|    Jul 22 Sun, 2018 6:20 am
FLASH NEWS

സഞ്ചാരികളെ മാടിവിളിച്ച് മതികെട്ടാന്‍ ചോലയും പശ്ചിമഘട്ടവും

Published : 14th September 2017 | Posted By: fsq

 

ഷാനവാസ് കാരിമറ്റം

അടിമാലി: പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നൊരുക്കി മതികെട്ടാന്‍ ചോല സഞ്ചാരികളെ മാടിവിളിക്കുകയാണ്. ഇടുക്കി ജില്ലയില്‍ മൂന്നാര്‍ തേക്കടി റൂട്ടില്‍ ശാന്തമ്പാറയ്ക്കു സമീപം പേത്തൊട്ടിയിലാണ് 1280 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയ ഉദ്യാനം. 2002 ഡിസംബര്‍ 17നാണ് മതികെട്ടാന്‍ ചോലയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. പശ്ചിമഘട്ട മലനിരയിലെ പ്രധാന വനമേഖലയായിരുന്ന മതികെട്ടാനില്‍ ഉണ്ടായിരുന്ന കുടിയേറ്റക്കാരെ ഒഴിപ്പിച്ചാണ് മതികെട്ടാന്‍ ചോല തിരിച്ചുപിടിച്ചത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മതികെട്ടാന്‍ മലനിരയിലെ കുടിയേറ്റവും ഇതുവഴിയുണ്ടായ ഏലം കൃഷിയും മൂലം വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുകയും തുടര്‍ന്നുണ്ടായ കാലാവസ്ഥ വ്യതിയാനം വന്യമൃഗങ്ങളുടെ പലായനത്തിന് വഴിയൊരുക്കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കുടിയേറ്റക്കാരെ ഒഴിപ്പിച്ചത്. 1500 മീറ്റര്‍ ഉയരത്തിലുള്ള മതികെട്ടാനില്‍ ഇന്ന് തണുപ്പ് കൂടിയ തനത് കാലാവസ്ഥ തിരിച്ചെത്തിയിരിക്കുകയാണ്. വനത്തില്‍ നിന്ന് ആരംഭിക്കുന്ന പന്നിയാര്‍ പുഴ സംരക്ഷിത വനമേഖലയായതിനു ശേഷം ഇതുവരെ വറ്റിയിട്ടില്ല. ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ ഇന്ന് മറ്റൊരു കാഴ്ച്ചയാണ്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സഞ്ചാരികളുടെ വരവു വര്‍ധിച്ചിട്ടുണ്ട്. എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് അധികൃതര്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രക്കിങ്, വനത്തിനുള്ളിലെ താമസം എന്നിവ നിലവില്‍ അവിസ്മരണീയമായ അനുഭവങ്ങളാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു നല്‍കുന്നത്. 150 രൂപ മുടക്കിയാല്‍ ദേശീയ ഉദ്യാനത്തിലെ അമിനിറ്റി സെന്ററില്‍ താമസ സൗകര്യവും ലഭ്യമാണ്. പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ച ലോഗ് ഹൗസില്‍ താമസിക്കുന്നതിന് മൂവായിരം രൂപയാണ് വാടക. ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ അടക്കം പത്തോളം ട്രക്കേഴ്‌സിന്റെ സഹായത്തോടെയാണ് ഇവിടെ ട്രക്കിങ് നടത്തുന്നത്. തമിഴ്‌നാട്ടിലെ ഖുറാങ്ങിണി വനമേഖലയിലൂടെയും ബോഡി, തേനി മേഖലയുടേയും വിദൂരദൃശ്യം മതികെട്ടാന്‍ ചോലക്കുള്ളിലെ കാറ്റുമലയില്‍ നിന്നാല്‍ മറവില്ലാതെ കണ്ട് ആസ്വദിക്കാം. ആനയിറങ്കല്‍ ജലാശയത്തിന്റെ വിദൂര ഭംഗിയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. നൂറിലധികം ഔഷധ സസ്യങ്ങളുടെ ഈറ്റില്ലമായ മതികെട്ടാനില്‍ ജുറാസിക്ക് കാലഘട്ടത്തിലെ സസ്യവര്‍ഗമായ ഫയാന്‍ തിക്രാ ജയാന്‍ ഡിക്കാ മരങ്ങള്‍ ധാരാളമുണ്ട്. പത്തിലധികം തായ് തണ്ടുകളുള്ള ചിലന്തി മരവും വനാന്തരത്തിലെ വിസ്മയ കാഴ്ച്ചയാണ്. പ്രാദേശിക ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി വനംവകുപ്പ് ആരംഭിച്ച ഇക്കോ ടൂറിസത്തെയും മതികെട്ടാന്‍ ചോലയ്ക്ക് വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിക്കൊടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം വി ബെന്നിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സഞ്ചാരികള്‍ക്ക് സകല സൗകര്യങ്ങളും ഒരുക്കി ഇക്കോ ടൂറിസം പദ്ധതിയെ വിജയത്തില്‍ എത്തിച്ചിരിക്കുകയാണ്. 223 രൂപയാണ് വനത്തിലുള്ളിലെ ട്രക്കിങിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ഇതില്‍ 200 രൂപ ഇക്കോ ഡവലപ്പ്‌മെന്റ് പദ്ധതിക്കും 23 രൂപ സര്‍ക്കാരിനും ഉള്ളതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ വരുമാനം നേടാനും ഇന്ന് മതികെട്ടാനിലെ ഇക്കോ ടൂറിസം പദ്ധതിക്ക് കഴിഞ്ഞു എന്നുവേണം പറയാന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss