|    Oct 15 Mon, 2018 12:59 pm
FLASH NEWS

സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു; റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യാതെ അധികൃതര്‍

Published : 7th September 2017 | Posted By: fsq

 

മൂന്നാര്‍: സീസണ് തുടക്കമായതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചെങ്കിലും മൂന്നാറിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദേശീയപാതയില്‍ രൂപപ്പെട്ടിരുന്ന വലിയ കുഴികള്‍ പാറപ്പൊടിയിട്ട് നികത്തിയെങ്കിലും മഴ തുടരുന്നതിനാല്‍  കുത്തിയൊലിച്ച് വീണ്ടും റോഡ് നശിച്ചുകൊണ്ടിരിക്കുകയാണ്. 2006ല്‍ വീതികൂട്ടി ടാറിങ് നടത്തിയ മാട്ടുപ്പെട്ടി, ടോപ്‌സ്‌റ്റേഷന്‍ റോഡും പലയിടത്തും തകര്‍ന്ന നിലയിലാണ്. ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തോട് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്ന അവഗണനയ്ക്ക് ഉത്തമ ഉദാഹരണമാണ് മൂന്നാര്‍-മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ അഞ്ചാംമൈലിനു സമീപം പണിതീരാത്ത കലുങ്കും റോഡുമധ്യത്തില്‍ അപകട മുന്നറിയിപ്പു നല്‍കാന്‍ നാട്ടിയിരിക്കുന്ന ടാര്‍വീപ്പകളും. രാജമലയിലേക്കു വരുന്ന സഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നു പോവുന്ന റോഡിലാണ് ഈ അപകടക്കെണി. മൂന്നുവര്‍ഷം മുന്‍പു കലുങ്കിന്റെ സ്ലാബ് തകര്‍ന്ന് ഇവിടെ റോഡ് മധ്യത്തില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അന്ന് ഇതില്‍ ടാര്‍വീപ്പകള്‍ ഇറക്കിവച്ച് മരക്കമ്പുകള്‍ നാട്ടിയാണ് അപകട മുന്നറിയിപ്പു നല്‍കിയിരുന്നത്. പിന്നീട് ഈ കലുങ്ക് പുനര്‍നിര്‍മിക്കാന്‍ അനുമതി ആവുകയും നിര്‍മാണം തുടങ്ങുകയും ചെയ്‌തെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ കൊടുംവളവില്‍ റോഡിലെ ഗര്‍ത്തവും ടാര്‍വീപ്പകളും ഇന്നും കാണാം. നീലക്കുറിഞ്ഞിപ്പൂക്കാലത്തിന് ഇനി ഒരു വര്‍ഷംപോലും ശേഷിക്കുന്നില്ലെന്നിരിക്കെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ രാജമലയിലേക്കാണ് പ്രതീക്ഷിക്കുന്നതെന്നതിനാല്‍ ഈ റോഡ് എത്രയുംവേഗം പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇവിടെ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss