസ് ഹൈക്കോടതിയിലേക്ക് മാറ്റി. എന്നാല്‍ ഹൈക്കോടതിയില്‍ തുടര്‍ച്ചയായി കേസ് മാറ്റിവെക്കുകയാണുണ്ടായത്. ഇതിനിടയില്‍ കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ സ്വാഭാവികമായി മരണപ്പെടുകയുമുണ്ടായി. ഇനി ഹൈക്കോടതി വിചാരണ പൂര്‍ത്തിയാക്കുകയോ, ശിക്ഷ നടപ്പാക്കുകയോ ചെയ്താല്‍ പോലും നിരപരാധികളായ ഏതാനും ആളുകള്‍ മാത്രമാണ് ഇരകളാക്കപ്പെടാന്‍ പോകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss