|    Mar 19 Mon, 2018 12:23 pm
FLASH NEWS

സംസ്‌കാരത്തിലെ മാലിന്യം

Published : 10th November 2015 | Posted By: G.A.G

malinyam-2

വായന/അജയമോഹന്‍    ജി എ ജി

ആഗോളതലത്തില്‍പ്പോലും കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ വികസനം സത്യത്തില്‍ സംസ്ഥാനത്തെ എങ്ങോട്ടാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ഓരോ മലയാളിയും നാള്‍ക്കുനാള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സംസ്ഥാനമായി കേരളം വളര്‍ന്നു എന്ന റിപോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. നാല്‍പ്പത്തിനാല് നദികളും അപകടകരമാം വിധം മലിനമാക്കപ്പെട്ടിരിക്കുന്നു. മാലിന്യവും അതു സൃഷ്ടിച്ച കുടിവെള്ളപ്രശ്‌നങ്ങളും കെട്ടുകഥകളെപ്പോലും വെല്ലുന്ന തരത്തില്‍ വളര്‍ന്നുകഴിഞ്ഞു. ആറുമാസം പ്രായമായ കുഞ്ഞിനു പോലും ശ്വസിക്കാനുള്ള വായുവിനു വേണ്ടി സമരപ്പന്തലിലെത്തേണ്ടി വന്നത് നമ്മുടെ തലസ്ഥാനനഗരത്തിന്റെ കുപ്പത്തൊട്ടിയായി ഭരണാധികാരികള്‍ കണക്കാക്കിയ വിളപ്പില്‍ശാലയില്‍ നിന്നാണ്. വിഷമയമായ ഭക്ഷണവും വിഷംതീണ്ടിയ വായുവും വെള്ളവും ജീവിതസാഹചര്യങ്ങളുമൊക്കെച്ചേര്‍ന്ന് പട്ടിയായും കൊതുകായും എലിയായും രോഗാണുക്കളായുമൊക്കെ അവതരിച്ച് നമ്മെ ആശുപത്രിക്കിടക്കയില്‍ പുതപ്പിച്ചുകിടത്തുന്നു.
ഒറ്റ നോട്ടത്തില്‍ ഉത്തരമില്ലാത്ത നിസ്സഹായാവസ്ഥയാണിതെല്ലാമെന്നു തോന്നാം. എന്നാല്‍, ചോദ്യങ്ങള്‍ക്കെല്ലാം തന്നെ ഉത്തരങ്ങളുണ്ടെന്നും അവയില്‍പ്പലതും കണ്ടെത്താത്തതോ നടപ്പില്‍ വരുത്താത്തതോ ഗൗരവപൂര്‍വം പരിഗണിക്കാത്തതോ ഒക്കെയാണ് യഥാര്‍ഥ പ്രശ്‌നമെന്നും തിരിച്ചറിയപ്പെടുന്നില്ല. വീട്ടുമാലിന്യം വിഷരഹിതകൃഷിക്ക് വളമാക്കുന്നതുപോലെയോ, ജൈവാവശിഷ്ടങ്ങളില്‍ നിന്ന് ഊര്‍ജമുണ്ടാക്കുന്നതുപോലെയോ ലളിതമാണ് പലപ്പോഴും ഉത്തരങ്ങളെങ്കിലും ഇത്തരം സുസ്ഥിരമാര്‍ഗങ്ങളല്ല നാം അന്വേഷിക്കുന്നത്. വികസനമെന്നാല്‍ മാനം മുട്ടെ വളരുന്ന ആശുപത്രികളും അത്യാധുനിക ചികില്‍സാ ഉപകരണങ്ങളും ആണവനിലയങ്ങളുമൊക്കെയാണെന്ന്് ജനങ്ങളും ഭരണാധികാരികളും ഒരു പോലെ ചിന്തിക്കുന്നു.
കേരളം ഇന്നു നേരിടുന്ന കുറേയേറെ ചോദ്യങ്ങള്‍ക്ക് ഉത്തരമാവുന്ന പുസ്തകമാണ് സാക്ഷി മാഗസിന്‍ പുറത്തിറക്കിയ മാലിന്യത്തിന്റെ നാനാര്‍ഥങ്ങള്‍. എം പി പരമേശ്വരന്‍, എം ആര്‍ രാഘവവാരിയര്‍, കെ രാമചന്ദ്രന്‍, എം എം സചീന്ദ്രന്‍, എ പി കുഞ്ഞാമു, ജെ ദേവിക, കെ അരവിന്ദാക്ഷന്‍, ടി പി രാജീവന്‍, പി. സുരേന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, സി എസ് വെങ്കിടേശ്വരന്‍, പ്രമോദ് കുമാര്‍ ഇ, വി ടി പദ്മനാഭന്‍ എന്നിവരുടെ ലേഖനങ്ങളുടെ സമാഹാരമാണിത്. ഷെരീഫ എം എഴുതിയ ഒരു കഥയും ചേര്‍ത്തിരിക്കുന്നു.
മാലിന്യം എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ഇതിലെ കുറിപ്പുകളോരോന്നും. മാലിന്യസംസ്‌കരണത്തിന്റെ വിവിധ രീതികളെക്കുറിച്ചല്ല ഈ പുസ്തകമെങ്കിലും ഇതുസംബന്ധിച്ച വിശദമായ പ്രൊജക്ട് റിപോര്‍ട്ട് സഹിതമുള്ള കുറിപ്പാണ് എം പി പരമേശ്വരന്റേത്. മാലിന്യം അസ്ഥാനത്തുള്ള സമ്പത്ത് എന്ന മാവോസൂക്തം തലക്കെട്ടാക്കിയ പരമേശ്വരന്റെ ലേഖനം ചെറുകിട സംസ്‌കരണസംവിധാനത്തെക്കുറിച്ചു പറയുമ്പോഴും ഉറവിടസംസ്‌കരണത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല എന്ന പരിമിതിയുണ്ട്.
മാലിന്യമെന്നത് കേവലം ഭക്ഷ്യാവശിഷ്ടങ്ങളിലും പ്ലാസ്റ്റിക്കിലും മറ്റു ഖര-ദ്രാവക-വാതക വസ്തുക്കളിലും ഒതുങ്ങുന്നില്ലെന്ന തിരിച്ചറിവ് ഓരോ ലേഖനത്തിലും പ്രകടമാണ്. നശിപ്പിക്കാനും സംസ്‌കരിക്കാനും സാധ്യമല്ലാത്ത സാംസ്‌കാരികമാലിന്യങ്ങള്‍ ആണവമാലിന്യം പോലെത്തന്നെ വരും തലമുറകളെ ബാധിക്കുമെന്ന് ടി പി രാജീവനും എ പി കുഞ്ഞാമുവും എം ആര്‍ രാഘവവാര്യരുമെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. സാംസ്‌കാരികമലിനീകരണത്തിന്റെ പ്രശ്‌നങ്ങള്‍ എന്ന ലേഖനത്തില്‍, അസ്ഥാനത്തുള്ള എന്തും മാലിന്യമാണെന്ന് അഭിപ്രായപ്പെടുന്നു കുഞ്ഞാമു.
ശുദ്ധീകരിക്കാന്‍ എന്ന ലേബലിലുള്ള ആത്മീയഭാഷണങ്ങള്‍ മാലിന്യമായി
മാറുന്നതും വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ തന്നെ പിന്നീട് മാലിന്യമായി മാറുന്നതും അദ്ദേഹം എടുത്തുപറയുന്നു.
അപ്പങ്ങളെമ്പാടും ചുടുന്ന സിനിമാപ്പാട്ടും കൊളോണിയല്‍ കസിന്‍സിന്റെ കൃഷ്ണാ നീ ബേഗനേ ബാരോയും സിഡി നശിപ്പിച്ചാലും ഇല്ലാതാവുന്ന സാംസ്‌കാരിക മാലിന്യങ്ങളാണെന്ന് ടി പി രാജീവന്‍ മാലിന്യങ്ങള്‍ സാംസ്‌കാരികവും രാഷ്ട്രീയവും ആരോപിക്കുന്നുണ്ട്. ഇവയോട് ആവശ്യമില്ലാത്ത പുസ്തകവും ആവശ്യമില്ലാത്ത പാട്ടും കാണേണ്ടതേയില്ലാത്ത സിനിമയുമൊക്കെ മാലിന്യങ്ങള്‍ തന്നെയാണെന്ന ചിന്ത എന്തുകൊണ്ടും യുക്തിഭദ്രവും കാലികപ്രസക്തവുമാണ്.
വിവിധ കാലങ്ങളില്‍ ഉല്‍പ്പാദന വിതരണ രീതികളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നാഗരികത പലയിടങ്ങളില്‍ പലരീതിയില്‍ വികാസം പ്രാപിച്ചപ്പോഴൊന്നും തന്നെ മാലിന്യപ്രശ്‌നം ഇന്നത്തെപ്പോലെ കീറാമുട്ടിയായിരുന്നില്ല. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകളില്‍പ്പോലും ഓടകളും നഗരമാലിന്യത്തെ കണക്കിലെടുത്ത നിര്‍മിതികളും ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, ആധുനികമെന്ന് നമ്മളിപ്പോള്‍ കരുതുന്ന ജീവിതരീതി ഇതിനൊരപവാദമാണ്. പ്ലാസ്റ്റിക്കും ഇ-മാലിന്യവും ആണവമാലിന്യവും മാത്രമല്ല മനുഷ്യന്റെ ചിന്താരീതി പോലും ഇന്ന് ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സി എസ് വെങ്കിടേശ്വേരന്റെ ലേഖനം ഇത്തരമൊരു തിരിച്ചറിവിലേക്ക് വായനക്കാരെ എത്തിക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍, മനുഷ്യനുള്ള പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം നിര്‍വചിക്കപ്പെടുന്നത്.
അതോടൊപ്പം തന്നെ, പ്രാകൃതികമല്ല സാംസ്‌കാരികമാണ് മാലിന്യം എന്ന വസ്തുതയും വെങ്കിടേശ്വരന്‍ സ്ഥാപിക്കുന്നു. ഒരു പേനയുമായുള്ള ബന്ധം ഒരായുഷ്‌കാലം മുഴുവനോ പതിറ്റാണ്ടുകളോ നിലനിര്‍ത്തിയിരുന്ന കാലത്തുനിന്ന് ഉപയോഗിച്ച് വലിച്ചെറിയുന്ന കാലത്തേക്കുള്ള
മാറ്റത്തെയും ഉല്‍പ്പാദനവ്യവസ്ഥയില്‍തന്നെ വസ്തുക്കളുടെ കാലഹരണം ഉള്‍ച്ചേര്‍ക്കപ്പെടുന്ന മുതലാളിത്തവികാസത്തിന്റെ രീതികളെക്കുറിച്ചും വെങ്കിടേശ്വരന്‍ പറയുന്നുണ്ട്. ഇതോട് ചേര്‍ത്തു വായിക്കേണ്ടവയാണ് രാഘവവാരിയരുടെയും ദേവികയുടെയും ലേഖനങ്ങള്‍.
നാഗരികത തന്നെ മാലിന്യമാണെന്നും വേണ്ടതും വേണ്ടാത്തതുമെല്ലാം സഞ്ചിയിലാക്കിപ്പോരാവുന്ന നഗരങ്ങളിലെ മാളുകളെ യഥാര്‍ഥത്തില്‍ മാളങ്ങളെന്നാണ് വിളിക്കേണ്ടതെന്നും രാഘവവാര്യര്‍ പരിഹസിക്കുന്നു. കേരളീയ സമൂഹത്തില്‍ 1970കള്‍ക്കു ശേഷം ശക്തിപ്രാപിച്ച നവവരേണ്യ മധ്യവര്‍ഗത്തിന്റെ സവിശേഷസൃഷ്ടിയാണ് ചവര്‍പ്രശ്‌നമെന്ന് ജെ ദേവിക ചൂണ്ടിക്കാട്ടുന്നു. ഉപഭോഗം നിയന്ത്രിക്കാന്‍ അറിയാത്തതോ അതിന് മനസ്സില്ലാത്തതോ ആയ ഇന്നത്തെ മധ്യവര്‍ഗമാണ് പ്രശ്‌നത്തിന്റെ സ്രഷ്ടാക്കളെന്നും അവര്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിലെ ആണവവിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയിലുള്ള വി ടി പത്മനാഭന്‍ കേരളം ഇനിയും കാര്യമായി ചിന്തിച്ചിട്ടില്ലാത്ത, എന്നാല്‍ ആസന്നഭാവിയില്‍ നമ്മെ നേരിട്ടലട്ടിയേക്കാവുന്ന ഒരു വിഷയത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്- ആണവമാലിന്യം. 2050 ഓടെ ഇന്ത്യയുടെ ആണവനിലയങ്ങളില്‍നിന്ന് 50,000 ടണ്‍ ഹൈലെവല്‍ റേഡിയോ ആക്ടീവ് മാലിന്യം ഉണ്ടാകുമെന്ന ആശങ്കാജനകമായ വസ്തുത അദ്ദേഹം അവതരിപ്പിക്കുന്നു.
ഷാഹുല്‍ അലിയാര്‍ തയ്യാറാക്കിയ കവര്‍ ചിന്തോദ്ദീപകവും ആകുലപ്പെടുത്തുന്നതുമാണ്. ചവറുകൂനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുപാവയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ബലിക്കാക്ക. കേരളത്തിലെ നഗരമാലിന്യപ്രശ്‌നത്തെ നേരിടാന്‍ നിയുക്തമായ ശുചിത്വമിഷന്റെ ലോഗോയിലുള്ളത് ചൂലേന്തിയ കാക്കയാണ്. അതേ കാക്ക തന്നെയാണോ ഈ കുഞ്ഞിന്റെ കണ്ണു തിന്നുന്നതെന്ന് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നിമിഷം സംശയിച്ചാലും തെറ്റില്ല.  ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss