|    Oct 19 Fri, 2018 11:45 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സചിന്റെ കൈയുമായി ശ്രേയ ജീവിതത്തിലേക്ക്

Published : 28th September 2017 | Posted By: fsq

 

കൊച്ചി: ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തിയ അപകടം ഇരു കൈകളും മുട്ടിന് കീഴ്‌പോട്ട് കവര്‍ന്നെടുത്തെങ്കിലും പൂനെ സ്വദേശി ശ്രേയ സിദ്ധനഗൗഡ (19) തളര്‍ന്നില്ല. അവളുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും കൈകോര്‍ത്തപ്പോള്‍ പിറന്നത് അപൂര്‍വ നേട്ടം. ഏഷ്യയില്‍ ആദ്യമായി ഇരു കൈകളും മുട്ടിന് കീഴ്‌പോട്ട് മാറ്റിവയ്ക്കപ്പെടുന്ന ആദ്യ വ്യക്തിയെന്ന പേരില്‍ ശ്രേയ അറിയപ്പെടും. കഴിഞ്ഞ മാസം റോഡ് അപകടത്തില്‍ മരിച്ച എറണാകുളം രാജഗിരി കോളജിലെ സചിനെന്ന വിദ്യാര്‍ഥിയുടെ കൈകളാണ് ശ്രേയയില്‍ പ്രവര്‍ത്തിക്കുന്നത്. അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ പൂര്‍ണവിജയമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുരുഷന്റെ കൈ സ്ത്രീയില്‍ വച്ചുപിടിപ്പിക്കുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വം. പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം തലവന്‍ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ 20 ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഡോക്ടര്‍മാരോടൊപ്പം മാധ്യമങ്ങളുമായി സംവദിക്കുവാന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണു ശ്രേയയുമെത്തിയത്. കഴിഞ്ഞവര്‍ഷമാണ് ബസ് അപകടത്തിന്റെ രൂപത്തില്‍ വിധി ശ്രേയയുടെ ഇരുകരങ്ങളും കവര്‍ന്നത്. ബസ്സിനുള്ളില്‍ കുടുങ്ങിയ ശ്രേയയുടെ രണ്ട് കൈകളും പൂര്‍ണമായും ചതഞ്ഞരഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോള്‍ കൈകള്‍ മുറിച്ചുമാറ്റുന്നതല്ലാതെ മറ്റു പോംവഴികളില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കൈകള്‍ മുറിച്ചുമാറ്റിയ ആദ്യ രണ്ടുദിവസം മാത്രമാണ് വിധിയെ പഴിച്ചതെന്നു ശ്രേയ പറയുന്നു. പിന്നീട് തനിക്ക് സംഭവിച്ച കുറവിനെ എങ്ങനെ മറികടക്കാമെന്നായി ചിന്തകള്‍. അങ്ങനെയാണ് നേരത്തെ മൂന്നുപേരുടെ കൈകള്‍ മാറ്റിവച്ച ചരിത്രമുള്ള അമൃത ആശുപത്രിയിലെത്തുന്നത്. ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ട രാജഗിരി കോളജ് വിദ്യാര്‍ഥി സചിന്റെ അവയവങ്ങ ള്‍ ദാനംചെയ്യുവാന്‍ മാതാപിതാക്കള്‍ സമ്മതിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സചിന്റെ അവയവം ശ്രേയയില്‍ പ്രവര്‍ത്തിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്നു തെളിഞ്ഞതോടെ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൈകളുടെ പ്രവര്‍ത്തനം തലച്ചോറുമായി ബന്ധപ്പെട്ടു വരണമെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും കാത്തിരിക്കണം. തനിക്ക് അവയവം ദാനം ചെയ്യുവാന്‍ സുമനസ്സുകാണിച്ച സചിന്റെ കുടുംബത്തിനും തന്നെ പരിചരിച്ചവര്‍ക്കും നന്ദി പറയുവാനും ശ്രേയയും മാതാപിതാക്കളും മറന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss