|    Apr 26 Thu, 2018 2:00 am
FLASH NEWS

സംസ്‌കൃത ഭാഷ ജനകീയമാക്കാന്‍ അര്‍ണോസ് പാതിരി നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയം: ഡോ. ഡി ബാബുപോള്‍

Published : 21st March 2017 | Posted By: fsq

 

തൃശൂര്‍: സംസ്‌കൃത ഭാഷ ജനകീയമാക്കാന്‍ അര്‍ണോസ് പാതിരി നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും സംസ്‌കൃത ഭാഷയില്‍ രാമശബ്ദം മാറ്റി വൃക്ഷശബ്ദം കൊണ്ടുവന്നത് അതിനുദാഹരണമാണെന്നും ഡോ. ഡി ബാബുപോള്‍ പറഞ്ഞു. അര്‍ണോസ് 285-ാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക സഭയിലെ ഐ.എ.എസ്സുകാരായ ഈശോസഭാ വൈദീകഗണത്തില്‍പ്പെട്ട അര്‍ണോസ് പാതിരി അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനു മൂന്ന് പ്രധാന കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കേരള സാംസ്‌കാരിക വകുപ്പിന്റെ സെക്രട്ടറിയായി 12 വര്‍ഷം പ്രവര്‍ത്തിച്ച തനിക്ക് അര്‍ണോസ് പാതിരിയുടെ സംഭാവനകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ പരസ്യമായി കുമ്പസാരിക്കുന്നുവെന്ന് ബാബുപോള്‍ യോഗത്തില്‍ ഏറ്റുപറഞ്ഞു.
തൃശൂര്‍ സെന്റ് മേരീസ് കോളജിലെ വിദ്യാര്‍ഥിനികളുടെ പ്രാര്‍ഥനാഗാനത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. കേരള ജസ്യൂട്ട് പ്രോവിന്‍ഷ്യാള്‍ ഡോ. എം കെ ജോര്‍ജ്ജ് എസ് ജെ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും മാര്‍. അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. പുറനാട്ടുകര ശ്രീകൃഷ്ണാശ്രമം അധിപന്‍ സദ്ഭവാനന്ദസ്വാമി, മണ്ണുത്തി ജുമാ മസ്ജിത് ചീഫ് ഇമാം മുജീബ് റഹ്മാന്‍ അസ്‌ളമി, ഡോ. ജോര്‍ജ്ജ് തേനാടിക്കുളം എസ് ജെ., ഡോ. എ അടപ്പൂര്‍ എസ്.ജെ., വിമല കോളജ് പ്രിന്‍സിപ്പാള്‍ സി ഡോ. മാരീസ്.വി.എല്‍, കേരള ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി ആര്‍ വല്‍സന്‍, ഡേവീസ് കണ്ണനായ്ക്കല്‍, ജോണ്‍ കള്ളിയത്ത് സംസാരിച്ചു.കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലേഖന മല്‍സരത്തില്‍ വിജയികളായ ഐശ്വര്യ ദാസ് എ (ശ്രീകഷ്ണ കോളജ് ഗുരുവായൂര്‍), നീന ജേക്കബ് (വിമല കോളജ് തൃശൂര്‍), മേരി അനിറ്റ (തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് തിരുവനന്തപുരം) എന്നിവര്‍ക്ക് ഡോ. സണ്ണി ജോസ് എസ്.ജെ. സമ്മാനങ്ങള്‍ നല്‍കി.നാല് വിഭാഗങ്ങളിലായി നടന്ന പുത്തന്‍പാന ആലാപന മല്‍സരത്തില്‍ പന്ത്രണ്ടുപേര്‍ സമ്മാനാര്‍ഹരായി. നാലു വിഭാഗങ്ങളിലായി സമേര ഡേവീസ് (കൊരട്ടി), ജോസിന്‍ സി. (പുറനാട്ടുകര), ജോഷി ഡേവീസ് (വേലൂര്‍), വര്‍ഗ്ഗീസ് പി എ (ഒളരിക്കര) എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വിമല കോളജ് വിദ്യാര്‍ഥിനികളുടെ പുത്തന്‍പാന ആവിഷ്‌ക്കാരവും ജീവന്‍രാജ്, നമിത ശ്രേയസ്സ് എന്നിവരുടെ ഗാനാലാപനവും ഉണ്ടായി. സമ്മേളനാനന്തരം അര്‍ണോസ് പാതിരിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. ഡോക്യുമെന്ററി നിര്‍മ്മാതാക്കളായ രാജു റാഫേല്‍, ശ്രീജിത്ത് കെ, അഡ്വ. ദിനേഷ് കല്ലറയ്ക്കല്‍ എന്നിവരെ ഫാ. ഡോ. എ അടപ്പൂര്‍ ആദരിച്ചു. അര്‍ണോസ് പാതിരിയുടെ സ്റ്റാമ്പ് പ്രകാശനം ഡോ. ഡി ബാബുപോള്‍ നിര്‍വ്വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss