|    Sep 24 Sun, 2017 10:22 am
FLASH NEWS

സത്യപ്രതിജ്ഞ; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

Published : 6th November 2015 | Posted By: SMR

കാസര്‍കോട്: ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ മാസം 31നും ഇന്നലെയും അവസാനിച്ച സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും 12 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.
ജില്ലയില്‍ ഭരണ സമിതിയുടെ കാലാവധി 11 വരെ പൂര്‍ത്തിയാക്കാത്ത പൈവളിഗെ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ഡിസംബര്‍ ഒന്നിനാണ് സത്യ പ്രതിജ്ഞ ചെയ്യേണ്ടത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്, നഗരസഭ കൗണ്‍സിലിന്റേയും കാര്യത്തില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് ബന്ധപ്പെട്ട വരണാധികാരിയാണ്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെ നാമ നിര്‍ദേശം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് ആ അംഗത്തോട് നിശ്ചയിക്കപ്പെട്ട തിയ്യതികളില്‍ പ്രതിജ്ഞയെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാവാന്‍ രേഖാമൂലം നിര്‍ദേശിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ കൗണ്‍സിലുകള്‍ എന്നിവയില്‍ 12ന് രാവിലെ 10നാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കേണ്ടത്. സത്യ പ്രതിജ്ഞ ചടങ്ങുകള്‍ക്ക് പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍മാരും (ജനറല്‍), നഗര സഭാതലത്തില്‍ അതാത് സെക്രട്ടറിമാരും ജില്ലാ പഞ്ചായത്ത് തലത്തില്‍ ജില്ലാ കലക്ടര്‍മാരുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പിന്നീട് നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക