|    Aug 19 Sat, 2017 1:22 am
FLASH NEWS

സഞ്ചാരികളെ മാടി വിളിച്ച് കല്ലേറുമൂല വെള്ളച്ചാട്ടം

Published : 7th August 2017 | Posted By: fsq

 

ബദിയടുക്ക: മഴ യാത്രികാരുടെ മനംകവരാന്‍ ബെള്ളുര്‍ പഞ്ചായത്തില്‍ കല്ലേറുമൂല വെള്ളച്ചാട്ടവും കോടമഞ്ഞില്‍ മൂടുന്ന മിന്‍ചി പദവും ചിപ്പറമ്പും മലനിരകളുടെ  കാഴ്ചയും. ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് ഇടത്തോട്ട് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന മിന്‍ചി പദവ് മണ്‍സൂന്‍ കാഴ്ചയുടെ ആപൂര്‍വ ആനന്ദമാണ് സമ്മാനിക്കുന്നത്. കിന്നിംഗാര്‍, വാണിനഗര്‍, സ്വര്‍ഗ്ഗ മല നിരകള്‍ ഒന്നിന് പിറകെ ഒന്നായി നിരന്നു നില്‍ക്കുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം താഴ്‌വരയിലേക്ക് പെയ്തിറങ്ങുന്ന മഴ സഞ്ചാരികള്‍ക്ക് മനം കുളിര്‍ക്കുന്ന കാഴ്ച തന്നെയായിരിക്കും.  ഇതിന് സമീപം തന്നെയാണ് കല്ലേറ് മൂല വെള്ളച്ചാട്ടവും. കല്ലേറു മൂല മഹാ വിഷ്ണു ക്ഷേത്രത്തിന് സമീപത്ത് കൂടിയുള്ള പാതയിലൂടെ നടന്നാല്‍ ഈ അതിര്‍ത്തി പ്രദേശത്ത് മാത്രം പ്രസിദ്ധമായ കല്ലേറുമല വെള്ളച്ചട്ടത്തിലേക്ക് എത്താം. അമ്പത് മീറ്റര്‍ ഉയരത്തില്‍ നിന്ന് കരിങ്കല്‍ പാറകളില്‍ വീഴുന്ന വെള്ളച്ചാട്ടം ഒരു വിസ്മയ കാഴ്ച തന്നെയാണ്. മണ്‍സൂന്‍ കാല സഞ്ചാരികലുടെ പ്രധാന വിനോദ സഞ്ചാ കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ കാഴ്ചക്കാരായി ഇവിടെ എത്തുന്നത്. സ്‌കൂള്‍ കുട്ടികളുടെ പ്രകൃതി യാത്രക്കും ഇവിടെ എത്താറുണ്ട്. കുന്നിന്‍ മുകളിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കല്‍ക്ക പ്രദേശത്തുള്ള കശുമാവിന്‍ തോട്ടത്തിലുള്ള തോടില്‍ നിന്നാണ് ജലം അമ്പത് മീറ്ററോളം താഴേക്ക് പതിക്കുന്നത്. മുകളില്‍ വള്ളികള്‍ നിറഞ്ഞ കാട് ആയതിനാല്‍ ചെടികളില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നതായും തോന്നും. കവുങ്ങ്, തെങ്ങ് തോപ്പിന് നടുവില്‍ നിന്നുള്ള വെള്ളച്ചാട്ട കാഴ്ചകളും അതി മനോഹരമാണ്. ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ലില്‍ നിന്നും കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയില്‍ നിന്നും രണ്ടു കി.മീ. സഞ്ചരിച്ചാല്‍ ചിപ്പറമ്പില്‍ എത്താം. അതിര്‍ത്തി വനനിരകള്‍ തൊട്ട് മുള്ളേരിയ, കുംബഡാജെ വരെയുള്ള വശ്യതയാര്‍ന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാം. മഴയും കാറ്റും ആസ്വദിക്കാന്‍ വഴി യാത്രക്കാരെ മാടി വിളിക്കുകയാണ് ഇക്കോ ടുറിസ്റ്റ് കേന്ദ്രമായ ബെള്ളൂര്‍ പഞ്ചായത്തിലെ മിന്‍ചിപദവും ചിപ്പറമ്പും കല്ലേറു മലയും. എല്ലായിടത്തേക്കും റോഡ് സൗകര്യം ഉണ്ടെങ്കിലും വാഹന സൗകര്യം കുറവാണ്. മഴയുടെ സൗന്ദര്യഭാവം ആസ്വദിക്കാന്‍ പറ്റിയ ഈ പ്രദേശം ജില്ലാ ടൂറിസ്റ്റ് ഭൂപടത്തില്‍പോലും ഇടംപിടിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക