|    Jan 17 Tue, 2017 10:29 am
FLASH NEWS

സത്യസരണിയില്‍ നിര്‍ബന്ധിത മതംമാറ്റമില്ലെന്ന് പോലിസ്

Published : 6th October 2016 | Posted By: SMR

കൊച്ചി: മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പോലിസ്. ഇതുസംബന്ധിച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനും സംഘവും നടത്തിയ അന്വേഷണ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മകളെ ഐഎസില്‍ ചേര്‍ക്കാനായി മതം മാറ്റുന്നുവെന്ന് ആരോപിച്ച് വൈക്കം സ്വദേശിനിയുടെ പിതാവ് നല്‍കിയ ഹേബിയസ് ഹരജിയിലാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് സത്യസരണിയെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.
മഞ്ചേരിയിലെ സത്യസരണി ഒരു ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 1.30 ഏക്കര്‍ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളുണ്ട്. 22 ജീവനക്കാരെ കൂടാതെ 52 പേരുള്ള സ്ഥാപനത്തില്‍ 16 ക്രൈസ്തവരും 28 ഹിന്ദുക്കളും എട്ട് മുസ്‌ലിംകളുമാണ് ഇസ്‌ലാമിനെ കുറിച്ച് പഠനം നടത്തുന്നത്. കൃത്യമായ രജിസ്റ്ററും അക്കൗണ്ടും അധ്യാപകരും പാചകക്കാരും അടങ്ങുന്ന സ്ഥാപനമാണിത്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ എത്തുന്നവര്‍ക്കു വേണ്ടി 55 ദിവസം താമസിച്ചു പഠിക്കാവുന്ന ക്ലാസ് ഇവിടെ നടത്തുന്നുണ്ട്. സ്ത്രീകളെയും പുരുഷന്‍മാരെയും പ്രത്യേകമായാണ് പാര്‍പ്പിക്കുന്നതെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.
ഹരജിയുമായി ബന്ധപ്പെട്ട പെണ്‍കുട്ടി സ്വയം ഇസ്‌ലാമില്‍ ആകൃഷ്ടയായാണ് ഇവിടെ എത്തിയത്. സേലത്ത് പഠനത്തിനെത്തിയപ്പോള്‍ കൂടെ താമസിച്ച മുസ്‌ലിം പെണ്‍കുട്ടിയില്‍ നിന്നാണ് ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചത്. മരണശേഷം നരകത്തില്‍ പോകുന്നതില്‍ നിന്നു രക്ഷ നേടാനുള്ള ഏകമാര്‍ഗം ഇസ്‌ലാമാണെന്നു വിശ്വസിക്കുന്നതായും താന്‍ സ്വര്‍ഗം ആഗ്രഹിക്കുന്നു എന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്നും പോലിസ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടി ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല. പെണ്‍കുട്ടി പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ആഗ്രഹമനുസരിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കി.
ബിഎച്ച്എംഎസ് ബിരുദധാരിണിയായ മകളെ ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു കടത്തിക്കൊണ്ടുപോകുമെന്ന് ആരോപിച്ചാണ് പിതാവ് ഹരജി നല്‍കിയത്. മാതാപിതാക്കള്‍ തന്റെ വിശ്വാസത്തിന് എതിരാണെന്നും തനിക്ക് ഐഎസില്‍ ചേരാനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ താല്‍പര്യമില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,879 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക