|    Sep 23 Sun, 2018 9:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘സഖാവിന്റെ പ്രിയ സഖി’: വിതരണക്കാരനെതിരേ അണിയറക്കാര്‍

Published : 14th January 2018 | Posted By: kasim kzm

കൊച്ചി: വിതരണക്കാരന്‍ വിശ്വാസവഞ്ചന കാണിച്ചതിനാല്‍ ‘സഖാവിന്റെ പ്രിയസഖി’ എന്ന സിനിമ യഥാവിധം റിലീസ് ചെയ്യാനായില്ലെന്ന് സംവിധായകന്‍ സിദ്ദീഖ് താമരശ്ശേരിയും അണിയറപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
102 തിയേറ്ററുകളില്‍ റിലീസിങ് നടത്തുമെന്നാണ് ഇദ്ദേഹം രേഖാമൂലം അറിയിച്ചിരുന്നത്. പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ 40 തിയേറ്ററുകള്‍ നഷ്ടമായി. എന്നാല്‍, പത്തില്‍ താഴെ തിയേറ്ററുകളിലാണ് മൂന്നോ നാലോ ഷോകള്‍ നടത്തിയത്. ഒരിടത്തു പോലും റഗുലര്‍ ഷോ ആയി സിനിമ റിലീസ് ചെയ്തില്ല. അതിനാല്‍ ഒട്ടേറെയാളുകള്‍ക്ക് സിനിമ കാണാനുള്ള അവസരം ലഭിച്ചില്ല.
ചില സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിതരണക്കാരായ ഗിരീഷ് പിക്‌ചേഴ്‌സ് ഉടമ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ജനുവരി 5നാണ് സിനിമാ റിലീസിങ് പ്രഖ്യാപിച്ചത്. കൊല്ലത്ത് മുഖ്യമന്ത്രി പ്രഥമ ഷോ ഉദ്ഘാടനം ചെയ്ത കാര്‍ണിവല്‍ തിയേറ്ററില്‍ പോലും അനുബന്ധ പ്രദര്‍ശനം ഏര്‍പ്പാടാക്കിയിരുന്നില്ല. ചാലക്കുടി മുതല്‍ കൊല്ലം വരെ ഒരു പോസ്റ്റര്‍പോലും റിലീസിങ് തിയ്യതി വരെ പതിച്ചില്ല. ആവശ്യത്തിന് ഫഌക്‌സുകളും ഉണ്ടായില്ല. കടുത്ത കരാര്‍ലംഘനമാണു നടത്തിയിരിക്കുന്നതെങ്കിലും വിതരണക്കാരനെതിരേ ഈ ഘട്ടത്തില്‍ നിയമനടപടി ആലോചിക്കുന്നില്ല. ചിത്രത്തിന് റീ റിലീസ് അനുവദിക്കണമെന്നാണ് ആവശ്യം. അതിനു വിതരണക്കാരന്‍ തയ്യാറായില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഏറെ പ്രയാസപ്പെട്ട് ചെയ്ത തന്റെ നല്ലൊരു സിനിമയെ കൊല്ലുകയാണ് വിതരണക്കാരന്‍ ചെയ്തതെന്ന് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നേഹ സക്‌സേന പറഞ്ഞു. ചിത്രത്തിന്റെ പ്രചാരണത്തിനായി 40ഓളം കോളജ് കാംപസുകളില്‍ പോയിരുന്നു. ഇപ്പോള്‍ അവിടെ നിന്നൊക്കെ ആളുകള്‍ വിളിച്ച് അങ്ങനെയൊരു ചിത്രം ഇല്ലായിരുന്നോ, സിനിമ ഇറങ്ങില്ലേ എന്നൊക്കെ ചോദിക്കുന്നു. ഇതു വല്ലാത്ത നാണക്കേടുണ്ടാക്കുകയാണ്. നല്ലൊരു മലയാള കുടുംബചിത്രത്തിനു ലഭിക്കേണ്ട അവസരമാണ് വിതരണക്കാരന്റെ വഞ്ചനയില്‍ തകര്‍ന്നതെന്നും നേഹ പറഞ്ഞു.
ജഗന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അര്‍ഷാദ് പി പി കോടിയില്‍ നിര്‍മിച്ച ചിത്രമാണ് ‘സഖാവിന്റെ പ്രിയ സഖി.’ സുധീര്‍ കരമനയാണ് നായകന്‍. നിര്‍മാതാവിനു പുറമേ അണിയറ പ്രവര്‍ത്തകരായ സി കെ കൃഷ്ണദാസ്, സി എം സിറാജ്, ഷാനു ഷാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss