|    Oct 19 Thu, 2017 4:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്ന് കോടിയേരി

Published : 12th November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹൂസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതയില്‍ സ്വീകരിച്ച നിലപാടിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രത്തില്‍ കൊടിയേരി ഇന്നലെ എഴുതിയ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കും എന്ന ലേഖനത്തിലാണ് സര്‍ക്കാര്‍ നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുന്നത്്. നിലവില്‍ സക്കീര്‍ ഹുസൈനെതിരേ കളമശ്ശേരി, തൃക്കാക്കര പോലിസ് സ്‌റ്റേഷനുകളിലായി 15 കേസുകള്‍ നിലവിലുണ്ടെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഗുണ്ടാ സംഘങ്ങള്‍ക്കെതിരായ  നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സക്കീര്‍ ഹുസൈന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സക്കീര്‍ ഹുസൈനെതിരേ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും അദ്ദേഹത്തെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുന്നത്, സിപിഎമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണെന്ന്് കോടിയേരി തന്റെ ലേഖനത്തില്‍ പറയുന്നു. സക്കീര്‍ ഹുസൈനെതിരായ ഈ കേസുകളെല്ലാം ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പ നിമയപ്രകാരം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. അത്തരം തോന്ന്യാസ ഭരണത്തിന്റെ ഭാഗമായാണ് സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസുകളില്‍ പ്രതിയാക്കിയതെന്നും കോടിയേരി പറയുന്നു. ഒന്നരവര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിന്റ പേരില്‍ സക്കീര്‍ ഹുസൈനെതിരേ ഇപ്പോള്‍ പരാതി നല്‍കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി എന്തെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സക്കീര്‍ ഹുസൈനെ പിന്തുണയ്ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ പക്ഷേ ഡിവൈഎഫ് ഐ നേതാവായിരുന്ന കറുകപ്പള്ളി സിദ്ദീഖിനെ ലേഖനത്തില്‍ തള്ളിപ്പറയുകയാണ്. സിദ്ധീഖ് പാര്‍ട്ടി നേതാവാണെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അത് വസ്തുതയല്ലെന്നാണ് ലേഖനം. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും പല പരിപാടികളിലും അനുഭാവിയെന്ന പേരില്‍  അയാള്‍ പങ്കെടുത്തിരുന്നുവെന്നുമാണ് കോടിയേരി തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വനിതാ സംരഭകയെ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസില്‍ കറുകപ്പള്ളി സിദ്ദീഖിനെ പോലിസ് അറസ്റ്റു ചെയ്ത അന്നു തന്നെ ഡിവൈഎഫ്‌ഐയില്‍ നിന്നും ഇയാളെ പുറത്താക്കി നേതൃത്വം വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. കോടിയേരി ലേഖനത്തില്‍ പറയുന്നതുപോലെ അനുഭാവി മാത്രമാണെങ്കില്‍ എങ്ങിനെയാണ് അദ്ദേഹത്തെ സംഘടനയില്‍ നിന്നു പുറത്താക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക