|    Oct 19 Fri, 2018 5:14 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്‍, ഗാംഗുലി, ജയസൂര്യ… ഇതിഹാസങ്ങളെ പൊരുതി വീഴ്ത്തി കിങ്് കോഹ്‌ലി

Published : 2nd February 2018 | Posted By: vishnu vis

ഡര്‍ബന്‍: ചരിത്രങ്ങള്‍ തിരുത്തി റെക്കോഡുകള്‍ എത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രതിഭ ഒന്നുവേറെ തന്നെയാണ്. അസാധ്യമായ പലതും പ്രകടനം കൊണ്ട് തിരുത്തുന്ന കോഹ്‌ലിയുടെ മുന്നില്‍ ഒടുവില്‍ ദക്ഷിണാഫ്രിക്കയും അടിയറവ് പറഞ്ഞു. ആറ് മല്‍സരങ്ങടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ മൈതാനം വിടുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്യാംബിനില്‍ നിന്ന് വരെ കൈയടികളെത്തിയപ്പോള്‍ ഗാലറിയില്‍ ഇരമ്പിയടിച്ചത് വിരാട് കോഹ്‌ലി എന്ന വീര നായകന്റെ പേരാണ്. ഇതിഹാസ താരങ്ങളെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ പല ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കാതെ പോയ നേട്ടമാണ് കോഹ്‌ലിയും സംഘവും ഡര്‍ബനില്‍ നേടിയെടുത്തത്. ഡര്‍ബനില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താന്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച കോഹ്‌ലി ഒരുപിടി റെക്കോഡുകളും അക്കൗണ്ടിലാക്കിയാണ് കൂടാരം കയറിയത്.
270 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി (112) സെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ചതോടെ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഒരിക്കല്‍കൂടി കോഹ്‌ലി ഉയര്‍ത്തപ്പെട്ടു. കളിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് കോഹ്‌ലി അക്കൗണ്ടിലാക്കിയത്. എതിരാളികളായെത്തിയ എട്ട് രാജ്യങ്ങളിലും നേരത്തെ തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കോഹ്‌ലിക്ക് ദക്ഷിണാഫ്രിക്കയില്‍ മാത്രമായിരുന്നു സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഡര്‍ബനിലെ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണും തന്നെ അനുസരിക്കുമെന്ന് കോഹ്‌ലി കാട്ടിക്കൊടുത്തപ്പോള്‍ ഒമ്പത് രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ താരമെന്ന നേട്ടത്തില്‍ സചിന്‍ ടെണ്ടുല്‍ക്കറിനും സനത് ജയസൂര്യയ്ക്കുമൊപ്പമെത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞു. പാകിസ്താനില്‍ മാത്രമാണ് കോഹ് ലിക്ക് സെഞ്ച്വറി നേടാനാവാത്തത്. അതിന് കാരണം ഇതുവരെ പാക് മണ്ണില്‍ കളിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ലാത്തതുകൊണ്ടാണ്.
കരിയറിലെ 33ാം സെഞ്ച്വറി സ്വന്തമാക്കിയ കോഹ്‌ലി ഇതിഹാസ താരം സചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനോട് ഒരുപടി കൂടി അടുത്തു.  കൂടാതെ 33 സെഞ്ച്വറിയില്‍ 20 എണ്ണവും റണ്‍സ് പിന്തുടരുമ്പോഴായിരുന്നു എന്നത് കോഹ്‌ലിയെന്ന താരത്തിന്റെ കളിമികവിനെ സാക്ഷ്യപ്പെടുത്തുന്നു. കോഹ്‌ലി റണ്‍സ് പിന്തുടര്‍ന്ന് സെഞ്ച്വറി നേടിയ 18 മല്‍സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പം തന്നെയായിരുന്നു.
ഇന്ത്യയില്‍ 14, ബംഗ്ലാദേശില്‍ അഞ്ച്, ആസ്‌ത്രേലിയയയിലും ശ്രീലങ്കയിലും നാല്, വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവടങ്ങളില്‍ ഓരോ സെഞ്ച്വറിയുമാണ് കോഹ്‌ലി നേടിയിട്ടുള്ളത്.
നായകനെന്ന നിലയില്‍ ഇന്ത്യയുടെ ‘ദാദ’സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പവും കോഹ്‌ലി ഇടം പിടിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 11 സെഞ്ച്വറികളാണ് ഇരുവരുടെയും സമ്പാദ്യം. എന്നാല്‍ 11 സെഞ്ച്വറി നേടാന്‍ ഗാംഗുലിക്ക് വേണ്ടി വന്നത് 142 ഇന്നിങ്‌സുകളാണെങ്കില്‍ കോഹ്‌ലിയുടെ നേട്ടം വെറും 41 ഇന്നിങ്‌സുകളില്‍ നിന്നാണ്. 22 സെഞ്ച്വറികള്‍ അക്കൗണ്ടിലുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. 13 സെഞ്ച്വറികള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് ഈ നേട്ടത്തിലെ രണ്ടാം സ്ഥാനക്കാരന്‍.

കൈയടി നേടി രഹാനെയും
വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ വിശ്വസ്താനായ താരമെന്ന വിശേഷണം തനിക്ക് അര്‍ഹിച്ചതാണെന്ന് അജിന്‍ക്യ രഹാനെ ഒരിക്കല്‍കൂടി തെളിയിച്ചു. മധ്യനിരയില്‍ അര്‍ധ സെഞ്ച്വറിയോടെ (79) ഇന്ത്യന്‍ ഇന്നിങ്‌സിന് നിര്‍ണായകമായ സംഭാവന ചെയ്ത് മടങ്ങിയ രഹാനെയും റെക്കോഡിന്റെ തിളക്കത്തോടെയാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. തുടര്‍ച്ചയായ അഞ്ച് മല്‍സരങ്ങളില്‍ 50 ലധികം സ്‌കോര്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രഹാനെയെ തേടിയെത്തിയത്. 1994ല്‍ സചിന്‍ ടെണ്ടുല്‍ക്കറും 2012- 13 സീസണില്‍ വിരാട് കോഹ്‌ലിയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 55, 70, 53, 61,79 എന്നിങ്ങനെയാണ് രഹാനെയുടെ അവസാന അഞ്ച് ഇന്നിങ്‌സിലെ പ്രകടനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss