|    Jul 23 Sun, 2017 8:20 pm
FLASH NEWS

‘സഞ്ചരിക്കുന്ന ചിത്രശാല’ ഇന്നു ജില്ലയില്‍

Published : 3rd February 2016 | Posted By: SMR

കല്‍പ്പറ്റ: കേരള ലളിതകലാ അക്കാദമിയുടെ ‘സഞ്ചരിക്കുന്ന ചിത്രശാല’ ഇന്നു ജില്ലയിലെത്തും. കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് രാവിലെ പത്തിന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലാതല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം എം കെ ഷിബു അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് ജില്ലയിലെ ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്ന ‘വര്‍ണോല്‍സവം’ ചിത്രരചനാ ക്യാംപും പ്രദര്‍ശനവും. ഇതോടനുബന്ധിച്ച് ചിത്രകലാ സംബന്ധിയായ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്താദ്യമായാണ് ‘സഞ്ചരിക്കുന്ന ചിത്രശാല’. കേരളീയ ചിത്രകലാ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ട്ട് ഗാലറികളില്ലാത്ത പ്രദേശങ്ങളില്‍ ചിത്രകലാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും ചിത്രകലയെ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിച്ചാണ് ഈ സംരംഭം.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാഹനത്തില്‍ ചിത്രശാല ക്രമീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമാണിത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇന്ത്യാ ചരിത്രമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളുമായി ഗ്രാമഗ്രാമാന്തരം സഞ്ചരിക്കുന്ന ചിത്രശാലയെത്തും. ചിത്രകാരന്‍മാരുടെ ക്ഷേമത്തിനായി ‘ചുമരില്‍ ഒരു ചിത്രം’ എന്ന ആശയം മുന്‍നിര്‍ത്തി വിപണനവും ലക്ഷ്യമിടുന്നുണ്ട്. ‘ചിത്രങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന ലക്ഷ്യവുമായി മുന്നേറുന്ന ചിത്രശാലയില്‍ ചിത്രകാരന്‍മാര്‍ക്ക് സ്വന്തം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും വിപണിയിലെത്തിക്കാനും അവസരമുണ്ട്. ചിത്രകലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ചിത്രകലയുടെ പ്രാരംഭചരിത്രം മുതല്‍ ആധുനിക കാലഘട്ടം വരെ വിവിധ ഘട്ടങ്ങളായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. പ്രഗല്‍ഭ ചിത്രകാരന്‍മാരുടെയും ശില്‍പികളുടെയും രചനകളും പ്രദര്‍ശനത്തിലുണ്ട്. ഗുഹാചിത്രങ്ങളും പുരാതന ചിത്ര-ശില്‍പ മാതൃകകളും ചുവര്‍ചിത്രങ്ങളും മുതല്‍ രാജാരവിവര്‍മ, കെ സി എസ് പണിക്കര്‍, പത്മിനി, എം വി ദേവനുള്‍പ്പെടെ മണ്‍മറഞ്ഞവരുടെ സൃഷ്ടികളും ആധുനിക കലാകാരന്‍മാരുടെ രചനകളും പ്രദര്‍ശനത്തിലുള്‍പ്പെടുന്നു.
വൈകീട്ട് ആറുവരെ പ്രദര്‍ശനമുണ്ടായിരിക്കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രയാണമാരംഭിക്കും. തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രശാലാ പ്രയാണം അഞ്ചിന് കാസര്‍കോട് സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക