|    Mar 23 Thu, 2017 11:49 pm
FLASH NEWS
Home   >  Sports  >  Others  >  

സചിന്റെ ഫുട്‌ബോള്‍ അക്കാദമി വരുന്നു

Published : 2nd June 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം:സംസ്ഥാനത്തെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സചിന്റെ പ്രഖ്യാപനം.
അക്കാദമിയില്‍ നിന്നും ലഭിക്കുന്ന മികച്ച പരിശീലനത്തിലൂടെ യുവ പ്രതിഭകള്‍ക്ക് അവരുടെ സ്വപ്‌നങ്ങളെ മറികടക്കാനാവുമെന്നും സചിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ”അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 മികച്ച കളിക്കാരെ കേരളത്തില്‍ നിന്നും ഇന്ത്യ ന്‍ ഫുട്‌ബോളിനു സംഭാവന ചെയ്യും. അന്താരാഷ്ട്രതലത്തിലേക്ക് കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ അക്കാദമിയിലൂടെ സാധിക്കും” – അദ്ദേഹം വിശദമാക്കി.
ഓരോ തവണ കേരളത്തിലെത്തുമ്പോഴും മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തിനും വാല്‍സല്യത്തിനും നന്ദിയുണ്ടെന്നും ഇതു തനിക്ക് സന്തോഷം നല്‍കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് സചിന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ നിക്ഷേപ പങ്കാളികളേയും അദ്ദേഹം പരിചയപ്പെടുത്തി. പുതിയ നിക്ഷേപകരുടെ വരവോടെ ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഊര്‍ജസ്വലരായ ടീമിനെയാവും കാണാനാവുക. കൂടുതല്‍ യുവതാരങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് എല്ലാ വിധ പ്രോ ല്‍സാഹനവും പിന്തുണയും വാഗ്ദാനം ചെയ്ത സംസ്ഥാന സര്‍ക്കാറിനെ സചിന്‍ പ്രത്യേകം അനുമോദിച്ചു. അക്കാദമി സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സചിന്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിലായി ഇത്തരത്തില്‍ അക്കാദമി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. അടിസ്ഥാനസൗകര്യങ്ങള്‍ അടക്കമുള്ള മറ്റു ഭൗതിക പിന്തുണ സര്‍ക്കാര്‍ നല്‍കും. മികച്ച അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്താനായി സമഗ്ര പദ്ധതികള്‍ നടപ്പാക്കും. ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുന്ന ഗ്രൗണ്ടുകളെ ‘സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട്’ ഫുട്‌ബോള്‍ കളങ്ങളാക്കി വികസിപ്പിക്കും.
നിര്‍ദ്ദിഷ്ട അക്കാദമിയിലേക്കുള്ള റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സ്‌കൂളുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹകരണത്തോടെ ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം തന്നെ അക്കാദമി ടീം മല്‍സരരംഗത്തുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഫുട്‌ബോ ള്‍ മേഖലയിലെ അടുത്ത അഞ്ചുവര്‍ഷം എങ്ങനെയായിരിക്കണമെന്ന ബ്ലൂപ്രിന്റ് സര്‍ക്കാരും ബ്ലാസ്‌റ്റേഴ്‌സും ചേര്‍ന്ന് ഉണ്ടാക്കും. സ്‌കൂളുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഫുട്‌ബോ ള്‍ അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാ ര്‍ ആരംഭിക്കും. എല്ലാ പ്രാദേശിക, ദേശീയ, രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഈ അക്കാദമിയില്‍ നിന്നുള്ള സംഘത്തെ മല്‍സരിപ്പിക്കാനാ ണ് തീരുമാനം.
സചിന്‍ ലഹരിക്കെതിരായ പ്രചരണങ്ങളുടെ ബ്രാന്റ് അംബാസിഡറാവുമെന്നും കൂടുത ല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളി ല്‍ തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി. ടീമിന്റെ പുതിയ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമ്മഗഡ്ഡ പ്രസാദ്, സചിന്റെ ഭാര്യ അഞ്ജലി, കായികമന്ത്രി ഇ പി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(Visited 72 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക