|    Jul 17 Tue, 2018 10:03 am
FLASH NEWS

സഞ്ചാരികളെ മാടിവിളിച്ച് പൊയിലൂരിലെ സപ്തമലകള്‍

Published : 25th September 2017 | Posted By: fsq

 

പാനൂര്‍: മനോഹരമായ സപ്തമലകളും പ്രകൃതിരമണീയമായ അതിന്റെ താഴ്‌വരകളും കണ്ണഞ്ചിപ്പിച്ച കാനനഭംഗിയും കൊണ്ട് വിനോദസഞ്ചാരികളുടെ പറുദീസയാവാന്‍ തലയെടുപ്പോടെ കാത്തുനില്‍ക്കുകയാണ് പൊയിലൂര്‍ ഗ്രാമം. തൃപങ്ങോട്ടൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയായ ഇവിടെ ഏഴു മലനിരകളാണ് സംഗമിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരവും രണ്ടായിരത്തിലധികം ഏക്കര്‍ വിസ്തൃതിയുമുള്ള മലനിരകള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശം. എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതു കാണാതെപോവുന്നത് അവഗണനയാണെന്നാണ് നാട്ടുകാരുടെ പക്ഷം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ അതിരിടുന്ന പാനൂരിന്റെ കിഴക്കന്‍ മലനിരകളാണിവ. പാത്തിക്കല്‍ മലയില്‍ തുടങ്ങി വാഴമല വരെ ഏഴുമലകള്‍. പാത്തിക്കല്‍ മല, കൊളുത്തായി മല, ആനപ്പാറ, നരിക്കോട് മല, പന്ന്യന്‍കാവ്, കുട്ടിക്കൊളുത്തുവായി, വാഴമല. പുത്തൂര്‍പുഴയുടെ ഒറ്റക്കൈതക്കുളം മോഹനഗിരിയുടെ താഴ്‌വരയില്‍നിന്നും കല്ലിക്കണ്ടി പുഴ വാഴമലയിലെ ആയിരം തണ്ണിയില്‍നിന്നുമാണ് ഉദ്ഭവിക്കുന്നത്.പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന തലക്കല്‍ ചന്തുവിന്റെയും അനുചരന്മാരുടെയും പിന്‍മുറക്കാരായ കുറിച്യരും പണിയരുമടങ്ങുന്ന ഹരിജനങ്ങളുടെ ആവാസകേന്ദ്രമാണ് ഈ മല നിരകള്‍. കണ്ണെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന വയലുകളും മലനിരകളും പാറക്കെട്ടിലെ വെള്ളച്ചാട്ടങ്ങളും പൊയിലൂര്‍ പള്ളിമിനാരവും മുത്തപ്പന്‍ മഠപ്പുരയും കോഴിക്കോട് വളയത്തെ ബിഎസ്എഫ് കേന്ദ്രവും മലമുകളില്‍നിന്നുള്ള സുന്ദരമായ കാഴ്ചകളാണ്. മറ്റൊരു കൗതുകക്കാഴ്ചയാണ് വാഴമലയിലെ വിമാനപ്പാറ. ഉയരമുള്ള പാറക്കെട്ടുകള്‍ക്ക് ഇടയിലേക്ക് സഞ്ചാരികള്‍ക്ക് എത്തിപ്പെടണമെങ്കില്‍ സാഹസികത വേണം. പൊയിലൂര്‍, ചെറുപ്പറമ്പ് എന്നിവിടങ്ങളില്‍നിന്ന് 12 കിലോ മീറ്ററും ചെറുവാഞ്ചേരിയില്‍നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശികള്‍ അടക്കമുള്ള സഞ്ചാരികളുടെ പ്രധാനകേന്ദ്രമായി മാറ്റാനാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss