|    Aug 17 Thu, 2017 9:06 pm
FLASH NEWS

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പെരിയകനാല്‍ വെള്ളച്ചാട്ടം : സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടിയില്ല

Published : 12th August 2017 | Posted By: fsq

 

അടിമാലി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍ പൂപ്പാറ റൂട്ടില്‍ പെരിയകനാലില്‍ ദേശീയപാതയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാതെ ഇതുവഴിയെത്തുന്ന വിനോദ സഞ്ചാരികള്‍ കടന്നുപോകാറില്ല. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി മനോഹാരിതകൊണ്ട് സമ്പന്നമായ ഹൈറേഞ്ചിന്റെ ഹരിതാഭമായ മലനിരകള്‍ക്ക് മാറ്റുകൂട്ടുന്നതാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. പെരിയകനാലിലെത്തി ദേശീയപാതയില്‍ നിന്ന് മുകളിലോട്ട് നോക്കിയാല്‍ ആകാശത്തിന് മുകളില്‍ നിന്നും വെള്ളം താഴേയ്ക്ക് പതിക്കുന്നതാണെന്ന പ്രതീതിയാണുള്ളത്. അതുകൊണ്ട് തന്നെ മൂന്നാറിലേയ്ക്ക് എത്തുന്നവരും, മൂന്നാറിലെത്തി മടങ്ങുന്നവരുടേയും ഒരു പ്രധാന ഇടത്താവളമായി പെരിയകനാല്‍ വെള്ളച്ചാട്ടം മാറികഴിഞ്ഞു.ദിവസേന നൂറുക്കണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ആരുമില്ലാത്തതിനാല്‍ നൂറിലധികം അടി ഉയരത്തില്‍ നിന്നും കുത്തിയൊഴുകിയെത്തുന്ന വെള്ളത്തില്‍ ഇറങ്ങി നിന്നാണ് പലരും സെല്‍ഫിയെടുക്കുന്നത്. വഴുക്കലുള്ള പാറയായതിനാല്‍ ഇത് വലിയ അപകടങ്ങള്‍ക്കും വഴിയൊരുക്കുമെന്നതിന് സംശയമില്ല. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കണമെന്നതാണ് നാട്ടുകാരുടെയും ആവശ്യം. ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാര സാദ്ധ്യതയുള്ള പ്രദേശമാണ് ഹൈറേഞ്ച്. ദിവസേന പതിനായിരക്കണക്കിന് രൂപാ വരുമാനവും നിരവധി ആളുകള്‍ക്ക് തൊഴില്‍ സാദ്ധ്യതയുമുള്ള ടൂറിസം പദ്ധതികള്‍ ഇവിടെ നടപ്പിലാക്കുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനു ഉത്തമ ഉദാഹരണമാണ് പെരികനാല്‍ വെള്ളച്ചാട്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക