|    Oct 22 Mon, 2018 8:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സക്കരിയ ഒമ്പതുവര്‍ഷമായി കാരാഗൃഹത്തില്‍ തന്നെ

Published : 6th February 2018 | Posted By: kasim kzm

വി ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: പ്രതിഷേധങ്ങളും മുറവിളികളും ഫലം കാണാതെ വന്നതോടെ സക്കരിയയുടെ കാരാഗൃഹവാസം അനന്തമായി നീളുന്നു. പരപ്പനങ്ങാടി കോണിയത്ത് സക്കരിയ യുഎപിഎ ചുമത്തപ്പെട്ട് കര്‍ണാടക അഗ്രഹാര ജയിലില്‍ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് കഴിയാന്‍ തുടങ്ങിയിട്ട് ഒമ്പതുവര്‍ഷമായി. 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് കര്‍ണാടക പോലിസ് സക്കരിയയെ അറസ്റ്റ് ചെയ്തത്. 2009 ഫെബ്രുവരി 5നാണ് സക്കരിയയെ ജോലി ചെയ്യുന്ന തിരൂരിലെ മൊബൈല്‍ ഷോപ്പില്‍ വച്ച് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തത്. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന്  വെളിപ്പെടുത്താതെയും വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുവദിക്കാതെയും കര്‍ണാടക പോലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. അറസ്റ്റ് ചെയ്ത് നാലുദിവസത്തിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് സക്കരിയയെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങളില്‍ നിന്നാണ് ഉമ്മ ബീയുമ്മ അടക്കമുള്ളവര്‍ അറിഞ്ഞത്.10ാം വയസ്സില്‍ പിതാവ് മരണപ്പെട്ട സക്കരിയ ബികോം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മൊബൈല്‍ ടെക്‌നോളജി പഠിച്ചശേഷം തിരൂരിലുള്ള ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. 19ാം വയസ്സില്‍ അറസ്റ്റിലായ സക്കരിയയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെ ഒരു പതിറ്റാണ്ടോടടുക്കുന്ന ഏകാന്തവാസം മാനസികമായും ശാരീരികമായും തകര്‍ത്തിരിക്കുകയാണ്. ഉദരസംബന്ധമായ രോഗങ്ങളും കടുത്ത തലവേദനയും ബാധിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരേയുള്ള ഇനിയും വിചാരണ തീരാത്ത കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ രണ്ടു സാക്ഷികളും വ്യാജസാക്ഷികളാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയെങ്കിലും കോടതി അത് അവഗണിക്കുകയായിരുന്നു.സാക്ഷികളില്‍ ഒരാളായ നിസാമുദ്ദീനോട് കര്‍ണാടക പോലിസ് കന്നഡയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. കന്നഡ അറിയാത്തതിനാല്‍ അതെന്താണെന്ന് നിസാമുദ്ദീന്‍ അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്‌ഐ ആണ് ‘ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്’ എന്ന് പരിഭാഷപ്പെടുത്തിയത്. രണ്ടാം’സാക്ഷി’ ഹരിദാസ് താന്‍ സക്കരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. പോലിസ് രേഖയിലെ മൊഴി താന്‍ നല്‍കിയതല്ലെന്നും അയാള്‍ പറയുന്നു. അഗ്രഹാര ജയില്‍വാസത്തിനിടയില്‍ സക്കരിയക്ക് രണ്ടുപ്രാവശ്യം മാത്രമാണു ജാമ്യം ലഭിച്ചത്. ജ്യേഷ്ഠന്‍ മുഹമ്മദിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സക്കരിയക്ക് വിചാരണക്കോടതി ആദ്യം ജാമ്യം അനുവദിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം സക്കരിയ രണ്ടുദിവസത്തെ ജാമ്യത്തില്‍ വന്നത് അതേ സഹോദരന്റെ ദാരുണമായ മരണവാര്‍ത്തയറിഞ്ഞ് ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു. ആദ്യം തീവ്രവാദി എന്ന മുദ്ര ലഭിച്ച സക്കരിയക്കു വേണ്ടി പിന്നീട് പരപ്പനങ്ങാടിയില്‍ നാട്ടുകാര്‍ സക്കരിയ ആക്ഷന്‍ ഫോറം രൂപീകരിച്ച് രംഗത്തുവന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങളും ജയില്‍മോചനത്തിനായുള്ള മുറവിളികളും പാര്‍ലമെന്റില്‍ വരെ ഉയര്‍ത്തി. ഇപ്പോള്‍ എല്ലാം നിലച്ച മട്ടാണ്. ഒരു പതിറ്റാണ്ടിനടുത്തായി മകനെ കാത്ത് ദുആ ചെയ്ത് വിതുമ്പുന്ന ബീയുമ്മയെ ആര്‍ക്കും വേണ്ട. വീട്ടിനടുത്തുള്ള റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ പോവുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ തന്റെ മകനുണ്ടാവണേ എന്നു കൊതിച്ചുപോവുന്ന ആ ഉമ്മയുടെ കാത്തിരിപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അനന്തമായി നീളുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss