|    Nov 18 Sun, 2018 9:20 am
FLASH NEWS

സത്യഭാമയുടെ ദുരൂഹ മരണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കള്‍

Published : 16th June 2017 | Posted By: fsq

 

ആലുവ: സത്യഭാമയുടെ  ദുരൂഹത മരണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. മരിച്ചിട്ട് മൂന്ന് വര്‍ഷം തികഞ്ഞിട്ടും സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. എടത്തല എന്‍എഡി കിഴക്കേ ഗേറ്റ് മോഹനചന്ദ്രന്റെ ഭാര്യ സത്യഭാമ (50)യുടെ മൃതദേഹം  2014 ജൂലൈ 14ന് എടത്തല മുതിരകാട് മുകളിനു സമീപമുള്ള ചാലക്കുഴിത്താഴം തോട്ടിലാണ് കണ്ടെത്തിയത്. തൊട്ടു തലേ ദിവസമാണ് സത്യഭാമയെ കാണാതാവുന്നത്. മരണം കൊലപാതമാണെന്ന് ആരോപിച്ച് ബന്ധുകള്‍ അപ്പോള്‍ തന്നെ പോലിസിനെ സമീപിച്ചിരുന്നു. അന്വേഷണം ഉര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് അധികം താമസിയാതെ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 2015 ഒക്ടോബര്‍ ഒന്നിന് ക്രൈം ബ്രാഞ്ച് പ്രദേശത്ത് വന്ന് അന്വേഷണം നടത്തി. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു മോഹനചന്ദ്രന്‍. ദമ്പതികള്‍ക്ക് നയന, നമിത എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഉള്ളത്. നയനയുടെ വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് രതീഷിനോടൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. ജൂലൈ 13ന് ആലുവയിലേക്ക് പോയ സത്യഭാമ തിരികെ കുഞ്ചാട്ടുകരയിലെത്തിയിരുന്നു. ജങ്ഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് വീടിലെത്തുക. ഇടക്കുള്ള വലിയ തോടിലെ പാലം മുറിച്ച് കടന്ന് വേണം വീട്ടിലെത്താന്‍. പിറ്റേന്ന് മൃതദേഹം കണ്ടെത്തുന്നതും ഈ തോട്ടില്‍ നിന്നാണ്. എന്നാല്‍, വലിയ തോട് മുറിച്ച് കടന്ന് അടുത്തുള്ള വീടുകളില്‍ സത്യഭാമ കയറിയെന്ന് ആ വീട്ടുകാര്‍ പറയുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയിലുള്ള രണ്ടരയടി വീതിയുള്ള ചെറിയ കൈതോടും സത്യഭാമ മുറിച്ചു കടക്കുന്നവര്‍ കണ്ടവരുണ്ട്. എന്നാല്‍,  രാത്രി വൈകിയും സത്യഭാമ വീട്ടിലെത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് രാവിലെ ഒന്‍പത് മണിയോടെ സത്യഭാമയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു.മരണത്തെ തുടര്‍ന്ന് ബന്ധുക്കളും, സുഹൃത്തുകളും നടത്തിയ അന്വേഷണമാണ് മരണത്തിന്  പിന്നിലെ ദുരൂഹമായ സാഹചര്യങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യം ശക്തമാക്കിയത്. മൃതദേഹത്തിന്റെ വലതു വശം കണ്ണിനു മുകളിലും, താഴെയുമായി ആഴത്തിലുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രക്തം കട്ടപിടിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. മരണം നടന്നിട്ട് അധികം സമയമായിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശേഷം  തോടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്കോട്ട് ഒഴുകി വന്ന നിലയില്‍ സത്യഭാമയുടെ ഹാന്‍ഡ് ബാഗ് കണ്ടെത്തുകയും ചെയ്തു. അതിനകത്ത് ഉണ്ടായിരുന്ന പണവും, ആഭരണവും സൂക്ഷിച്ച ചെറിയ മണി പേഴ്‌സ് നഷ്ടപ്പെട്ട നിലയിലായിരുന്നു. പിറ്റേന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പേഴ്‌സ് ലഭിച്ചത്. എന്നാല്‍ അതിനുള്ളിലെ പണവും ആഭരണവും നഷ്ടമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss