|    May 29 Mon, 2017 12:21 am
FLASH NEWS

സത്യസരണിയെകുറിച്ച് ഹൈക്കോടതി റിപോര്‍ട്ട് തേടി

Published : 24th August 2016 | Posted By: SMR

കൊച്ചി: ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി മതപഠനത്തിനെത്തിയ പെണ്‍കുട്ടിയെ താമസിപ്പിച്ച മഞ്ചേരിയിലെ സത്യസരണി സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അനധികൃത സ്ഥാപനം മകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് ഹരജിയിലാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പെണ്‍കുട്ടി മതപഠന കോഴ്‌സിനായി താമസിക്കുന്ന സത്യസരണിയുമായി ബന്ധപ്പെട്ടവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ എറണാകുളത്തെ എസ്എന്‍വി സദനം ഹോസ്റ്റലിലേക്ക് അയച്ചു. ഹോസ്റ്റലില്‍ മാതാപിതാക്കള്‍ക്കു പെണ്‍കുട്ടിയുമായി ആശയവിനിമയം നടത്താം. മറ്റാരുമായി ആശയവിനിമയം നടത്താനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. ബിഎച്ച്എംഎസ് ബിരുദധാരിയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
സഹപാഠിയില്‍നിന്നു താന്‍ കേട്ട് പഠിച്ച ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി രണ്ടു മാസത്തെ കോഴ്‌സിനുവേണ്ടി സത്യസരണിയില്‍ എത്തിയെന്നും പഠനം പൂര്‍ത്തിയാക്കി ഇസ്‌ലാംമതം സ്വീകരിച്ചെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. മാതാപിതാക്കളുമായി ആശയവിനിമയം നടത്താന്‍ വിസമ്മതിച്ച പെണ്‍കുട്ടി തനിക്ക് മാതാപിതാക്കളോടൊപ്പം പോവേണ്ടെന്നും അവര്‍ തന്റെ വിശ്വാസത്തിന് എതിരാണെന്നും കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടിക്ക് പാസ്‌പോര്‍ട്ട് ഉണ്ടോയെന്നും പരിശോധിക്കണം. അന്വേഷണ പുരോഗതി അറിയിച്ച് 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണം. ഹരജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. അന്ന് വീണ്ടും പെണ്‍കുട്ടിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച പെണ്‍കുട്ടിക്ക് ഹൈക്കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം അനുസരിച്ചാണ് സത്യസരണിയില്‍ മതപഠന സൗകര്യം നല്‍കിയത്. മറ്റു ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day