|    Oct 23 Mon, 2017 7:19 pm
FLASH NEWS

സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ; തള്ളിക്കളഞ്ഞ നോമിനേഷന്‍ രജിസ്ട്രാര്‍ തിരിച്ചെടുത്തു; റിട്ടേണിങ് ഓഫിസര്‍ രാജിവച്ചു

Published : 8th October 2016 | Posted By: Abbasali tf

കാലടി: സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. എസ്എഫ് ഐ പ്രവര്‍ത്തകന്‍ വി ആര്‍ അനൂപിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശപത്രിക അപൂര്‍ണമെന്ന് കണ്ട് റിട്ടേണിങ് ഓഫിസര്‍ തള്ളിക്കളഞ്ഞിരുന്നു. ഇത് സാധുവാക്കിയതാണ് വിവാദമായത്. സംസ്‌കൃത സര്‍വകലാശാലയിലെ നിയമമനുസരിച്ച് എല്ലാ സ്ഥാനാര്‍ഥികളും സൂക്ഷ്മപരിശോധനാ സമയത്ത് ഒറിജിനല്‍ എസ്എസ്എല്‍സി ബുക്ക് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ അനൂപ് അതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന് സ്‌ക്രൂട്ടനിങ് കമ്മിറ്റി ഐകകണ്‌ഠേന പത്രിക സാധുവല്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രതിനിധികളടക്കം ഇത് അംഗീകരിച്ചിരുന്നു. പിന്നീട് അനൂപ് തന്റെ എസ്എസ്എല്‍സി ബുക്ക് ഡിപ്പാര്‍മെന്റില്‍നിന്നും നഷ്ടപ്പെട്ടുവെന്ന വാദം ഉയര്‍ത്തി പരാതിയുമായി രജിസ്ട്രാറെ സമീപിച്ചു. ഇടത് സഹയാത്രികനായ വകുപ്പ് അധ്യക്ഷന്‍ ഡോ.ധര്‍മരാജ് അടാട്ടിന്റെ കത്തും ഹാജരാക്കി. ഈ കത്തിന്റെ പുറത്ത് രജിസ്ട്രാറുടെനേതൃത്വത്തിലുള്ള ഗ്രീവെന്‍സ് സെല്‍ അനൂപിന്റെ നോമിനേഷന്‍ തിരിച്ചെടുത്ത് ചെയര്‍മാന്‍ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ ഈ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സംസ്‌കൃതസര്‍വകലാശാലയിലെ ഒന്‍പത് പ്രാദേശിക കേന്ദ്രങ്ങളിലെ ഇലക്ഷന്‍ ചുമതല വഹിക്കുന്ന മുഖ്യ വരണാധികാരിയും ഹിന്ദി വിഭാഗം പ്രഫസറുമായ ഡോ. സുനിത ഗോപാലകൃഷ്ണന്‍ രാജിവയ്ക്കുകയായിരുന്നു. ഇതോടെ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എസ്എസ്എല്‍സി ബുക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും കാണാതായി എന്ന വാദത്തില്‍ ദുരൂഹതയുണ്ടെന്നും അതിനെക്കുറിച്ച് പോലിസ് അന്വേഷണം വേണം എന്നുമാണ് ഇതര വിദ്യാര്‍ഥിസംഘടനകളുടെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക