|    Dec 14 Fri, 2018 8:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സചിന്‍ ബേബിക്കും വിഷ്ണു വിനോദിനും സെഞ്ച്വറി

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: സെഞ്ച്വറി വീരന്‍ ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സിലും പരാജയമായതോടെ ഇന്നിംഗ്‌സ് പരാജയത്തിന്റെ വക്കിലെത്തിയ കേരളം ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനോട് സമനില നേടാവുന്ന നിലയിലെത്തി. സചിന്‍ ബേബിയുടെയും വിഷ്ണുവിന്റെയും വിരോചിത ഇന്നിംഗ്‌സുകളുടെ കരുത്തില്‍ മധ്യപ്രദേശിനെതിരെ 265 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി ബാറ്റിംഗിനിറങ്ങിയ കേരളം മൂന്നാംദിനം ക്രീസ് വിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. രണ്ടു വിക്കറ്റ് ശേഷിക്കെ 125 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്.
155 റണ്‍സുമായി വിഷ്ണു വിനോദും 30 റണ്‍സുമായി ബേസില്‍ തമ്പിയും ക്രീസിലുണ്ട്. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബേസില്‍ തമ്പി-വിഷ്ണു വിനോദ് സഖ്യം 70 റണ്‍സെടുത്തിട്ടുണ്ട്. ഇന്നിംഗ്‌സ് തോല്‍വി ഉറപ്പിച്ച് മൂന്നാംദിനം ക്രീസിലിറങ്ങിയ കേരളത്തിന് 100 റണ്‍സിലെത്തിയപ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
വി എ ജഗദീഷിനെ മിഹിര്‍ ഹിര്‍വാനി പുറത്താക്കിയപ്പോള്‍ 19 റണ്‍സെടുത്ത സഞ്ജു സാംസണ്‍ റണ്ണൗട്ടായി. പിന്നീടായിരുന്നു കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് കളിച്ച ഇന്നിംഗ്‌സിനെ അനുസ്മരിപ്പിച്ച് സച്ചിനും വിഷ്ണുവും ചേര്‍ന്ന് 199 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത്.
211 പന്തില്‍ മൂന്ന് സിക്‌സറിന്റെയും 14 ബൗണ്ടറികളുടെയും അകമ്പടിയോടെ 143 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായശേഷവും പോരാട്ടം തുടര്‍ന്ന വിഷ്ണു രഞ്ജിയിലെ ആദ്യ സെഞ്ച്വറി അവിസ്മരണീയമാക്കി. 226 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് വിഷ്ണു 155 റണ്‍സെടുത്തത്. ഒരു സിക്‌സറും നാലു ഫോറുമടക്കമാണ് ബേസില്‍ തമ്പി 30 റണ്‍സെടുത്തത്. സന്ദീപ് വാര്യരാണ് ഇനി കേരളത്തിനായി ബാറ്റ് ചെയ്യാനുള്ളത്. നാലാംദിനം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചുനില്‍ക്കാനായാല്‍ ദയനീയ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ സമനിലയെങ്കിലും കേരളത്തിന് ഉറപ്പിക്കാം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss