|    Oct 15 Mon, 2018 1:52 pm
FLASH NEWS

സഞ്ചാരികളുടെ തിരക്കിലമര്‍ന്ന് ആതിരപ്പിള്ളി; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍

Published : 11th September 2017 | Posted By: fsq

 

ലിജോ കാഞ്ഞിരത്തിങ്കല്‍

ചാലക്കുടി: ഓണം വെക്കേഷന്‍ അവസാനിക്കുന്ന ഇന്നലെ ആതിരപ്പിള്ളിയില്‍ അനുഭവപ്പെട്ടത് റെക്കോര്‍ഡ് തിരക്ക്. പൂവ്വത്തിങ്കല്‍ ജംഗ്ഷന്‍വരെ സഞ്ചാരികളുടെ വാഹനങ്ങളുടെ നിര നീണ്ടു. ഗതാഗത തടസ്സത്തിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാത വഴിയുള്ള ബസ് സര്‍വ്വീസുകളും ഗതാഗത കുരുക്കില്‍പെട്ടു. തുമ്പൂര്‍മുഴി, ആതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ എന്നിവടങ്ങളിലാണ് സഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്ക് കാണപ്പെട്ടത്. മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് വാഹനഗതാഗതത്തിനും തടസ്സം സൃഷ്ടിച്ചു. സഞ്ചാരികളുടെ വാഹനങ്ങള്‍ ഭൂരിഭാഗവും റോഡരികിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. വീതികുറഞ്ഞ റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തത് ഇതുവഴിയുള്ള യാത്രക്ക് തടസ്സം സൃഷ്ടിച്ചു. വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ടൂറിസം പോലിസും ഫോറസ്റ്റ് അധികൃതരും കാര്യമായ ശ്രമം നടത്തിയെങ്കിലും അനധികൃത പാര്‍ക്കിംഗ് അനിയന്ത്രിതമായ ജനതിരക്കും മൂലം ഒന്നും ചെയ്യാനായില്ല. ടിക്കറ്റ് ഇനത്തില്‍ സീസനിലെ റെക്കോര്‍ഡ് കലക്ഷനാണ് കഴിഞ്ഞ ദിവസം സഞ്ചാരികളില്‍ നിന്ന് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളിലും സമാനമായ തുക പിരിഞ്ഞ് കിട്ടിയിരുന്നെങ്കിലും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ഇതുവരേയും ഇവിടെയൊരുക്കിയിട്ടില്ല. പ്രാഥമിക സൗകര്യം പോലും ഇവിടെയില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകാത്തതാണ് ഇവിടെ സഞ്ചാരികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ഇവിടെ സംവിധാനമില്ല. അതിരപ്പിള്ളിയില്‍ നിന്നും മുപ്പത് കിലോമീറ്ററോളം അകലെയുള്ള ചാലക്കുടിയിലെ ആശുപത്രികളിലെത്തിച്ചാലേ ചികിത്സ ലഭിക്കൂ. ആതിരപ്പിള്ളിയിലെത്തിയ സഞ്ചാരികളില്‍ ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ചികിത്സ ലഭിക്കാതെ മൂന്ന് പേരാണ് മരിച്ചത്. ആതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനുള്ള റോഡില്‍ നിന്നുമുള്ള വ്യൂ പോയിന്റിനടുത്തെ സംരക്ഷണഭിത്തി പുനര്‍ നിര്‍മ്മിക്കാനായിച്ചില്ല. സഞ്ചാരികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കുമ്പോഴും സഞ്ചാരികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല. വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും ലോഡ്ജുകളും അമിത തുകയാണ് വാടകയിനത്തിലും ഭക്ഷണത്തിനുമായി ഈടാക്കുന്നത്. ഇത് നിയന്ത്രിക്കാനോ പരിശോധിക്കാനോ സംവിധാനമില്ല. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും വാഹനത്തില്‍ പരിശോധന നടത്തുന്ന പതിവില്ല. ഇതേ തുടര്‍ന്ന് വാഹനത്തില്‍ മദ്യം കടത്തുന്നവരും നിരവധിയാണ്. മദ്യസേവക്ക് ശേഷം മദ്യകുപ്പികള്‍ വനമേഖലയില്‍ അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നവരും ഇവിടെയുണ്ട്. ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ല. വനംവകുപ്പും പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലെ ഇത്തരം അരുതായ്മകള്‍ക്ക് അറുതിയാകൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss