|    Oct 16 Tue, 2018 3:17 pm
FLASH NEWS

സത്രം മേഖലയില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നാടകവുമായി റവന്യൂ വകുപ്പ്

Published : 28th September 2017 | Posted By: fsq

 

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സത്രത്തിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നാടകം നടത്തി റവന്യൂ വകുപ്പ് അധികൃതര്‍. ചെറിയ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി വന്‍കിട കൈയേറ്റങ്ങള്‍ക്ക് ഒത്താശ നല്‍കുന്നതായി ആരോപണം ശക്തമാവുന്നു. സത്രത്തിലെ റവന്യൂ ഭൂമിയില്‍ വ്യാപക കൈയേറ്റങ്ങളാണ് ഭൂമാഫിയകള്‍ നടത്തുന്നത്. ഭൂമാഫിയയുടെ സമ്മര്‍ദ്ധ ഫലമായി  പ്രദേശത്തെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തുകയും അവര്‍ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയാണ് പതിവ്. രാത്രികാലങ്ങളിലെ റിസോര്‍ട്ടുകളില്‍  താമസസൗകര്യവും സല്‍ക്കാരവും നടത്തിയാണ് ഉദ്യോഗസ്ഥര്‍ കൈയേറ്റ മാഫിയകള്‍ക്ക് കൂട്ടുപിടിക്കുന്നത്. കൈയേറ്റം സംബന്ധിച്ച് മാധ്യമങ്ങില്‍ വാര്‍ത്തകള്‍ വന്നാല്‍ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തുമെങ്കിലും അതിഥികളായി  മടങ്ങുകയാണ് ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സത്രത്തില്‍ 18 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചതായി അധികൃതര്‍ പറയുമ്പോഴും ആര്‍ക്കെതിരെയും സംഭവത്തില്‍ കേസെടുത്തിട്ടില്ല. ഇത് കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മാധ്യമ വാര്‍ത്ത മാത്രമാണെന്നുള്ള ആരോപണവും ശക്തമായിട്ടുണ്ട്. ഇടുക്കി കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള വന്‍കിടക്കാരാണ്‌കൈയേറ്റത്തിന് പിന്നില്‍.സ്വകാര്യ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന റവന്യൂ ഭൂമിയിലാണ് കൈയേറ്റം നടത്തുന്നത്. പീരുമേട് താലൂക്കിലെ റവന്യൂ വകുപ്പിലെ ഉ—ദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും ആരോപണമുയരുന്നു. പോതപുല്ലുകള്‍ നീക്കം ചെയ്ത് ഏലം, കാപ്പി, കവുങ്ങ്, മാവ് തുടങ്ങിയവ വച്ചു പിടിപ്പിച്ച് കൃഷി ഭൂമിയാക്കി മാറ്റിയാണ് കൈയേറ്റം നടക്കുന്നത്.ഞായറാഴ്ചയും  അവധി ദിനങ്ങളും മറയാക്കിയാണ് കൈയേറ്റം. പട്ടയ ഭൂമിയുടെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ചിലര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ഭരണകൂടം മുന്‍പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പ്രദേശത്തു വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഷ്ട്രീയകക്ഷി കുടേയും   ഉന്നത ഉദ്യോഗസ്ഥരും പ്രാദേശിക പാര്‍ട്ടി നേതാക്കളുടേയും ഒത്താശയുമുണ്ട്. പ്രദേശത്തെ മൊട്ടക്കുന്നുകളുടെ ഹരിതഭംഗി ആസ്വദിക്കാന്‍ ദിവസവും  നിരവധി  വിനോദ സഞ്ചാരികളാണ് സത്രത്ത്  എത്തുന്നത്. .പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ മ്ലാവ്, കേഴ, കാട്ടുപന്നി, മുയല്‍, ആന, കാട്ടുപോത്ത് എന്നിവ ഈ പ്രദേശത്ത്  എത്തുക പതിവാണ് രാത്രികാലങ്ങളില്‍ ഈ മേഖലയില്‍ നായാട്ടു നടക്കുന്നതായും വെടിയൊച്ച കേള്‍ക്കുക പതിവാണെന്നും  പ്രദേശവാസികള്‍ പറയുന്നു. റവന്യൂ ഭൂമിയിലെ വന്‍ മരങ്ങളുടെ ചുവട്ടിലെ തൊലി ചെത്തി   നീക്കി മരം ഉണക്കി  നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി സീറോ ലാന്റ് പദ്ധതിയില്‍ സത്രത്ത് സ്ഥലം കണ്ടെത്തിയിരുന്നു.എന്നാലിത് ഭൂമാഫിയ ഇടപെട്ട് അട്ടിമറിച്ചതായാണ് സൂചന ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ സത്രം ക്ഷേത്രത്തത്തിലേക്കുള്ള സമാന്തര പാതയും കടന്നു പോകുന്നതും ഈ പ്രദേശത്ത് കൂടിയാണ്.പെരിയാര്‍ വള്ളക്കടവ് സത്രം റോഡ് പൂര്‍ണ ഗതാഗത യോഗ്യമാവുന്നതോടു കൂടി ടൂറിസം  മാപ്പില്‍ സുപ്രധാനമായ സ്ഥാനമുള്ള പ്രദേശം കൂടിയായി സത്രം മാറും. ജില്ലാ കലക്ടര്‍ സത്രം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കൈയേറ്റക്കാര്‍ക്കെതിരെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss