|    Jun 18 Mon, 2018 4:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സങ്കടങ്ങളുടെ പ്രവാസത്തില്‍ ഖദീജയ്ക്കിത് രണ്ടാം പൊതുമാപ്പ്

Published : 26th September 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: കാല്‍നൂറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി ഖദീജയ്ക്കിത് രണ്ടാം പൊതുമാപ്പ്. 1994ല്‍  ഷാര്‍ജയില്‍ എത്തിയ ഖദീജ രണ്ട് വര്‍ഷം നീണ്ട ദുരിത കാലത്തിനൊടുവില്‍ 96ലെ പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങിയതാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഖദീജയ്ക്ക് നാല് മക്കളെ കരയ്ക്കടുപ്പിക്കണമെങ്കില്‍ വീണ്ടും കടല് കടക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളു. അങ്ങനെയാണ് 1997ല്‍ ഖത്തറിലെത്തിയത്. 2000ല്‍ നാട് കണ്ട ഖദീജ ഇപ്പോള്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു പൊതുമാപ്പില്‍ വീണ്ടും വെറുംകൈയോടെ നാട്ടിലേക്കു മടങ്ങാനിരിക്കുകയാണ്.
പൊതുമാപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മനസിലാക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ വല്ല വഴിയുമുണ്ടോ എന്നതറിയാനും കഴിഞ്ഞ ദിവസം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌കിലെത്തിയ ഖദീജ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്നു. നാലാമത്തെ കുട്ടിക്ക് 1.5 വയസുള്ളപ്പോള്‍ ഖത്തറില്‍ ഒരു അറബി വീട്ടിലെ ജോലിക്ക് വന്നതാണ്. ഇപ്പോള്‍ അവളുടേതുള്‍പ്പെടെ നാല് മക്കളുടെയും വിവാഹം കഴിഞ്ഞു. ഇക്കാലത്തിനിടയ്ക്ക് ഉപേക്ഷിച്ചു പോയ ഭര്‍ത്താവും കുട്ടികളെ നോക്കിയിരുന്ന തന്റെ ഉമ്മയും മരിച്ചു. ആദ്യത്തെ സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ഇല്ലാതായപ്പോള്‍ 2004ല്‍ വിസ ചേഞ്ച് ചെയ്യാന്‍ ചങ്ങരംകുളം സ്വദേശിയായ അബൂബക്കര്‍ എന്നയാള്‍ക്ക് 9000 റിയാല്‍ നല്‍കിയിരുന്നു. ആ പണം നഷ്ടപ്പെട്ടതല്ലാതെ മറ്റു പ്രയോജനങ്ങളൊന്നുമുണ്ടായില്ല. നാട്ടിലേക്കു മടങ്ങിയ അബൂബക്കറിനെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല.
18 കൊല്ലം മുമ്പ് വീട് വയ്ക്കാന്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതുവരെ അത് രജിസ്റ്റര്‍ ചെയ്ത് തന്നിട്ടില്ല. സ്ഥലത്തിന്റെ എഗ്രിമെന്റ് ചെയ്തു തന്നയാള്‍ മരിച്ചു. അവരുടെ മക്കള്‍ പറയുന്നത് അതേക്കുറിച്ച് ഞങ്ങള്‍ക്കറിയില്ലെന്നാണ്. അവരൊക്കെ വലിയ ആളുകളായത് കൊണ്ട് കേസ് കൊടുക്കാനും പേടിയാണ്. അതു കൊണ്ട് ഖദീജയും കുടുംബവും ഇപ്പോഴും വാടക വീട്ടില്‍ തന്നെ.
രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുള്ള ഖദീജയുടെ മൂത്ത മകള്‍ക്ക് ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട്. അതു കൊണ്ട് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. രണ്ടാമത്തെ മകന് ടിപ്പര്‍ ലോറിയിലായിരുന്നു പണി. നാല് കൊല്ലം മുമ്പ് ലോറിക്കടിയില്‍ പണിയെടുത്തു കൊണ്ടിരിക്കേ ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് കൈയിലൂടെ കയറിയിറങ്ങി. അതിന് ശേഷം പണിയൊന്നുമെടുക്കാനാവില്ല. അവന്റെ കൈയിന്റെ ശസ്ത്രക്രിയക്ക് വേണ്ടി 7.5 ലക്ഷം രൂപയാണ് ചെലവായത്. മൂത്ത മകന്‍ ബസ്സിലാണ് ജോലി ചെയ്യുന്നത്. അവന് ആവശ്യത്തിന് പ്രാരാബ്ധങ്ങളുള്ളതിനാല്‍ വീട്ടിലെ കാര്യങ്ങളൊന്നും നോക്കാനാവില്ല.
സുഖമില്ലാത്ത മൂത്തമകളുടെയും കൈയ്ക്ക് വയ്യാത്ത ഇളയ മകന്റെയും കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കണം. വീടിന് മാസം 4000 രൂപ വാടക നല്‍കണം. ഇടയ്ക്കിടെ ഷുഗര്‍ വല്ലാതെ ഉയരുന്ന തനിക്ക് മാസം മരുന്നിന് 300 റിയാലോളം വേണം. സ്ഥിരമായി ജോലിയില്ലാത്ത ഞാന്‍ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നുവെന്ന് പടച്ചോന് മാത്രമേ അറിയൂവെന്ന് ഖദീജ പറഞ്ഞു. നാട്ടില്‍ പല സംഘടനകളും പാവങ്ങള്‍ക്ക് വീട് വയ്ക്കാനും മറ്റും സഹായിക്കുന്നുണ്ട്. എന്നാല്‍, ഉമ്മ ഗള്‍ഫിലായത് കൊണ്ട് തങ്ങള്‍ക്ക് അതും കിട്ടുന്നില്ലെന്നാണ് മക്കളുടെ സങ്കടം. ഈയിടെയായി ഒരു വയറു വേദന തുടങ്ങിയിട്ടുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ എന്തോ മുഴയുണ്ടെന്ന് പറഞ്ഞിരുന്നു. അത് സ്‌കാന്‍ ചെയ്താലേ എന്താണെന്ന് വ്യക്തമാവൂ. പണമില്ലാത്തത് കൊണ്ട് നീട്ടിക്കൊണ്ടു പോവുകയാണ്.
ഈ 56ാം വയസ്സില്‍ നാട്ടില്‍ പോയി എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് ഒരു പിടിയുമില്ല. വീടിന്റെ വാടകയും തന്റെ തണലില്‍ കഴിയുന്ന രണ്ടു മക്കളെയും എങ്ങനെ പോറ്റും. ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് നിങ്ങള്‍ എന്താണ് ചെയ്തത് എന്ന എല്ലാ പ്രവാസികളോടുമുള്ള നാട്ടുകാരുടെ പതിവ് ചോദ്യത്തിന് എന്ത് മറുപടി നല്‍കും. ഖദീജയുടെ മനസ്സില്‍ ചോദ്യങ്ങള്‍ നിരവധിയാണ്. പറ്റുമെങ്കില്‍ ഏതെങ്കിലും പുതിയ സ്‌പോണ്‍സര്‍ഷിപ്പിലേക്കു മാറണം. നാട്ടിലേക്കു പോവുകയാണെങ്കില്‍ തന്നെ പുതിയ വിസയില്‍ തിരിച്ചുവരണം. മരുഭൂമി പോലെ പരന്ന് കിടക്കുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഖദീജയ്ക്കു വേറെ വഴികളൊന്നുമില്ല. ഖദീജയെപ്പോലെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി ഓരോ ദിവസവും സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌കിലെത്തുന്നവര്‍ നിരവധിയാണെന്ന് ചുമതലക്കാരനായ മൊയ്‌നുദ്ദീന്‍ മുതുവടത്തൂര്‍ പറഞ്ഞു.
എല്ലാവര്‍ക്കും സഹൃദയരുടെ പിന്തുണയോടെ കഴിയാവുന്ന സഹായങ്ങള്‍ ചെയ്തു നല്‍കുന്നുണ്ട്. സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌കിന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് 70516482, 33688941(വനിത ഹെല്‍പ്പ് ഡസ്‌ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss