|    Oct 17 Wed, 2018 6:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംഹാര മഴ; 28മരണം

Published : 10th August 2018 | Posted By: kasim kzm

തിരുവനന്തപുരം/അടിമാലി/മലപ്പുറം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇടുക്കിയിലാണ് ഏറ്റവുമധികം മരണം. 13 പേരാണ് ജില്ലയില്‍ മരിച്ചത്. മലപ്പുറം- 05, വയനാട്- 03, എറണാകുളം- 02, കണ്ണൂര്‍- 02, പാലക്കാട്- 02, കോഴിക്കോട്- 01. നാലുപേരെ കാണാതായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ രണ്ടു പേരെയും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓരോരുത്തരെയുമാണ് കാണാതായിരിക്കുന്നത്. 16 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്.
സംസ്ഥാനത്ത് ഇതുവരെ 19 വീടുകള്‍ പൂര്‍ണമായും 363 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്ക് ഏറ്റവുമധികം നാശനഷ്ടമുണ്ടായത് വയനാട് ജില്ലയിലാണ്. ഇവിടെ 115 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സംസ്ഥാനത്തെ 157 ദുരിതാശ്വാസ ക്യാംപുകളിലായി 2,946 കുടുംബങ്ങളില്‍ നിന്ന് 10,498 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മഴ ഏറ്റവും നാശം വിതച്ചത് വയനാട് ജില്ലയിലാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിലും സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.
ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ അടക്കം 13 പേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. അടിമാലി ലക്ഷംവീടിന് സമീപം പുതിയകുന്നേല്‍ ഫാത്തിമ (65), മകന്‍ മുജീബ് (35), ഭാര്യ ഷമീന (32), മക്കളായ നിയ (4), ദിയ (6) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ ഹസന്‍കുട്ടി (70), ഷമീനയുടെ ബന്ധു കൊല്ലം കല്ലുവെട്ടിക്കുഴി സൈനുദ്ദീന്‍ (50) എന്നിവര്‍ രക്ഷപ്പെട്ടു. വീട്ടില്‍ ഉറങ്ങിക്കിടന്നവരാണ് മണ്ണിനടിയിലായത്.
കുരങ്ങാട്ടി ആദിവാസിക്കുടിയില്‍ കറുമ്പനാനിക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെ അയല്‍വാസികളായ ബന്ധുക്കളാണ് വീട് തകര്‍ന്നത് കണ്ടത്. കമ്പിളികണ്ടം കുരിശുകുത്തി മലയില്‍ ഉരുള്‍പൊട്ടിയാണ് പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (46) മരിച്ചത്. അടിമാലിയില്‍ മരിച്ച അഞ്ചുപേരെയും ടൗണ്‍ ജുമാമസ്ജിദില്‍ ഖബറടക്കി. മോഹനന്റെയും ശോഭയുടെയും മൃതദേഹങ്ങള്‍ കുരങ്ങാട്ടിയിലെ വീട്ടുവളപ്പില്‍ ഇന്നു സംസ്‌കരിക്കും.
വാത്തിക്കുടി രാജപുരം ക്രിസ്തുരാജ് എല്‍പി സ്‌കൂളിന് സമീപം ഉരുള്‍പൊട്ടലില്‍ കരികുളത്ത് വീട്ടില്‍ രാജന്‍, ഉഷ എന്നിവരെയാണ് കാണാതായത്. കരികുളത്ത് വീട്ടില്‍ ലക്ഷ്മിക്കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരിയാര്‍വാലിയില്‍ കൂട്ടകുന്നേല്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവര്‍ മരിച്ചു. കമ്പിളികണ്ടം കുരിശുകുത്തിയില്‍ പന്തപ്പള്ളില്‍ തങ്കമ്മ മാണിയാണ് മരിച്ചത്.മുരിക്കാശ്ശേരി രാജപുരത്ത് വീടിന് മുകളിലേക്ക് മണ്ണ് വീണതിനെ തുടര്‍ന്ന് കരികുളത്ത് മീനാക്ഷി(90)യാണ് മരിച്ചത്. ഇവരുടെ മക്കളായ രാജന്‍, ഉഷ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
മലപ്പുറത്തെ നിലമ്പൂര്‍ എരുമമുണ്ടയ്ക്കടുത്ത് ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ചാലിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള ചെട്ടിയാംപാറയിലാണ് ഉരുള്‍പൊട്ടിയത്. പറമ്പാടന്‍ കുഞ്ഞി (50), മരുമകള്‍ ഗീത (29), മക്കളായ നവനീത് (9), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരീപുത്രന്‍ മിഥുന്‍ (16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ്യനെ (30) കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അതിനിടെ, ഭാരതപുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി അബ്ദുല്‍ സലാമിന്റെ മൃതദേഹവും ഇന്നലെ കണ്ടെടുത്തു.
പെരുമ്പാവൂര്‍ മണ്ണൂര്‍ ഐരാപുരം തട്ടുപാലത്തിനു സമീപം തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മണ്ണൂര്‍ ഐരാപുരം കോഴിക്കല്‍ ഹൗസ് (അംബികാ മഠത്തില്‍) സുനില്‍ തോമസിന്റെ മകന്‍ അലന്‍ തോമസ് (17), മണ്ണൂര്‍ കൊല്ലേരിമൂല ജിജിയുടെ മകന്‍ ഗോപീകൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇടമലയാര്‍ ഡാം തുറന്നുവിട്ടതോടെ ഇതുവഴി വെള്ളം കുതിച്ചെത്തുകയും തുടര്‍ന്ന് ഇവിടെ കുളിച്ചുകൊണ്ടിരുന്ന അലനും ഗോപീകൃഷ്ണനും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ബിജിമോളാണ് ഗോപീകൃഷ്ണന്റെ മാതാവ്. സഹോദരന്‍: ജയകൃഷ്ണന്‍.
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മക്കിമല മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷന് അടുത്തുള്ള ലക്ഷംവീട് കോളനിയിലെ തൊളിയറത്തല ജോര്‍ജിന്റെ ഭാര്യ ലില്ലി (67) എന്നിവരാണ് മരിച്ചത്. തലപ്പുഴയ്ക്കടുത്ത മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് ദമ്പതികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്. കോഴിക്കോട്ട് ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി മട്ടിക്കുന്നില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. മട്ടിക്കുന്ന് പരപ്പന്‍പാറ മാധവിയുടെ മകന്‍ റിജിത്ത് (25) ആണ് മരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss