|    Jan 18 Wed, 2017 9:33 pm
FLASH NEWS

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചു: ടി പി ദാസന്‍ പ്രസിഡന്റ്; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചു. പ്രസിഡന്റായി ടി പി ദാസനും വൈസ് പ്രസിഡന്റായി മുന്‍ കായികതാരം മേഴ്‌സിക്കുട്ടനും നിയമിതരായി. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണു പുതിയ നിയമനം.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രസിഡന്റായിരുന്ന ദാസന്‍ സ്‌പോര്‍ട്‌സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും ഇന്നലെ ഉച്ചയോടെ കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ച് ഉത്തരവിറക്കുകയും ചെയ്തു. വൈകീട്ട് നാലിന് പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന ഭരണസമിതി സ്ഥാനമേറ്റെടുത്തു. എം ആര്‍ രഞ്ജിത്, കെ സി ലേഖ, ജോര്‍ജ് തോമസ്, ഐ ടി മനോജ്, ഒ കെ വിനീഷ്, ഡി വിജയകുമാര്‍, എസ് രാജീവ് എന്നിവരാണു നിയമിതരായ മറ്റംഗങ്ങള്‍.
കഴിഞ്ഞ കൗണ്‍സിലുകളുടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനാണു തീരുമാനമെന്ന് ടി പി ദാസന്‍ പറഞ്ഞു. പൂര്‍ത്തിയാവാത്ത പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പ്രധാന കായിക ഇനങ്ങള്‍ക്ക് അന്താരാഷ്ട്ര പരിശീലനം ഇവിടെത്തന്നെ ഒരുക്കുക, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ നവീകരിക്കുക എന്നിവയ്ക്കാണു പ്രഥമ പരിഗണന. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പുനസ്സംഘടിപ്പിക്കും. നിലവിലെ ഭരണഘടന അനുസരിച്ച് നോമിനേറ്റഡ് അംഗങ്ങളെയാണു നിയമിക്കുക. ഇതു മാറ്റി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയെന്ന മുന്‍ കീഴ്‌വഴക്കം തിരികെ കൊണ്ടുവരും.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതംചെയ്യുന്നു. അത്തരമൊരു അഴിമതി നടന്നിട്ടുണ്ടെന്ന് കരുതുന്നില്ല. സ്‌പോര്‍ട്‌സ് ലോട്ടറിയുടെ കാര്യവും മറിച്ചല്ലെന്നും ടി പി ദാസന്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക