|    Feb 22 Wed, 2017 11:54 pm
FLASH NEWS

സഞ്ചാരികള്‍ക്കു സൗകര്യം ഒരുക്കാതെ പാപനാശം തീരം

Published : 24th October 2016 | Posted By: SMR

വര്‍ക്കല: വീണ്ടുമൊരു ടൂറിസം സീസണ്‍ പടിവാതില്‍ക്കല്‍ എത്തിയിട്ടും പാപനാശം തീരം പഴയപടി തന്നെ. അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള മുന്നൊരുക്കങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇന്ത്യയിലെ മികച്ച കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നാലാം സ്ഥാനമാണ് പാപനാശത്തിനുള്ളത്. അടുത്ത മാസം പകുതിയോടെ സീസണ്‍ ആരംഭിക്കാനിരിക്കെ ചില സ്വകാര്യ റിസോര്‍ട്ടുകളും വ്യാപാര കേന്ദ്രങ്ങളും നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് മോടി പിടിപ്പിക്കുന്നതല്ലാതെ ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നു യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. തീരത്തെ സുരക്ഷാ ക്രമീകരണങ്ങളും പഴുതടച്ച നിലയിലല്ല. നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ നിലവില്‍ രണ്ട് പോലിസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈഫ് ഗാര്‍ഡുകളുടെ സേവനവും കാര്യക്ഷമമല്ല. കഴിഞ്ഞവര്‍ഷം ഏകദേശം 266 പേരാണ് തീരക്കടലില്‍ തിരയില്‍പ്പെട്ടത്. എന്നാ ല്‍, നിലവില്‍ ഇവിടെയുള്ളത് 16 ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ്. ഇവരുടെ അംഗസംഖ്യ കൂട്ടണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയിരിക്കുന്ന എട്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. തീരത്തെ പൊതു ടോയ്‌ലറ്റ് പലപ്പോഴും അടഞ്ഞ നിലയിലാണ്. പകരം ഇ ടോയ്‌ലറ്റ് നിര്‍മിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും ഫലവത്തായില്ല. ദുരന്ത നിവാരണ സംവിധാനവും കുറ്റമറ്റ നിലയില്‍ തീരം കേന്ദ്രീകരിച്ച് കാര്യക്ഷമമാക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ പാപനാശം തീരത്തുണ്ടായ തീപ്പിടിത്തത്തില്‍ തിബറ്റന്‍ മാര്‍ക്കറ്റ് പൂര്‍ണമായും നശിച്ചിരുന്നു. 2002ലും 2013ലും തീരത്ത് തീപ്പിടിത്തം സംഭവിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് കടന്നുപോകാ ന്‍ കഴിയാത്തവിധം അനധികൃത ഷെഡ്ഡുകള്‍ കെട്ടിയാണ് കച്ചവടം നടത്തുന്നത്. അഗ്നിബാധ തടയുന്നതിന്റെ ഭാഗമായി ഫയര്‍ ഹൈഡ്രെന്റ് വേണമെന്ന ആവശ്യവും നാളിതുവരെ നടപ്പാക്കിയിട്ടില്ല. പാപനാശം ഹെലിപ്പാഡില്‍ സുരക്ഷാ വേലികള്‍ തകര്‍ന്നതും ആശങ്കയുളവാക്കുന്നുണ്ട്. ഹെലിപ്പാഡ് മുതല്‍ തിരുവമ്പാടി വരെയുള്ള ഭാഗങ്ങളില്‍ സുരക്ഷാ വേലി പുനക്രമീകരിക്കേണ്ടതുണ്ട്. സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് ടൂറിസം പ്ലാസ, തുടങ്ങിയ പദ്ധതികള്‍ പലതും ആവിഷ്‌കരിച്ചെങ്കിലും അധികൃതരുടെ അലംഭാവം കാരണം തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക