|    Nov 21 Wed, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഖ്യസാധ്യത തേടി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെലുഗുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു പുറമെ അടുത്തവര്‍ഷം നടക്കാനുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം വീരപ്പമൊയ്‌ലിയാണ് തെലുഗുദേശം പാര്‍ട്ടിയെയും ചന്ദ്രബാബു നായിഡുവിനെയും യുപിഎ ഭാഗമാവുന്നതിനായി ക്ഷണിച്ചത്. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഉമ്മന്‍ചാണ്ടിയും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ചന്ദ്രബാബു നായിഡുവുമായുള്ള ഐക്യം കോണ്‍ഗ്രസ്സിനെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആന്ധ്രയില്‍ ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സുമായാണ് സ്വാഭാവിക സഖ്യം ആവേണ്ടത്. ടിഡിപിയാണ് അവിടെ കോണ്‍ഗ്രസ്സിന്റെ സുപ്രധാന എതിരാളി. ടിഡിപിയോട് സഖ്യം കൂടുന്നതിനോടു പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍, ദേശീയതലത്തില്‍ സഖ്യം ഉണ്ടാവുന്നതിന് ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടായാല്‍ അത് സംസ്ഥാന ഘടകം അംഗീകരിക്കും. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കുകയാണു പ്രഥമ ലക്ഷ്യമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തങ്ങള്‍ക്ക് ശക്തിയില്ലെന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായിരുന്നിട്ടും സംസ്ഥാനം ഭരിച്ചിട്ടും ടിഡിപിക്ക് ആന്ധ്രപ്രദേശിനു പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അടുത്തിടെ ആന്ധ്രയില്‍ നടന്ന സര്‍വേകളില്‍ രാഹുല്‍ഗാന്ധിക്കു വലിയ സ്വീകാര്യത ഉള്ളതായി വ്യക്തമായിരുന്നു.
യുപിഎ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ അത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്യും. തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചുവരവിനുള്ള സാധ്യത തെളിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചന്ദ്രബാബു നായിഡുവുമായി വളരെ നല്ല ഒരു ചര്‍ച്ചയാണു നടന്നതെന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ജനാധിപത്യത്തിനും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി ഇരു പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കും. ഈ ലക്ഷ്യത്തിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു മുന്നോട്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.
നിലവിലെ സാഹചര്യം കണക്കിലെടുത്തു രാജ്യത്തിന് ഒരു ദിശാബോധം ഉണ്ടാക്കുന്നതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് ചേരേണ്ട സമയമാണിതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ജനാധിപത്യ സംരക്ഷണത്തിനായും രാജ്യത്തിന്റെ രക്ഷയ്ക്കായും ഇരു പാര്‍ട്ടികള്‍ കൂടിച്ചേരുന്നു എന്നാണ് നായിഡു പറഞ്ഞത്. രാജ്യത്തെ രക്ഷിക്കാനുള്ള ജനാധിപത്യ കൂടിച്ചേരലാണിതെന്നാണു കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ചു നായിഡു പ്രതികരിച്ചത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദുമായും ചന്ദ്രബാബു നായിഡു ഇന്നലെ കൂടിക്കാഴ്ച നടത്തി. എന്‍സിപി നേതാവ് ശരത്പവാറുമായും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുമായും നായ്ഡു കൂടിക്കാഴ്ച നടത്തി.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണു ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തി വിവിധ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. മോദി സര്‍ക്കാരിനെതിരേ നില്‍ക്കുന്ന എല്ലാ പാര്‍ട്ടികളെയും ഐക്യ പ്രതിപക്ഷ നിരയിലേക്കു ക്ഷണിക്കുകയാണെന്നാണു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശരത്പവാര്‍ പറഞ്ഞത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss