|    Jan 22 Sun, 2017 5:47 pm
FLASH NEWS

സകാത്തും മനസ്സാക്ഷിയും

Published : 31st July 2015 | Posted By: admin

hridaya

സ്വര്‍ണവും വെള്ളിയും കൂമ്പാരമാക്കിവയ്ക്കുകയും ദൈവഹിതമനുസരിച്ച് ചെലവുചെയ്യാതിരിക്കുകയും ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഖുര്‍ആന്‍. അവര്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ച് വിശുദ്ധഗ്രന്ഥം പരാമര്‍ശിക്കുന്നുമുണ്ട്. ഇസ്‌ലാം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, സാമ്പത്തികമേഖലയില്‍ അതു സൃഷ്ടിച്ച വമ്പിച്ച പരിഷ്‌കാരങ്ങളെക്കുറിച്ച് വാചാലരാവുന്ന നിരവധിപേരുണ്ട്. മുഹമ്മദ് ദുര്‍ബലര്‍ക്കും മര്‍ദ്ദിതര്‍ക്കും ഗുണകരമായ സാമൂഹികമാറ്റം സൃഷ്ടിച്ചുവെന്ന പ്രസ്താവന അത്തരമൊന്നാണ്. അവിശ്വാസത്തിന്റെ വിനകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ എപ്രകാരം കര്‍മനിരതരായോ അതേ ഉല്‍സാഹത്തോടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജനക്ഷേമത്തിനും ഇസ്‌ലാമിക ഭരണകൂടങ്ങള്‍ ശ്രമിച്ചുപോന്നതായി കാണാം. സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ കറങ്ങിത്തിരിയാനും, ജനങ്ങള്‍ ഉള്ളവര്‍, ഇല്ലാത്തവര്‍ എന്നിങ്ങനെ വിഭജിക്കപ്പെടാനുമുള്ള സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് സകാത്തും ദാനവും ഇസ്്‌ലാം നിഷ്‌കര്‍ഷിക്കുന്നത്.
സമ്പന്നവിഭാഗത്തിന്റെ ബാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് ഇബ്‌നുഹസം ഇങ്ങനെ പറയുകയുണ്ടായി: ഓരോ പ്രദേശത്തെയും പാവപ്പെട്ടവരുടെ ജീവിതത്തിന് സുരക്ഷിതത്വം നല്‍കാന്‍ അവിടത്തെ ധനികര്‍ ബാധ്യസ്ഥരാണ്. പാവപ്പെട്ടവരുടെ സാമ്പത്തികനില ഭദ്രമാക്കാന്‍ പൊതുഖജനാവിലെ വരുമാനവും സകാത്ത് വിഹിതവും തികയാതെ വന്നാല്‍ സമ്പന്നരുടെമേല്‍ അതിനായി ഇസ്‌ലാമികരാഷ്ട്രം നിര്‍ബന്ധം ചെലുത്തണം. ഭക്ഷണം, ഉഷ്ണകാലത്തും ശൈത്യകാലത്തും ധരിക്കാനുള്ള വസ്ത്രം, ചൂട്, മഴ, പ്രളയഭീതി എന്നിവയില്‍നിന്ന് സുരക്ഷിതത്വം നല്‍കുന്ന പാര്‍പ്പിടം തുടങ്ങിയ ജീവിതാവശ്യങ്ങളെങ്കിലും സമ്പന്നര്‍ അവര്‍ക്കായി നിവര്‍ത്തിച്ചുകൊടുക്കണം. സകാത്തിന്റെ വിഹിതം നല്‍കാതിരുന്നവരോട് ഖലീഫ അബൂബക്കര്‍ എന്തു നിലപാടായിരുന്നു സ്വീകരിച്ചതെന്ന് ഇസ്്‌ലാമികചരിത്രം പറയുന്നുണ്ട്. സാമ്പത്തികമായി ജനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍ അബൂദറുല്‍ ഗിഫാരി ഒരു കലാപത്തിന് തന്നെ തുടക്കം കുറിക്കുകയുണ്ടായി.
സകാത്തിലൂടെ ഇസ്്‌ലാം ഉന്നംവയ്ക്കുന്ന സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തെന്ന് നമുക്കു വ്യക്തമായും അറിയാം. ആര്‍ക്കൊക്കെ സകാത്ത് കൊടുക്കണം, എപ്പോള്‍ കൊടുക്കണം എന്നതെല്ലാം പ്രമാണങ്ങളില്‍നിന്ന് മനസ്സിലാവുന്നുണ്ട്. അതു പോരാഞ്ഞ് പ്രസിദ്ധീകരണങ്ങള്‍ അതുസംബന്ധമായി വിശദമായി ചര്‍ച്ചചെയ്യുന്നു. ജുമുഅ പ്രഭാഷണങ്ങളിലൂടെയും സകാത്ത് സംബന്ധമായ ബോധവല്‍ക്കരണം നിര്‍ലോഭം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പക്ഷേ, സകാത്തിനെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ആള്‍ജിബ്രയും അരിത്ത്മാറ്റിക്‌സും ജ്യോമട്രിയും മനസ്സിലാക്കുന്നതില്‍ നാം ആരുടെയും പിന്നിലല്ല. മാര്‍ക്്‌സിന്റെ മിച്ചമൂല്യസിദ്ധാന്തവും ഗാന്ധിയുടെ ട്രസ്റ്റിഷിപ്പ് സിദ്ധാന്തവും നമുക്ക് ഗ്രഹിക്കാനാവുന്നു. ആഡംസ്മിത്, ജെ.എസ്. മില്‍, ഡേവിഡ് റിക്കാര്‍ഡോ, കെയുന്‍സ് ഇവരില്‍ ആരുടെയും സാമ്പത്തികതത്ത്വങ്ങള്‍ നമുക്ക് മനസ്സിലാവാതെപോവുന്നില്ല. മനസ്സിലാവാതെപോവുന്നത് സകാത്തോടു ബന്ധപ്പെട്ട ഗണിതശാസ്ത്രവും സാമൂഹികശാസ്ത്രവും മാത്രം. സകാത്ത് കൊടുക്കാതിരിക്കാന്‍ ആവശ്യമായ, ഏതു പണ്ഡിതനെയും പരാജയപ്പെടുത്താന്‍ പോന്ന കര്‍മശാസ്ത്രപാണ്ഡിത്യം നാം നേടിയിരിക്കുന്നു.
ഇസ്രായേല്‍ മക്കളുടെ മനസ്സില്‍ രൂഢമൂലമായിട്ടുണ്ടായിരുന്ന പശുഭക്തി പിഴുതെറിയാനായി ഒരു പശുവിനെ ബലിയറുക്കണമെന്ന് മൂസ നബി അവരോടാവശ്യപ്പെട്ടു. തങ്ങളുടെ കൈകൊണ്ട് അറുത്ത് പശുവിന്റെ ജീവന്‍ കളയാനാവും എന്നും അങ്ങനെയുള്ള മൃഗത്തെ ദൈവമാക്കുന്നത് വിഡ്ഢിത്തമാണെന്നും വ്യക്തമാക്കിക്കൊടുക്കുകയായിരുന്നു മൂസ നബിയുടെ ലക്ഷ്യം. ഈ ലക്ഷ്യം ഇസ്രായേല്‍ മക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടും ബലിയറുക്കാതിരിക്കാനായി നിരവധി ചോദ്യങ്ങള്‍ അവര്‍ ഉന്നയിക്കുകയുണ്ടായി. ‘നാം സകാത്ത് കൊടുക്കേണ്ടതുണേ്ടാ?’ ഈ ചോദ്യം നമ്മുടെ മനസ്സാക്ഷിയോടു ചോദിക്കുക. മനസ്സാക്ഷിയാണ് ഏറ്റവും നീതിമാനായ വിധികര്‍ത്താവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക