|    Jun 24 Sun, 2018 6:39 am
FLASH NEWS
Home   >  Sports  >  Cricket  >  

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പൂനെ സൂപ്പര്‍ ജയന്റിന് 12 റണ്‍സ് ജയം

Published : 6th May 2017 | Posted By: ev sports

 


ജയദേവ് ഉനദ്ഗട്ടിന് ഹാട്രിക്കടക്കം അഞ്ച് വിക്കറ്റ്, കളിയിലെ താരം
സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ പൂനെ തകര്‍ത്തത് 12 റണ്‍സിന്

ഹൈദരാബാദ്: സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റൈസിങ് പൂനെ സൂപ്പര്‍ജയന്റിന് തകര്‍പ്പന്‍ ജയം. ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മല്‍സരത്തില്‍ 12 റണ്‍സിനാണ് പൂനെ വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ ഹൈദരാബാദ് പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 136 എന്ന നിലയില്‍ അവസാനിച്ചു. ഹാട്രിക്കടക്കം അഞ്ച് വിക്കറ്റ് നേടിയ ജയദേവ് ഉനദ്ഗട്ടിന്റെ ബൗളിങ് പ്രകടനമാണ് ഹൈദരാബാദിന്റെ വിജയ പ്രതീക്ഷകളെ എരിച്ചുകളഞ്ഞത്. ജയത്തോടെ 12 മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുകളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി പൂനെ രണ്ടാം സ്ഥാനത്തെത്തി. 13 പോയിന്റുകളുമായി ഹൈദരാബാദ് നാലാം സ്ഥാനത്താണ്.
149 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പൂനെ ബൗളര്‍മാര്‍ നല്‍കിയത്. അനായാസം വിജയം പിടിച്ചടക്കാമെന്ന് സ്വപ്‌നം കണ്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം തന്നെ ലഭിച്ചു. അടിച്ച് തകര്‍ത്ത തുടങ്ങുന്ന ഡേവിഡ് വാര്‍ണര്‍ ശ്രദ്ധയോടെ ബാറ്റ് വീശി തുടങ്ങിടപ്പോള്‍ മരുവശത്ത് ശിഖാര്‍ ധവാന്‍ വെടിക്കെട്ടോടെ തുടങ്ങി. 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും പറത്തി 19 റണ്‍സുമായി കത്തിക്കയറിയ ധവാനെ ബെന്‍ സ്റ്റോക്‌സ് മടക്കിയപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 4.1 ഓവറില്‍ 1 വിക്കറ്റിന് 25 റണ്‍സെന്ന നിലയിലായിരുന്നു. ഇതേ ഓവറില്‍ തന്നെ സൂപ്പര്‍ താരം കെയ്ന്‍ വില്യംസനേയും(4) സ്‌റ്റോക്‌സ് മടക്കിയതോടെ ഹൈദരാബാദ് സമ്മര്‍ദത്തിലായി. എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ഡേവിഡ് വാര്‍ണറും യുവരാജ് സിങും ഹൈദരാബാദിന് പ്രതീക്ഷ നല്‍കി. മൂന്നാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി വാര്‍ണറും യുവരാജും ഹൈദരാബാദിന് അനായാസ ജയം സമ്മാനിക്കുമെന്ന് തോന്നിക്കവെ കൂട്ടുകെട്ട് പൊളിച്ച് സ്റ്റോക്‌സ് എത്തി. 34 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം 40 റണ്‍സെടുത്ത വാര്‍ണര്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് 12.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 83 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ മധ്യ നിരയില്‍ മോയിസസ് ഹെന്റിക്വസ്(4) പെട്ടെന്ന് മടങ്ങി. വിജയ പ്രതീക്ഷ നല്‍കി 43 പന്തില്‍ 47 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്ത യുവരാജിനേയും നമാന്‍ ഓജയേയും(9) ജയദേവ് ഉനദ്ഗട്ട് ഒരേ ഓവറില്‍ മടക്കിയതോടെ ഹൈദരാബാദ് സമ്മര്‍ദത്തിലായി. 13 ജയിക്കാന്‍ വേണ്ടിയിരുന്ന അവസാന ഓവറില്‍ ബിപുല്‍ ശര്‍മ(8), റാഷിദ് ഖാന്‍(3), ഭുവനേശ്വര്‍ കുമാര്‍(0) എന്നിവരെ തുടര്‍ച്ചയായി മടക്കി ഹാട്രിക്കുമായി ഉനദ്്ഗട്ട് കരുത്തുകാട്ടിയപ്പോള്‍ വിജയത്തിന് 12 റണ്‍സകലെ ഹൈദരാബാദ് മുട്ടുമടക്കി. പൂനെയ്ക്ക് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് മൂന്ന് വിക്കറ്റും ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റിങ് മികവിലാണ് പൂനെ 148 എന്ന സ്‌കോര്‍ കണ്ടെത്തിയത്. സ്‌റ്റോക്‌സ് 39 റണ്‍സുമായി പൂനെയുടെ ടോപ് സ്‌കോററായപ്പോള്‍ എംഎസ് ധോണി(31) സ്റ്റീവ് സ്മിത്ത്(34) അജിന്‍ക്യ രഹാനെ(22) എന്നിവരും തിളങ്ങി. സിദ്ധാര്‍ത്ഥ് കൗലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പൂനെയെ 148 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയദേവ് ഉനദ്ഗട്ടാണ് മാന്‍ ഓഫ് ദി മാച്ച്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss