|    Jan 20 Fri, 2017 5:36 pm
FLASH NEWS

സചിനെ വീഴ്ത്തി വോണ്‍

Published : 9th November 2015 | Posted By: swapna en

ന്യൂയോര്‍ക്ക്: ലോക ക്രിക്കറ്റിലെ മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരന്ന പോരാട്ടത്തില്‍ സചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിനെതിരേ വോണ്‍സ് വാരിയേഴ്‌സിന് ജയം. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിന്റെയും ആസ്‌ത്രേലിയയുടെ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിരമിച്ച കളിക്കാരുടെ ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍സ് സീരീസിലെ ആദ്യ മല്‍സരത്തിലാണ് വോണിന്റെ കീഴിലിറങ്ങിയ വോണ്‍സ് വാരിയേഴ്‌സ് വിജയക്കൊടി നാട്ടിയത്. ആറു വിക്കറ്റിനാണ് സചിന്റെ കീഴിലുള്ള സചിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ വോണ്‍സ് വാരിയേഴ്‌സ് വീഴ്ത്തിയത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ 1-0ന് മുന്നിലെത്താനും വാരിയേഴ്‌സിന് സാധിച്ചു. മല്‍സരം കാണാന്‍ 36,000 ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.ടോസ് നേടിയ വോണ്‍ സചിന്റെ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യയുടെ മുന്‍ ഓപണിങ് ജോടികളായ സചിനും വീരേന്ദര്‍ സെവാഗുമാണ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഓപണ്‍ ചെയ്യാനെത്തിയത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഒരുഘട്ടത്തില്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85 റണ്‍സെന്ന മികച്ച നിലയിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 140 റണ്‍സിലൊതുങ്ങുകയായിരുന്നു. ഓപണിങ് കൂട്ടുകെട്ടിലെ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ പോയതാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌കോറിങിന്റെ വേഗതയെ ബാധിച്ചത്.

22 പന്തില്‍ ആറു സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 55 റണ്‍സ് അടിച്ചുകൂട്ടി മികവ് കാണിച്ചു. 27 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 26 റണ്‍സാണ് സചിന്‍ നേടിയത്. സചിന്റെ വിക്കറ്റ് വീഴ്ത്തിയ വോണ്‍ തന്നെയാണ് മല്‍സരഗതി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്ക് എട്ട് പന്തില്‍ നിന്ന് ഒരു റണ്‍സ് നേടാനെ സാധിച്ചുള്ളൂ. വി വി എസ് ലക്ഷ്മണ്‍ (8), മഹേല ജയവര്‍ധനെ (18), കാള്‍ ഹൂപ്പര്‍ (11), ഷോണ്‍ പൊള്ളോക്ക് (11), മോയിന്‍ ഖാന്‍ (1), കോട്‌ലി ആംബ്രോസ് (1*), മുത്തയ്യ മുരളീധരന്‍ (2*) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ബാറ്റിങിനിറങ്ങിയ മറ്റു താരങ്ങള്‍. വാരിയേഴ്‌സിനു വേണ്ടി വോണും ആന്‍ഡ്രു സൈമണ്‍സും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. അലന്‍ ഡൊണാള്‍ഡിനും ഡാനിയേല്‍ വെറ്റോറിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വസീം അക്രം തന്റെ പ്രതിഭയ്ക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു. മറുപടിയില്‍ ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെയും (48*) ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയുടെയും (41) മികവില്‍ വാരിയേഴ്‌സ് 17.2 ഓവറില്‍ നാലു വിക്കറ്റിന് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താവാതെ 20 റണ്‍സുമായി ജോണ്ടി റോഡ്‌സും വാരിയേഴ്‌സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

38 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടുന്നതാണ് പോണ്ടിങിന്റെ ഇന്നിങ്‌സ്. 29 പന്ത് നേരിട്ട സങ്കക്കാരയുടെ ഇന്നിങ്‌സില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെട്ടിരുന്നു. ഓപണര്‍മാരായ ജാക്വിസ് കാലിസിനും (13) മാത്യു ഹെയ്ഡനും (4) കാര്യമായി ഒന്നും ചെയ്യാനായില്ല. സൈമണ്‍സ് ഒരു റണ്‍സെടുത്ത് പുറത്തായി. നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ശുഐബ് അക്തറാണ് ബ്ലാസ്‌റ്റേഴ്‌സ് ബൗളിങ് നിരയില്‍ തിളങ്ങിയത്. മുത്തയ്യ മുരളീധരന് ഒരു വിക്കറ്റ് ലഭിച്ചു. വാരിയേഴ്‌സ് വിജയത്തിന് ചുക്കാന്‍ പിടിച്ച വോണാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം മല്‍സരം ബുധനാഴ്ച ഹൂസ്റ്റണില്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക