|    Oct 16 Tue, 2018 1:41 pm
FLASH NEWS
Home   >  Sports  >  Athletics  >  

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒക്ടോബര്‍ 20ന് ട്രാക്കുണരും

Published : 25th September 2017 | Posted By: ev sports

കോട്ടയം: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 20 മുതല്‍ 23വരെ കോട്ടയം പാലാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍- പെണ്‍ വിഭാഗങ്ങളിലായി 2,800 ല്‍പ്പരം വിദ്യാര്‍ഥികള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ആകെ 95 ഇനങ്ങളിലാണ് മല്‍സരം. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് 2.45ന് നടക്കുന്ന ചടങ്ങില്‍ കായികമേളയുടെ ലോഗോ ഒളിംപ്യന്‍ കെ ജെ മനോജ് ലാലിന് നല്‍കി ജോസ് കെ മാണി എംപി പ്രകാശനം ചെയ്യും. മലപ്പുറം പൂക്കളത്തൂര്‍ പികെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനി ദില്‍ന ഷെറിന്‍ രൂപകല്‍പ്പന ചെയ്ത ലോഗോയാണ് മേളയ്ക്കുവേണ്ടി തിരഞ്ഞെടുത്തത്. മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 19ന് ആരംഭിക്കും. വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യമൂന്ന് വിദ്യാര്‍ഥികള്‍ക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കില്‍ കാഷ് അവാര്‍ഡ് നല്‍കും. ദേശീയ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപ ലഭിക്കും. സംസ്ഥാന സ്‌കൂള്‍ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപയും ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാംപ്യന്‍മാര്‍ക്ക് 4 ഗ്രാം സ്വര്‍ണമെഡലും സമ്മാനമായി ലഭിക്കും. മല്‍സരവിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,250, 1,000 എന്നീ ക്രമത്തിലും സമ്മാനമുണ്ടാവും. അത്‌ലറ്റിക്‌സ്, ജംപ്‌സ്, ത്രോ, വോൡബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, നീന്തല്‍ എന്നീ ഇനങ്ങളില്‍ ഒരേസമയം പരിശീലനത്തിനും മല്‍സരങ്ങള്‍ക്കും സൗകര്യമുള്ള സ്റ്റേഡിയമാണ് പാലായില്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ഏതാനും മിനുക്കുപണികള്‍ക്കൂടി പൂര്‍ത്തിയാക്കി ഒരാഴ്ചയ്്ക്കുള്ളില്‍ സ്റ്റേഡിയം പാല നഗരസഭയ്ക്ക് കൈമാറും. മൂന്നരലക്ഷം രൂപ ചെലവില്‍ 3,000 കാണികള്‍ക്കിരിക്കാവുന്ന താല്‍ക്കാലിക ഗ്യാലറിയാണ് സ്‌കൂള്‍ മേളയ്ക്കായി ഒരുങ്ങുന്നത്. അടുത്തമാസം ആദ്യം നിര്‍മാണം തുടങ്ങും. സ്‌കൂള്‍ കായികമേളയില്‍ മികവുതെളിയിക്കുന്നവരെ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. അതിന് മുന്നോടിയായി മല്‍സരാര്‍ഥികളുടെ ഓണ്‍ലൈന്‍ എന്‍ട്രിയും കോച്ചിങ്ങും പൂര്‍ത്തിയാക്കണം.  ഇതൊക്കെ കണക്കിലെടുത്ത് കൃത്യസമയത്ത് സംസ്ഥാന കായികമേള നടക്കേണ്ടതിനാല്‍ ജില്ലാ മേളകള്‍ ഒക്ടോബര്‍ 17നകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss