|    Sep 26 Tue, 2017 12:40 pm

സക്കീര്‍ ഹുസൈനെതിരേ പാര്‍ട്ടി നടപടിയെടുത്തില്ല

Published : 29th October 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെ പോലിസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സക്കീര്‍ ഹുസൈനെ സംരക്ഷിക്കാന്‍ ജില്ലാ നേതാക്കള്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഇയാള്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി കൈകൊള്ളാത്തതും തീരുമാനം എടുക്കാന്‍ വൈകുന്നതും പാര്‍ട്ടി ഇയാള്‍ക്ക് സംരക്ഷണം ഒരുക്കുന്നതായും ആരോപണമുണ്ട്. അടുത്തമാസം നാലിന് നടക്കുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടിയുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചചെയ്‌തെങ്കിലും ഭൂരിപക്ഷ അംഗങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ തീരുമാനമെടുക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. സക്കീര്‍ ഹുസൈനെതിരേ കൊച്ചി സിറ്റി പോലിസ് ടാസ്‌ക് ഫോഴ്‌സ് കേസെടുത്ത സാഹചര്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ ചേര്‍ന്നത്. സക്കീര്‍ ഹുസൈനെതിരായ കേസില്‍ പാര്‍ട്ടി ഒരു തരത്തിലും ഇടപെടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പ്രസ്താവനയില്‍ പറഞ്ഞു. ശരിയായ അന്വേഷണം നടത്തണം. കുറ്റം ചെയ്‌തെന്നു തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി എന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലിസ് കേസെടുത്തത്. യുവ സംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കഴിഞ്ഞയാഴ്ച ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദിഖിനെ അറസ്റ്റുചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക