|    Jun 20 Wed, 2018 1:09 pm
FLASH NEWS

സത്യസരണിയില്‍ സംഭവിക്കുന്നത്

Published : 25th September 2016 | Posted By: G.A.G

staya-sarani-web

അബ്ദുര്‍റഹ്മാന്‍ ബാഖവി
എണ്‍പതുകളില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടു നിരവധി സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. താന്‍ ജനിച്ചുവളര്‍ന്ന മതത്തില്‍നിന്നു താനിച്ഛിക്കുന്ന മറ്റൊരു മതത്തിലേക്കു സ്വന്തം ഇഷ്ടപ്രകാരം പരിവര്‍ത്തനം നടത്തുക ഏതൊരു ഇന്ത്യന്‍ പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ്. എന്നാല്‍, ഇസ്‌ലാമിലേക്കു കടന്നുവന്ന ചിലര്‍ ദാരുണമായി അക്രമിക്കപ്പെടുകയും വധിക്കപ്പെടുകയുമുണ്ടായി. കോടതിവരാന്തയില്‍വച്ച് ആമിനക്കുട്ടി വധിക്കപ്പെട്ടത് അവയിലൊരു സംഭവം മാത്രം.
സ്വമേധയാ ഇസ്‌ലാമിക വിശ്വാസം സ്വീകരിക്കുന്നവര്‍ക്കു സുരക്ഷിതമായും നിര്‍ഭയമായും ജീവിക്കാനും പഠിക്കാനും അവസരം ഉണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ അവര്‍ക്കു നിയമപരമായ പരിരക്ഷയും ലഭിക്കേണ്ടതുണ്ട്. തീര്‍ത്തും അനിവാര്യമായ സന്ദര്‍ഭത്തിലാണു 1994ല്‍ ഏതാനും ചില ഉദാരമതികളുടെ മുന്‍കൈയ്യില്‍ ഒരു വാടകക്കെട്ടിടത്തില്‍ മഞ്ചേരിയില്‍ സത്യസരണിക്ക് ആരംഭം കുറിക്കുന്നത്. 2008 മുതല്‍ കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ എജ്യുക്കേഷന്‍ കോംപ്ലക്‌സിലേക്ക് അതിന്റെ പ്രവര്‍ത്തനം മാറുകയും, മര്‍കസുല്‍ ഹിദായ എന്ന പേരില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. സത്യസരണി തീര്‍ച്ചയായും ഒരു മതപരിവര്‍ത്തനകേന്ദ്രമല്ല. തദാവശ്യാര്‍ത്ഥം പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം സഭയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയും പ്രവര്‍ത്തിക്കുന്നുണ്ട്. സത്യസരണി മതപഠനകേന്ദ്രം മാത്രമാണ്. ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, കൂടതല്‍ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമുള്ള ഒരു സ്ഥാപനമാണത്.

b1ഇസ്‌ലാമിനെകുറിച്ച് അജ്ഞരായ പരമ്പരാഗത മുസ്‌ലിംകളും ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുകയും പഠനം നടത്തുകയും ചെയ്യുന്നുണ്ട്. വളരെ ശാസ്ത്രീയമായ പഠനക്രമവും പാഠ്യപദ്ധതിയുമാണു സ്ഥാപനം പിന്തുടരുന്നത്. ഇസ്‌ലാമികമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം മറ്റു മേഖലകളിലും പഠന പരിശീലനങ്ങള്‍ നല്‍കുന്നു. വളരെ കുടുസ്സായ ഒരു ബോധമല്ല ഇവിടെ വളര്‍ത്തിയെടുക്കുന്നത്. കലര്‍പ്പില്ലാത്ത ഇസ്‌ലാമിനെ പഠിപ്പിച്ചുകൊടുക്കാനാണു സത്യസരണി ശ്രമിക്കുന്നത്.
സത്യസരണി ട്രസ്റ്റിന്റെ കീഴില്‍ അനേകം സാമൂഹിക-സാംസ്‌കാരിക സംരംഭങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ബോക്‌സ് കളക്ഷന്‍, റമദാന്‍ കളക്ഷന്‍ തുടങ്ങിയവയാണ് ട്രസ്റ്റിന്റെ പ്രധാന വരുമാനസ്രോതസ്സുകള്‍. നിഗൂഢമായാണു സത്യസരണി പ്രവര്‍ത്തിക്കുന്നത് എന്നതു നുണപ്രചരണം മാത്രമാണ്. തങ്ങള്‍ക്കിഷ്ടപ്പെടാത്ത പ്രവര്‍ത്തനത്തെ നിഗൂഢമെന്നും അല്ലാത്തതിനെ സുതാര്യമെന്നും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളും സാമൂഹികദ്രോഹികളും ശ്രമിക്കുകയാണ്.

പ്രവേശനം
വളരെ സുതാര്യമായ രീതിയിലാണു സത്യസരണി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പ്രതിമാസം ശേഖരിക്കുന്നുണ്ട്. മാത്രവുമല്ല, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അവിടെ വരികയും അന്വേഷണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവേശനം നേടാനാഗ്രഹിക്കുന്നവരുടെ പശ്ചാത്തലം വളരെ കൃത്യമായി സ്ഥാപനം അന്വേഷിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍ക്കും സത്യസരണിയില്‍ പ്രവേശനം നല്‍കുകയില്ല. സ്വയം മതം മാറിയതാണെന്ന പ്രഖ്യാപനവും നോട്ടറിയുടെ അഫിഡവിറ്റും മറ്റു രേഖകളും കൈവശമുള്ളവര്‍ക്കു മാത്രമേ സത്യസരണിയില്‍ പ്രവേശനം നല്‍കുകയുള്ളൂ.

സിലബസ്
60 ദിവസംകൊണ്ടു ലളിതമായ രീതിയില്‍ ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും പ്രായോഗികമായി ഇവിടെ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പാരായണത്തിന് ഉതകുന്നവിധം അറബിഭാഷയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭാഗീയതയോ സംഘടനാപരമായ സങ്കുചിതത്വമോ ഇവിടെ പഠിപ്പിക്കുന്നില്ല. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ ഓരോരുത്തര്‍ക്കും പ്രചോദനം നല്‍കുകയാണു സത്യസരണിയിലെ പാഠ്യപദ്ധതി.

 നിര്‍ബന്ധിത മതപരിവര്‍ത്തനം
ഒരാളെ നിര്‍ബന്ധിച്ചുകൊണ്ടോ സമ്മര്‍ദ്ദം ചെലുത്തിയോ അയാളുടെ ആശയത്തില്‍നിന്നും, അല്ലെങ്കില്‍ മതത്തില്‍നിന്നും മാറ്റാന്‍ b2കഴിയുകയില്ല. പണംകൊണ്ടോ സ്വാധീനംകൊണ്ടോ മതം മാറ്റാന്‍ കഴിയുമെന്നത് അര്‍ത്ഥശൂന്യമായ ഒരു വാദമാണ്. തെറ്റായ പ്രചരണമാണ്. ആശയപരമായും സിദ്ധാന്തപരമായും പരാജയപ്പെടുന്നവരുടെ സൃഷ്ടിയാണ് ഈ കുപ്രചരണം.
ഇസ്‌ലാമിന്റെ ആശയങ്ങളെ താത്വികമായി പരാജയപ്പെടുത്താന്‍ മറ്റൊരാശയത്തിനോ മതത്തിനോ കഴിയുകയില്ല. സംവാദത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാവേണ്ടതിനു പകരം ദുശ്ശക്തികള്‍ ദുഷ്പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഇസ്‌ലാംപേടി ഇന്ന് ആഗോളതലത്തില്‍ തന്നെ വ്യാപകമാണ്. ഫാഷിസ്റ്റുകള്‍ മാത്രമല്ല, സെക്യുലരിസ്റ്റുകളും മാധ്യമങ്ങളും ഈ പ്രചാരവേലകള്‍ ഏറ്റെടുത്തിരിക്കുന്നു. നീതിന്യായ സ്ഥാപനങ്ങളെയും അധികാരികളെയും ഈ കള്ളപ്രചാരണങ്ങള്‍ അപകടകരമാംവിധം സ്വാധീനിക്കുന്നുവെന്നതു ഖേദകരമാണ്.
കോടതികള്‍ മതമാറ്റവുമായി ബന്ധപ്പെട്ടു പക്ഷപാതപരമായ നിലപാടുകള്‍ അനുവര്‍ത്തിക്കുന്നവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അന്വേഷണസംഘങ്ങളും കോടതിയും തള്ളിക്കളഞ്ഞതാണ് ലൗജിഹാദെന്ന പ്രചാരണത്തെ. ഫാഷിസ്റ്റ് സഹയത്രികരായ മാധ്യമങ്ങളാണു ലൗജിഹാദ് പ്രചാരണം കൊഴുപ്പിച്ചത്. തങ്ങള്‍ വളരെ ആസൂത്രിതമായി നടത്തിയ പ്രചരണം തകര്‍ന്നപ്പോഴാണു മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ക്കും ആരാധനായലങ്ങള്‍ക്കും നേരെ ഫാഷിസ്റ്റുകള്‍ തിരിഞ്ഞത്. സത്യസരണി ഒരു മതപഠനകേന്ദ്രമാണെന്നു പറഞ്ഞുകഴിഞ്ഞു.
നുണകള്‍ പ്രചരിപ്പിക്കുകയാണു സംഘപരിവാരം. തിരുവനന്തപുരത്തെ സലഫിപള്ളിയുടെ പേരിലുള്ള ആരോപണങ്ങള്‍തന്നെ ഉദാഹരണം. ആ പള്ളി ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. അവിടെ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതിനു വിശദീകരണം നല്‍കേണ്ടതു കേരള സര്‍ക്കാര്‍ തന്നെയാണ്. സലഫി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായ പ്രസ്തുത പള്ളിയില്‍ ദിനേന അഞ്ചുനേരം നമസ്‌കാരവും വെള്ളിയാഴ്ച ജുമുഅയുമാണു നടക്കുന്നത്. മറ്റൊന്നും അവിടെ നടക്കുന്നില്ല. എന്നിട്ടും അതൊരു മതപരിവര്‍ത്തനകേന്ദ്രമായി പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍, ഫാഷിസ്റ്റുകളുടെ കുപ്രചരണങ്ങള്‍ക്കെതിരേ ആരും ശബ്ദിക്കുന്നില്ല. സലഫികള്‍ പോലും സത്യം പറയാന്‍ തയ്യാറാവുന്നില്ല. ആര്‍എസ്എസ്സിനൊപ്പം സഞ്ചരിക്കാനാണ് എല്ലാവരും തത്രപ്പെടുന്നത്. നേതൃത്വം കുറ്റകരമായ അനാസ്ഥയാണു തുടരുന്നതെങ്കില്‍ സമുദായം വലിയ വില കൊടുക്കേണ്ടിവരും.

മഞ്ചേരിയിലെ ചെറുത്തുനില്‍പ്
b3നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നവരാണു മുസ്‌ലിംകള്‍. പക്ഷേ, പോലിസിന്റെയും വിവിധ സേനകളുടെയും പക്ഷപാതപരമായ നയനിലപാടുകള്‍ കണ്ടറിഞ്ഞിട്ടുള്ളവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. അനുഭവങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളാതിരിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍. പോലിസില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ട് അവര്‍ക്കു ബാബരി മസ്ജിദടക്കം അനേകം പള്ളികളും കേന്ദ്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരമൊരു ദുരനുഭവം കേരളത്തിലെങ്കിലുമുണ്ടാവരുത് എന്ന ദൃഢനിശ്ചയമാണ് മഞ്ചേരിയില്‍ ആഗസ്ത് 20നു നടന്ന ചെറുത്തുനില്‍പിനു പ്രേരണയായത്. സംവാദവും ചര്‍ച്ചകളും വിലമതിക്കാത്തവരെ ചെറുത്തുനില്‍പിലൂടെയല്ലാതെ പ്രതിരോധിക്കാനാവില്ല. സരണി കയ്യേറാന്‍ വന്ന കാവിപ്പടയെ ഒരടി മുന്നോട്ടു നീങ്ങാന്‍ മഞ്ചേരിയിലെ മുസ്‌ലിംകള്‍ അനുവദിച്ചില്ല.
ജനങ്ങള്‍ പരമ്പരാഗത മതത്തില്‍നിന്നു ക്രൈസ്തവ മതത്തിലേക്കു കടന്നുവരാറുണ്ട്. ഹിന്ദുത്വര്‍ ഘര്‍വാപസി എന്നു പറഞ്ഞു മതംമാറ്റാറുണ്ട്. എന്നാല്‍, ജനങ്ങള്‍ ഇസ്‌ലാമിലേക്കു കടന്നുവരുമ്പോഴാണു വലിയ കോലാഹലങ്ങളുണ്ടാവുന്നത്. ഇതിനുപിന്നില്‍ ആശയപരവും സിദ്ധാന്തപരവുമായ കാരണങ്ങളുണ്ട്. എത്രയോ പ്രതിബന്ധങ്ങളുണ്ടായിട്ടും പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടിട്ടും ജനങ്ങള്‍ ഇസ്‌ലാമിലേക്കു വരുന്നു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മാനുഷിക മൂല്യങ്ങളും വിമോചന സങ്കല്‍പങ്ങളും ജനങ്ങളെ എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കും. അനീതിക്കെതിരേയുള്ള ഇസ്‌ലാമിന്റെ നിലപാടുകളെന്നും നീതിക്കുവേണ്ടി കൊതിക്കുന്നവരെ സ്വാധീനിച്ചുകൊണ്ടിരിക്കും. ശാശ്വതമായ പരിഹാരം ഇസ്‌ലാമാണെന്നു ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുമ്പോള്‍, ഇസ്‌ലാമാശ്ലേഷിക്കുകയല്ലാതെ ജനങ്ങളെന്തു ചെയ്യാനാണ്? ഇസ്‌ലാമിന്റെ ഈ അജയ്യതയെയാണു സിയോണിസ്റ്റുകളും കുരിശുപടകളും ഹിന്ദുത്വരും പേടിക്കുന്നത്. അതിനാല്‍ ഇസ്‌ലാമിനെതിരില്‍ ഈ സംഘങ്ങളൊക്കെ ഒരുമിച്ചൊന്നായി നിലകൊള്ളുകയാണ്.
ഹൈന്ദവമതത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കാന്‍ അഞ്ചു സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ക്രൈസ്തവരുടെ എല്ലാ ദേവാലയങ്ങളിലും മതപരിവര്‍ത്തനത്തിനുള്ള സംവിധാനമുണ്ട്. ബുദ്ധന്മാര്‍ക്ക് ഒരു സ്ഥാപനമുണ്ട്. മുസ്‌ലിംകള്‍ക്കു രണ്ടു സ്ഥാപനങ്ങളുണ്ട്. എന്നാല്‍, ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം മാത്രമെ ചര്‍ച്ചയാവുന്നുള്ളൂ. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു മതേതര സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം ഈ പ്രവണത വളരെ അപകടകരമാണ്. ഒരാള്‍ക്ക് ഇസ്‌ലാമിലേക്കു കടന്നുവരാന്‍ ഒരു സ്ഥാപനത്തിന്റെയും സഹായമോ മധ്യസ്ഥതയോ ആവശ്യമില്ല. സാക്ഷ്യവചനങ്ങള്‍ ചൊല്ലി പ്രവാചകമാതൃകകളുള്‍ക്കൊണ്ട് ആര്‍ക്കും ഒരു മുസ്‌ലിമായി ജീവിക്കാം. സ്ഥാപനങ്ങളെ ആശ്രയിക്കുന്നതു വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കുവേണ്ടി സര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരുന്നതുകൊണ്ടു മാത്രമാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും വളരെ ഉന്നത സ്ഥാനത്തെത്തിയ ഒരു കാലഘട്ടത്തില്‍ സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം അറിയാനും പഠിക്കാനും നിരവധി സങ്കേതങ്ങളുണ്ട്. ഖുര്‍ആന്‍ പരിഭാഷകളും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിയുന്ന ആധികാരിക ഗ്രന്ഥങ്ങളും ഇന്നെത്രയോ ലഭ്യമാണ്.
peopleരാഷ്ട്രീയ രംഗത്തെ പാര്‍ട്ടി മാറ്റത്തെപോലെതന്നെ മതപരിവര്‍ത്തനത്തെയും കാണണം. ബിജെപിക്കാരും ആര്‍എസ്എസ്സുകാരുംവരെ സിപിഎമ്മിലേക്കു മാറുന്നു. കമ്യൂണിസ്റ്റ് മതത്തിലേക്കുള്ള ഈ മാറ്റം വലിയ ചര്‍ച്ചയല്ല. കോണ്‍ഗ്രസ്സുകാരും ലീഗുകാരും സിപിഎമ്മുകാരും സ്വന്തം ആശയംവിട്ടു മറ്റു പാര്‍ട്ടികളില്‍ ചേരുന്നു. ഒരാള്‍ പാര്‍ട്ടി മാറുന്നുവെന്നതിനര്‍ത്ഥം അയാള്‍ അക്കാലംവരെ പിന്തുടര്‍ന്ന ആശയം മാറുന്നു എന്നതാണ്. ഇതുതന്നെയല്ലേ മതംമാറുമ്പോഴും സംഭവിക്കുന്നത്. ചിലരുടെ രാഷ്ട്രീയ മേധാവിത്വം തകര്‍ന്നു തരിപ്പണമാകുമെന്നോ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നിലകൊള്ളാനുള്ള അവരുടെ അപ്രമാദിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നോ ഒക്കെയുള്ള പേടിയാണു മതപരിവര്‍ത്തനത്തിനെതിരേ കലിതുള്ളാനിവരെ പ്രേരിപ്പിക്കുന്നത്.
സംഘപരിവാരം അധികാരത്തിലെത്തിയതു സത്യാന്വേഷകരെ ഒരിക്കലും ഭയപ്പെടുത്തുകയില്ല. ഇസ്‌ലാമിന്റേതു പ്രതിസന്ധികളിലൂടെ കടന്നുവന്ന പാരമ്പര്യമാണ്. അധികാരംകൊണ്ടോ ഭീഷണികൊണ്ടോ ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ കടന്നുവരവിനെ തടയിടാനായിട്ടില്ല എന്നതു ചരിത്രം. ഫറോവയുടെ കൊട്ടാരത്തിലാണു മൂസ പ്രബോധനത്തിന്റെ ആദ്യഘട്ടം നിര്‍വ്വഹിച്ചത്. നംറൂദിന്റെ കണ്‍മുമ്പില്‍വച്ചാണ് ഇബ്‌റാഹീം ഏകദൈവ സങ്കല്‍പം വിട്ടുവീഴ്ചയില്ലാതെ പ്രബോധനം ചെയ്തത്. ഇസ്‌ലാം അതുല്യമാണ്, അജയ്യമാണ്. അവര്‍ തങ്ങളുടെ വായകൊണ്ട് ആ സത്യപ്രകാശത്തെ ഊതിക്കെടുത്താമെന്ന് ഉദ്ദേശിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ആ പ്രകാശത്തെ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും എന്ന ദൈവിക വചനം പുലര്‍ന്നുകൊണ്ടിയിരിക്കുന്നു.
പ്രബോധനം നിര്‍വഹിക്കാന്‍ ബാധ്യസ്ഥമാണു മുസ്‌ലിം സമൂഹം. എന്നാല്‍, ഇതത്ര ലളിതമല്ല; പ്രയാസങ്ങളും പ്രതിസന്ധികളും ഭീഷണികളും പ്രബോധനത്തിന്റെ മാര്‍ഗത്തിലെ അനിവാര്യതകളാണ്. യാതൊരു പ്രയാസവുമില്ലാതെ കാര്യങ്ങള്‍ നേടണമെന്നൊരു വിചാരം ഇന്നു സമുദായത്തെ സ്വാധീനിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുണ്ടാവുന്നതില്‍നിന്നു ഒളിച്ചോടാന്‍ ഈ വിചാരം അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നാല്‍, തങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്ന ഒരു കാര്യത്തില്‍ ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍ അവരെ കരിവാരിത്തേക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇസ്‌ലാമിനെ കൊണ്ടുവരും. ഒഴുക്കിനൊപ്പം നീന്താനാണു പലപ്പോഴും നേതാക്കന്മാര്‍ ആഗ്രഹിക്കുന്നത്. ഇതു സമുദായത്തെ ആപത്തിലേക്കാണു നയിക്കുക.
പതിനേഴോ പതിനെട്ടോ പേര്‍ കേരളം വിട്ടുവെന്നതിന്റെ പശ്ചാത്തലത്തിലാണു മതസ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. രാജ്യം വിട്ടവര്‍ ഏതെങ്കിലും തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനു സത്യസന്ധമായ തെളിവുകളില്ല. ഇന്ത്യയില്‍ പതിനെട്ടുകോടി മുസ്‌ലിംകളുണ്ട്. പതിനേഴുപേര്‍ രാജ്യം വിട്ടതിന്റെ പേരില്‍ മുസ്‌ലിംകള്‍ ചെയ്യുന്നതൊക്കെയും തെറ്റാണെന്നു സമര്‍ത്ഥിക്കാനെങ്ങനെ കഴിയും? ഇന്നു ഭീകരതക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നു പറയുന്നവര്‍ ആരാണ്? ഭീകരതക്കെതിരേയുള്ള യുദ്ധത്തിന്റെ ഗുണഭോക്താക്കളാരാണ്? ഇങ്ങനെയുള്ള ചിന്തയും ബോധവും ഇല്ലെങ്കില്‍ നാം കുപ്രചരണങ്ങള്‍ക്കടിമപ്പെടും.
ഇന്നു മുസ്‌ലിംകളില്‍തന്നെ പലരും അമൃതാനന്ദമയിയുടെ അനുയായികളായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കിടയില്‍ സത്യസായിബാബയുടെ സംഘത്തിലുള്ളവരുണ്ട്. ക്രിസ്തുമതത്തിലേക്ക് അവര്‍ മതം മാറാറുണ്ട്. ഇതൊന്നും പ്രശ്‌നമാക്കാത്തവര്‍ അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങള്‍ പറഞ്ഞു മുസ്‌ലിം സമുദായത്തെ അന്യവല്‍ക്കരിക്കുന്നത് ആപല്‍ക്കരമാണ്.
ഇന്നിപ്പോള്‍ മുസ്‌ലിംകള്‍ വെട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാകിര്‍ നായിക്കിനെപോലുള്ളവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. മതപ്രബോധനത്തെ ഭീകരതയായി ചിത്രീകരിക്കുന്നവര്‍ നാളെ നമസ്‌കാരവും വ്രതവും ഹജ്ജും അതിന്റെ ചിഹ്നങ്ങളായി പ്രചരിപ്പിച്ചേക്കും. മുസ്‌ലിംകള്‍ ഈ അപകടങ്ങള്‍ തിരിച്ചറിയണം. ദിനേന നിരവധി അബ്ദുന്നാസിര്‍മാരാണു ജയിലിലടക്കപ്പെടുന്നത്. ഒരു കാരണവും കൂടാതെ മുസ്‌ലിംകളുടെ മേല്‍ പിണറായിയുടെ കാലത്തും യുഎപിഎ ചാര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈ ഗൂഢനീക്കം ചെറുക്കപ്പെടണം. അതിനായി സമൂഹം ഐക്യപ്പെടണം. അല്ലെങ്കില്‍ മില്ലര്‍ പറഞ്ഞതുപോലെ അക്രമികള്‍ നമ്മെത്തേടിയെത്തുമ്പോള്‍ സംരക്ഷത്തിന് എനിക്കാരുമില്ലേ എന്നു വിലപിക്കേണ്ടിവരുന്ന ദുര്‍ഗതിയാണ് ഓരോ മുസ്‌ലിമിനും വന്നുചേരുക.

സത്യസരണി എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ
ചെയര്‍മാനാണ് ലേഖകന്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss