|    Apr 27 Thu, 2017 4:45 am
FLASH NEWS

സക്കീര്‍ ഹുസൈനെതിരേ പരാതി നല്‍കിയ ആളില്‍നിന്നും സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Published : 14th November 2016 | Posted By: SMR

കൊച്ചി: സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേ പോലിസില്‍ പരാതിപ്പെട്ടയാളില്‍നിന്നും സിപിഎം നിയോഗിച്ച കമ്മീഷന്‍ എളമരം കരിം തെളിവെടുപ്പ് നടത്തി. പരാതിക്കാരനായ വ്യവസായി ജൂബി പൗലോസില്‍നിന്നാണ് തെളിവെടുപ്പ് നടത്തിയത്. സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് വ്യവസായി ജൂബി പൗലോസ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പോലിസ് കേസെടുത്തതോടെ സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോയിരിക്കുകയാണ്. കേസിനെത്തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീര്‍ ഹുസൈനെ നീക്കുകയും വിഷയം സംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി എളമരം കരീമിനെ നിയോഗിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കഴിഞ്ഞദിവസം കളമശ്ശേരിയിലെത്തി ഏരിയാ കമ്മിറ്റി അംഗങ്ങളില്‍നിന്നു തെളിവെടുത്തിരുന്നു. ഇതിനുശേഷമാണ് ഇന്നലെ പരാതിക്കാരനായ ജൂബി പൗലോസില്‍നിന്നും കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കിടയാക്കി കാര്യങ്ങള്‍ വിശദീകരിച്ച ജൂബി പൗലോസ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും ബിസിനസുകാരന്‍ മാത്രമാണെന്നും എളമരം കരീമിനോട്് പറഞ്ഞതായാണ് അറിയുന്നത്്. സക്കീര്‍ ഹുസൈന്‍ വിഷയത്തില്‍ നടത്തുന്ന അന്വേഷണ റിപോര്‍ട് ഒരു മാസത്തിനകം പാര്‍ട്ടിക്ക് സമര്‍പിക്കുമെന്ന് കഴിഞ്ഞ ദിവസം എളമരം കരീം പറഞ്ഞിരുന്നു. അതിനിടയില്‍ സക്കീര്‍ ഹുസൈന്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ് മുലം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day