|    Aug 19 Sat, 2017 3:16 am
FLASH NEWS

സഖാവ് കുഞ്ഞാലിയുടെ മരണത്തിലെ ഗൂഢാലോചന വിവരിച്ച് ഇങ്ക്വിലാബ്

Published : 3rd August 2017 | Posted By: fsq

 

മലപ്പുറം: കിഴക്കന്‍ ഏറനാടിന്റെ വിപ്ലവ നായകന്‍ സഖാവ് കുഞ്ഞാലിയുടെ ജീവിതവും സമരവും മരണവും അടയാളപ്പെടുത്തുന്ന ഇങ്ക്വിലാബ് നോവലില്‍ കുഞ്ഞാലിയുടെ മരണത്തിലേക്കു നയിച്ച ഗൂഢാലോചനകളും പരാമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നോവലിലാണ് കുഞ്ഞാലിയുടെ മരണത്തിലേക്ക് നയിച്ച ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. 1969 ജൂലൈ 26നാണ് സഖാവ് കുഞ്ഞാലിക്ക് നിലമ്പൂരിലെ ചുള്ളിയോട്ടുവച്ച് ദുരൂഹസാഹചര്യത്തില്‍ വെടിയേല്‍ക്കുന്നത്. 28ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി. അന്നത്തെ രാഷ്ട്രീയ പ്രതിയോഗിയും പിന്നീട് മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞാലിയെ വെടിവച്ചുകൊന്നതെന്നായിരുന്നു കേസ്. കുഞ്ഞാലിക്ക് വെടിയേറ്റ ചുള്ളിയോട്ടെ പാര്‍ട്ടി ഓഫിസിന് മുമ്പിലുള്ള കോണ്‍ഗ്രസ് ഓഫിസില്‍നിന്ന് ആര്യാടനടക്കമുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആര്യാടന്‍ മുഹമ്മദ് കേസില്‍ പത്തുമാസം ജയിലിലുമായി. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ വെറുതെവിട്ടു. ഇതിന്റെ പിന്നിലും ഒട്ടേറെ അട്ടിമറികള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത്തരം ദുരൂഹതകളുടെ ചുരുളുകള്‍ രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന നോവല്‍ വരച്ചു കാണിക്കുന്നുണ്ട്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങലാണ് 15 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം ഇങ്ക്വിലാബ് എന്ന പേരില്‍ നോവലെഴുതിയിരിക്കുന്നത്. ഏറനാടിന്റെ ചോര പടര്‍ന്ന ചെറുത്തുനില്‍പിന്റെ ഇതിഹാസമാണ് ഈ നോവലെന്ന് അവതാരികയില്‍ പ്രഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് പറയുന്നു. പുരോഗമനകലാ സാഹിത്യ സംഘം വണ്ടൂര്‍ ഏരിയാ കമ്മിറ്റിയാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം പുറത്തിറക്കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക