|    Oct 19 Fri, 2018 2:20 pm
FLASH NEWS

സങ്കുചിതമായ പ്രാദേശികത്വം കടന്നുവരാന്‍ പാടില്ല: മന്ത്രി

Published : 6th January 2018 | Posted By: kasim kzm

പത്തനംതിട്ട: വികേന്ദ്രീകൃത ആസൂത്രണം എന്ന ആശയം ഏറ്റവും ഫലപ്രദമായി നടപ്പാക്കുമ്പോള്‍, ഇതിന്റെ മറവില്‍ സങ്കുചിതമായ പ്രാദേശികത്വം കടന്നു വരാന്‍ പാടില്ലെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആസൂത്രണവും അതിന്റെ നിര്‍വഹണവും വികേന്ദ്രീകൃതമായിരിക്കണം എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം അതെല്ലാം പ്രാദേശികതലത്തില്‍ പരിമിതപ്പെടുത്തണം എന്നതല്ല. വികസനത്തെ സംബന്ധിച്ച നമ്മുടെ ചില ധാരണകള്‍ മാറേണ്ടതായിട്ടുണ്ട്. ആത്യന്തികമായി ജനങ്ങളുടെ അപ്പോഴത്തെ കൈയടി മാത്രം ലക്ഷ്യമാക്കി ആസൂത്രണം നടത്താന്‍ പാടില്ല. നാട്ടില്‍ നിലനില്‍ക്കുന്ന, ഇന്ന് നാട് അഭിമുഖീകരിക്കുന്ന, നാളത്തെ തലമുറയ്ക്ക് ആവശ്യമായി വരുന്ന കാര്യങ്ങള്‍  മുന്‍കൂട്ടി കണ്ട് അതിനാവശ്യമായ രൂപത്തില്‍  പദ്ധതികള്‍ നടപ്പാക്കണം. ലഭ്യമായ വിവിധ വികസന ഫണ്ടുകള്‍ സമഗ്ര വികസനത്തിനായി സംയോജിപ്പിച്ച് ഉപയോഗിക്കുന്ന കാഴ്ചപ്പാട് രൂപപ്പെടുത്തണം. വിഭവങ്ങള്‍ പരമാവധി നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കുമ്പോള്‍  വളരെ കൃത്യതയോടു കൂടി ജില്ലാ പദ്ധതി രൂപീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ആസൂത്രണ ബോര്‍ഡിന്റെയും നിര്‍ദേശം ആദ്യം നടപ്പാക്കാന്‍ ശ്രമം നടത്തിയത് പത്തനംതിട്ട ജില്ലയാണ്. ജില്ലാ പദ്ധതി  രൂപീകരണത്തിനു മുന്‍പ് വിവിധ മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി നമ്മുടെ  ജില്ലയിലെ സാധ്യതകള്‍, പ്രശ്‌നങ്ങള്‍, വികസന രംഗത്തെ വിടവുകള്‍ എന്നിവ തിരിച്ചറിഞ്ഞാണ് ജില്ലാ പദ്ധതി  തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍  ആര്‍ ഗിരിജ, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എന്‍ രാജീവ്, ജില്ലാ പ്ലാനിങ്് ഓഫീസര്‍ സോമസുന്ദരലാല്‍, ഡെപ്യുട്ടി പ്ലാനിങ് ഓഫിസര്‍  മുരളീധരന്‍ നായര്‍ പങ്കെടുത്തു. 19 വിഷയ സമിതികളാണ് ജില്ലാ പദ്ധതി തയാറാക്കുന്നതിന് രൂപീകരിച്ചിട്ടുള്ളത്. പല തവണ ചര്‍ച്ച ചെയ്താണ് കരട് പദ്ധതി തയാറാക്കിയത്. ഈമാസം 29,30,31 തിയ്യതികളില്‍ സംസ്ഥാന തലത്തില്‍ 14 ജില്ലകളും പദ്ധതികള്‍ അവതരിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss