|    Dec 14 Fri, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവംഹാട്രിക് വിജയവും ഒന്നാം സ്ഥാനവും നേടി പിതാവും മകനും

Published : 29th November 2018 | Posted By: kasim kzm

ഷമീര്‍ രാമപുരം

മലപ്പുറം: കണ്ണൂരില്‍ വച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മലപ്പുറം ജില്ലയിലെ മങ്കടയില്‍ നിന്ന് അധ്യാപകനായ പിതാവും മകനും വിജയം കരസ്ഥമാക്കി. രണ്ടു പേരും ഒന്നാം സ്ഥാനം സ്വന്തമാക്കിയെന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. സാമൂഹിക ശാസ്ത്ര മേളയിലാണ് ഈ അപൂര്‍വ നേട്ടം.
ജന്മനാടായ മങ്കടയുടെ പ്രാദേശിക വിദ്യാഭ്യാസ ചരിത്രം രേഖപ്പെടുത്തിയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രാദേശിക ചരിത്രരചനാ മത്സരത്തില്‍ മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഹ്മദ് ഷഹല്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്. ഷൊര്‍ണൂരിലും കോഴിക്കോട്ടും വച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോല്‍സവങ്ങളില്‍ തുടര്‍ച്ചയായി എ ഗ്രേഡ് നേടിയിരുന്നു ഈ മിടുക്കന്‍. ചരിത്രരചനയോടൊപ്പം ചരിത്രാന്വേഷണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച പ്രദേശങ്ങളുടെയും അഭിമുഖങ്ങളുടെയും ചരിത്രശേഷിപ്പുകളുടെയും വലിയ വിവരശേഖരം തന്നെ അഭിമുഖത്തിനായി അവതരിപ്പിക്കാനായത് തനിക്ക് മികച്ച വിജയം നേടാന്‍ അവസരമൊരുക്കിയതായി അഹ്മദ് ഷഹല്‍ പറഞ്ഞു.
സാമൂഹിക ശാസ്ത്ര അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയ്ഡ് മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സംസ്ഥാന സാമൂഹിക ശാസ്ത്രമേളയില്‍ പിതാവായ ഇഖ്ബാല്‍ മങ്കടയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാനായി. പ്രളയാനന്തര കേരളത്തിലെ മണ്ണിനെക്കുറിച്ചുള്ള പഠന പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അധ്യാപന സഹായിക്കാണ് ഈ വര്‍ഷം ഒന്നാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന സംസ്ഥാന ശാസ്‌ത്രോല്‍സവത്തില്‍ ഇദ്ദേഹത്തിന്റെ ടീച്ചിങ് എയ്ഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സെക്കന്തരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ബുക്ക് പ്രൈസ് കരസ്ഥമാക്കാനും ഈ അധ്യാപകന്റെ പഠനസഹായികള്‍ക്കായി.
എല്ലാ ക്ലാസുകളിലും മണ്ണിനെക്കുറിച്ച് ഭാഗികമായി പഠിപ്പിക്കുന്നുണ്ടെങ്കിലും പൂര്‍ണമായ അര്‍ഥത്തില്‍ മണ്ണിനെ അറിയാനുള്ള ലളിതമായ പഠനസഹായികളുമായാണ് ഇഖ്ബാല്‍ മാസ്റ്റര്‍ മല്‍സരവേദിയില്‍ എത്തുന്നത്. പാഴ്‌വസ്തുക്കളില്‍ നിന്നുപോലും പഠനസഹായികള്‍ തയ്യാറാക്കുന്നതു തൊട്ട്, ഹൈടെക് ക്ലാസ്മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ലാത്ത അവസ്ഥയില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓഫ്‌ലൈന്‍ വെബ്‌സൈറ്റും മണ്ണുപഠനത്തിനായി ഒരുക്കിയിരിക്കുന്നു. പ്രളയാനന്തര കേരളത്തിലെ മണ്ണിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി വയനാട്ടിലെ കുറിച്യാമല, നിലമ്പൂരിലെ നമ്പൂരിപ്പെട്ടി എന്നീ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് പാറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണു ഗവേഷണ ലാബിലും മണ്ണു മ്യൂസിയത്തിലും ആധികാരിക പഠനങ്ങള്‍ നടത്തിയാണ് സംസ്ഥാനമേളയിലേക്കുള്ള അധ്യാപക സഹായികള്‍ തയ്യാറാക്കിയത്.
പാലക്കാട് ജില്ലയിലെ കൊപ്പം ഗവ. ഹൈസ്‌കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനായ ഇഖ്ബാല്‍ മങ്കട തിരുവനന്തപുരത്ത് സ്റ്റേറ്റ് കൗണ്‍സില്‍ എജ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവരുന്നു.
മങ്കടയുടെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്നതിനും ഡിജിറ്റലൈസ് ചെയ്ത് എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനുമായി മങ്കട ഓണ്‍ലൈന്‍ എന്ന ബ്ലോഗ് ഇഖ്ബാല്‍ മാഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. മങ്കട ഗവ. എല്‍പി സ്‌കൂളിന്റെ 108ാം വാര്‍ഷികത്തോടൊപ്പം പുറത്തിറക്കിയ ‘മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന ചരിത്രപുസ്തകത്തിന്റെ മുഖ്യശില്‍പികളിലൊരാളുമായ ഇദ്ദേഹം, സാമൂഹിക ശാസ്ത്ര അധ്യാപകര്‍ക്കായുള്ള വിവരങ്ങള്‍ തയ്യാറാക്കുകയും പങ്കിടുകയും ചെയ്യുന്ന വിവിധ മേഖലകളില്‍ സജീവമായ ഇഖ്ബാല്‍ മാസ്റ്റര്‍, അധ്യാപക പരിശീലനങ്ങളില്‍ സ്‌റ്റേറ്റ് റിസോഴ്‌സ് പേഴ്‌സനായും പ്രവര്‍ത്തിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss