സഖാവ് വിഎസിനെ ഇനിയും ദ്രോഹിക്കരുതേ
Published : 19th March 2016 | Posted By: G.A.G
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ പ്രായം നിശ്ചയിച്ചിട്ടില്ല. പ്രായം തികഞ്ഞാലേ മെംബര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പുള്ള കാലം അനുഭാവിപ്പട്ടികകളിലാണു സ്ഥാനം. പാര്‍ട്ടിയുടെ അച്ചടക്കം പാലിച്ചു നടന്ന്, നേതാക്കളെ വേണ്ടപോലെ അനുസരിച്ച്, പാര്‍ട്ടി ലെവി കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മരണം വരെ മെംബറായി തുടരാം. പാര്‍ട്ടി നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം നിജപ്പെടുത്തിയിട്ടില്ല. അവകാശപ്പെട്ട പ്രായം മുതല്‍ മല്‍സരം തുടങ്ങാം. ഏതു പ്രായത്തില്‍ മല്‍സരം നിര്‍ത്തണമെന്നു പാര്‍ട്ടിയുടെ ഒരു ചുവന്ന തടിയന് പുസ്തകത്തിലും രേഖപ്പെടുത്തിവച്ചിട്ടില്ല. പാര്‍ട്ടിക്ക് വേദവാക്യമായ ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങള്‍ വള്ളിപുള്ളി വായിച്ചാലും ഇതേക്കുറിച്ച് ഒരക്ഷരം കാണാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകള്ക്കാണെങ്കില് ഇക്കാര്യത്തില്‍ പാരമ്പര്യവും കീഴ്വഴക്കങ്ങളും ധാരാളമുണ്ട്. ലോകനേതാവായ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ മുതല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു വരെയുള്ളവരുടെ മാതൃക. കേരളത്തില്‍ മാത്രം നോക്കുകയാണെങ്കില്‍ ഇഎംഎസ് മുതല്‍ സി അച്യുതമേനോന് വരെയുള്ളവരുടെ മഹനീയ മാതൃകകള്‍. വയസ്സാവുമ്പോള്‍- കാഴ്ച മങ്ങുമ്പോള്‍, കേള്‍വി കുറയുമ്പോള്‍, നടക്കാന്‍ പ്രയാസപ്പെടുമ്പോള്‍, പലതരം രോഗങ്ങള്‍ ശരീരത്തില്‍ മേഞ്ഞുനടക്കുമ്പോള്‍ ഞാനിനി മല്‍സരത്തിനില്ലെന്നു പ്രഖ്യാപിക്കുന്ന പാരമ്പര്യം. ഇതാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സ്വജീവിതത്തിലൂടെ നമുക്കു കാണിച്ചുതന്ന പാരമ്പര്യം. സ്ഥാനമാനങ്ങളില്ലാതെ പാര്‍ട്ടിപ്രവര്‍ത്തനത്തിന് പ്രായം അത്രയ്ക്ക് തടസ്സമല്ല. ജനപ്രതിനിധിയായാല്‍ അതല്ല സ്ഥിതി. ജനങ്ങളോട് കടപ്പാടും ബാധ്യതയുമുണ്ട്. സുഖമില്ല എന്ന കാരണത്താല്‍ സദാസമയവും ജനപ്രതിനിധിക്ക് വീട്ടില്‍ ഇരിക്കാന്‍ നിവൃത്തിയില്ല. പ്രായമാവുന്നതും ശരീര അസ്വസ്ഥതകള്‍ ഉണ്ടാവുന്നതും സ്വാഭാവികമാണ്. അതു മനുഷ്യജീവിത ചരിത്രത്തില്‍ അനിവാര്യവുമാണ്. വയസ്സാവുന്നവരോട് അത്യധികമായ ബഹുമാനം കാണിച്ച് അവരെ ശുശ്രൂഷിക്കുന്നത് ജീവിതമര്യാദയില്പ്പെട്ടതാണ്. കുടുംബക്കാര് മാത്രമല്ല, അനുയായികള്‍ക്കും ഇതു ബാധകമാണ്. പ്രായംകൊണ്ട് അവശതയനുഭവിക്കുന്നവരെ കഠിനമായ ജോലികളില്‍ ഏര്‍പ്പെടുത്തുന്നത് വാസ്തവത്തില്‍ ക്രിമിനല്‍ക്കുറ്റമായി കണക്കാക്കണം. ബാലന്മാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാല്‍ ശിക്ഷ നല്കാന് നിയമം നിലവിലുണ്ട്. എന്നാല്‍, പ്രായമായവരെക്കൊണ്ട് ജോലിചെയ്യിപ്പിച്ചാല് ശിക്ഷ നല്കാന് പ്രത്യേകമായ നിയമമില്ല. എങ്കിലും ദ്രോഹിക്കല്‍, ഉപദ്രവിക്കല്‍, പീഡനം തുടങ്ങിയ വകുപ്പുകളില്‍ ശിക്ഷ നല്കാവുന്നതുമാണ്. കേരളത്തിലെ സിപിഎം എന്ന പാര്‍ട്ടി ഇങ്ങനെയൊരു കുറ്റത്തിനു ശിക്ഷിക്കപ്പെടണം. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന് എന്ന 92 വയസ്സുകാരനോട് പാര്‍ട്ടി കാണിക്കുന്നത് എന്താണ്? ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച വിപ്ലവജീവിതം. മര്‍ദ്ദനങ്ങളും ജയില്‍വാസവും മഹാത്യാഗങ്ങളും ആ സഖാവ് എത്രയെത്ര അനുഭവിച്ചു. പ്രായംകൊണ്ടും ശരീരപീഡകള്‍ കൊണ്ടും പരസഹായമില്ലാതെ നിത്യവൃത്തി നടത്താന്‍ കഴിയാത്ത ആ നേതാവിനെ വീണ്ടും മല്‍സരിപ്പിക്കുക. എന്തൊരു മഹാപാപമാണിത്? വോട്ടര്‍മാര്‍ക്ക് അറിയാവുന്നതുകൊണ്ട് സഖാവിനെ ജയിപ്പിക്കുമായിരിക്കും. അദ്ദേഹം ജയിക്കുകയും ഭരണം കിട്ടുകയും ചെയ്താല്‍ മുഖ്യമന്ത്രിക്കസേരയില്‍ വീണ്ടും ഇരുത്തുമത്രെ. അപ്പോള്‍ 97 വയസ്സുവരെ മുഖ്യമന്ത്രിയായി അദ്ദേഹം തുടരാന്‍ വിധിക്കപ്പെടും. ഇനി ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷനേതാവ് പദവിയില്‍ വീണ്ടും ഇരുത്തുമത്രെ. പ്രതിപക്ഷനേതാവിനാണെങ്കില് മുഖ്യമന്ത്രിയെക്കാളും ഭാരിച്ച പണിയുമാണ്. ത്യാഗമധുരമായ ജീവിതത്തിനുടമയും തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനുമായ സഖാവ് വിഎസ് സ്വന്തം അവശതകള്‍ മറന്ന് പാര്‍ട്ടി പറയുന്നത് എപ്പോഴും അനുസരിച്ചുപോരുന്നു? ഇത് എന്തൊരു പാര്‍ട്ടിയാണ്? ഇത് എന്തൊരു മുന്നണിയാണ്? ജനങ്ങള്‍ ഇപ്പോഴേ സംസാരിച്ചുതുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി സംസ്ഥാനനേതൃത്വം മാത്രമല്ല, പോളിറ്റ്ബ്യൂറോയും വിഎസിനോട് ഈ ക്രൂരത കാണിക്കുകയാണ്. 92 വയസ്സുകാരനായ വി എസ് അച്യുതാനന്ദന് നയിച്ചാല്‍ മാത്രമേ പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ജയിക്കാന്‍ കഴിയൂ എന്ന വിലയിരുത്തല്‍ വല്ലാത്ത പാപ്പരത്തമാണ്. സംസ്ഥാനത്തെ സിപിഎമ്മില്‍ നേതാക്കള്‍ക്ക് ഇത്ര ക്ഷാമമോ? എകെജിയും ഇഎംഎസും ഇ കെ നായനാരും വിട്ടുപിരിഞ്ഞിട്ടും പാര്‍ട്ടി മുന്നോട്ടുപോയില്ലേ? ഒരു വിഎസിനെ ചുറ്റിപ്പറ്റി പാര്‍ട്ടിയും ഇ ജ മുന്നണിയും നീങ്ങുന്നത് വലിയ പ്രതിസന്ധിതന്നെയാണ്. ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര് ഉയരുന്നു എന്നു പാടുന്ന പാര്‍ട്ടിയില്‍ എന്തുകൊണ്ടാണ് ഒരായിരം വിഎസുമാര് ഉണ്ടാവാത്തത്? പുതിയ തലമുറയെ എന്തുകൊണ്ട് താക്കോല്‍സ്ഥാനങ്ങളിലേക്കു കൊണ്ടുവരുന്നില്ല. വിഎസിന്റെ പ്രതിച്ഛായയില്‍ മാത്രം പാര്‍ട്ടിക്കും മുന്നണിക്കും നില്ക്കാന് കഴിയുമോ? പ്രായമായ വിഎസിനെ എന്തിനു മല്‍സരിപ്പിച്ചു എന്നതാണു ജനങ്ങളുടെ മുമ്പിലുള്ള ഏറ്റവും വലിയ ചോദ്യം. കേരളത്തിലെ ജനങ്ങളോട് ഈ ചോദ്യത്തിനു ശരിയായ ഉത്തരം പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥമാണ്. ി

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.