|    Jan 17 Tue, 2017 10:34 am
FLASH NEWS

സങ്കടക്കടലില്‍ ബന്ധുക്കള്‍: കാണാതായവരെ കുറിച്ച് അന്വേഷണം ഊര്‍ജിതം

Published : 13th July 2016 | Posted By: SMR

ISIS-MISSING

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്നു കാണാതായി ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന 17പേരെ കുറിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമില്ല. ചന്തേര പോലിസ് കാണാനില്ലെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും ആയിട്ടില്ല. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച ട്രാവല്‍ ഏജന്‍സികളില്‍ പോലിസ് പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍, എയര്‍പോര്‍ട്ടുകളില്‍ നിന്ന് യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടില്ല.
കാണാതായവരുടെ മക്കളെയും കുടുംബംഗങ്ങളെയും ഐഎസ് ബന്ധം ചുമത്തി ആക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നത് ഇവരുടെ കുടുംബാംഗങ്ങളെ ബാധിക്കുന്നുണ്ട്. ഗള്‍ഫ് നാടുകളില്‍ നല്ല നിലയില്‍ ജോലിചെയ്യുന്നവരാണ് ഇതില്‍ പലരും. കാണാതായവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളാണ് ഇവരെ പരിഭ്രാന്തിയിലാക്കിയത്. ഇതേത്തുടര്‍ന്നാണ് പി കരുണാകരന്‍ എംപി മുഖാന്തരം മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പോലിസ് ഉദ്യോഗസ്ഥരുടെയും ഇന്റലിജന്‍സിന്റെയും ഇടവിട്ടുള്ള സന്ദര്‍ശനം, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളുടെ പ്രവാഹം, ബന്ധുക്കളുടെയും നാട്ടുകാരുടെയും ഫോണ്‍വിളികള്‍. പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ടാണ് പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്.
മകന്റെ തിരോധാനത്തില്‍ തകര്‍ന്ന അവസ്ഥയിലാണ് ഇളമ്പച്ചിയിലെ ഫിറോസിന്റെ പിതാവ് ഇ കെ മുഹമ്മദ്ഹാജി. ബികോം പൂര്‍ത്തിയാക്കിയ ശേഷമാണ് 24കാരനായ ഫിറോസ് ഖാന്‍ ജോലിക്കെന്നു പറഞ്ഞ് മുംബൈയിലേക്കു പോയത്. അയല്‍വാസിയായ മന്‍സാദിനെയും കാണാതായിട്ടുണ്ട്. അബൂദബിയില്‍ അക്കൗണ്ട ന്റായി ജോലി നോക്കിയിരുന്ന മന്‍സാദ് ഒരു കൊല്ലം മുമ്പാണ് നാട്ടില്‍ വന്നത്.
മെയ് അവസാന വാരത്തിലാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. മകന്‍ ഒരിക്കലും ഐഎസിന് ഒപ്പം ചേരില്ലെന്ന ഉറച്ച വിശ്വാസമാണ് ഇളമ്പച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മന്‍സാദിന്റെ പിതാവ് മുസ്തഫയ്ക്ക്.
കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ഇരു വീടുകളിലുമെത്തി വിവരശേഖരണം നടത്തി. ചന്തേര പോലിസ് 17 പേരുടെ തിരോധാനത്തിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഈ കേസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും കാണാതായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടില്ലെന്നും എസ്‌ഐ അനൂപ് കുമാര്‍ പറഞ്ഞു.
മലയാളികളോടൊപ്പമാണു തങ്ങളെന്ന് റിഫൈലയുടെ സന്ദേശം
കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി കുടുംബത്തില്‍പ്പെട്ട പടന്നയിലെ റിഫൈല അയച്ച സന്ദേശത്തില്‍ തങ്ങള്‍ ധാരാളം മലയാളികള്‍ ഉള്ള സ്ഥലത്താണെന്നു വ്യക്തമാക്കി. മാതാവിനാണ് ടെലിഗ്രാം സന്ദേശം ലഭിച്ചത്.
ഞങ്ങള്‍ക്ക് സുഖം തന്നെ, ഇവിടെ റേഞ്ച് ഇല്ല. നമുക്ക് ടെലിഗ്രാമിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂ, ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ല. ഡോ. ഇജാസിന് ഇവിടെ ക്ലിനിക്ക് ഉണ്ട്. ഇവിടെ നിരവധി മലയാളി കുടുംബങ്ങളുണ്ട് എന്നാണ് അറിയിച്ചത്. പിന്നീട് അയച്ച മൊബൈല്‍ സന്ദേശത്തില്‍ അഷ്ഫാക്കിന്റെ മൊബൈലില്‍ നിന്നാണ് സന്ദേശം അയക്കുന്നതെന്നു പറയുന്നു. ഇവിടം സുന്ദരമായ സ്ഥലമാണ്. തിരിച്ചുവരാന്‍ മനസ്സു വരുന്നില്ല, എല്ലാവരും നല്ലവരാണ്, ഞങ്ങള്‍ ദുബയിലാണെന്നു വിചാരിച്ചാല്‍ മതി, വിഷമിക്കേണ്ടെന്നും ഉമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്. ചെറിയ വീട്ടിലാണു താമസമെന്നും സന്ദേശം തുടരുന്നു. ഇജാസിനെ വിട്ടിട്ടു വരാന്‍ കഴിയില്ലെന്നും ഇവിടെ ഇസ്‌ലാമിക ജീവിതമാണെന്നും പറയുന്നുണ്ട്. ഇവിടെ ജീവിച്ചാല്‍ കുട്ടികള്‍ വഴിതെറ്റില്ല, 15 ദിവസം വിളിക്കാതിരുന്നത് ഇവിടെ റേഞ്ച് ഇല്ലാത്തതുകൊണ്ടാണെന്നും വ്യക്തമാക്കുന്നു.
ഇജാസ് പിതാവ് അബ്ദുര്‍ റഹ്മാന് അയച്ച ശബ്ദ സന്ദേശത്തില്‍ ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന ആമുഖത്തോടെ ഞാനും ഷിയാസും അഷ്ഫാക്കും അവന്റെ ഭാര്യയും ഇവിടെ ദാറുല്‍ ഇസ്‌ലാമില്‍ ദൈവാനുഗ്രഹം കൊണ്ട് എത്തിയിട്ടുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും അറിയിച്ചു. ഇവിടെ നൂറ് ശതമാനം ഇസ്‌ലാമിക വിശ്വാസമാണ്, വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല, നാട്ടില്‍നിന്നു വിടുമ്പോള്‍ കുറച്ച് കള്ളം പറയേണ്ടിവന്നുവെന്ന കുറ്റസമ്മതവും ഇജാസ് നടത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 414 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക