|    Aug 17 Thu, 2017 11:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ക്രിസ്മസ് അവധിക്കാലത്തു നടത്താന്‍ ആലോചന. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ കലോല്‍സവം നടത്താനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ഇതുവഴി അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രിക്കു കൈമാറി. മേളകള്‍ വിദ്യാഭ്യാസ കലണ്ടറിന്റെ താളംതെറ്റിക്കുന്നുവെന്ന് നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു. ഇതാണ് അവധിക്കാല മേളയെന്ന ആശയത്തിലേക്ക് എത്തിയത്. ജനുവരി രണ്ടാംവാരം മുതല്‍ അവസാന വാരം വരെ നീളുന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയെന്ന പതിവാണ് ഇതോടെ മാറുന്നത്. ക്രിസ്മസ് അവധിക്കാലത്ത് മേള നടത്തിയാല്‍ ജനുവരി ഒന്നിലെ ഒരു പ്രവൃത്തിദിവസം മാത്രമേ നഷ്ടമാവുകയുള്ളൂ. അവധിക്കാല മേള ഗംഭീരമാക്കി ജനുവരി ഒന്നിന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പുതുവര്‍ഷത്തിന് തുടക്കംകുറിക്കാനാവുമെന്നും വിദ്യാഭ്യാസവകുപ്പ് വിലയിരുത്തുന്നു. ജനുവരി, ഫെബ്രുവരി മാസം മുഴുവനായും പഠനത്തിനായി ഉപയോഗിക്കാനും ഇതുവഴി സാധിക്കും. മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും നടത്തിപ്പു ചുമതലയുള്ള അധ്യാപകര്‍ക്കും മേള കഴിഞ്ഞ് ജനുവരി രണ്ടു മുതല്‍ തിരിച്ച് സ്‌കൂളിലുമെത്താം. വാര്‍ഷികപരീക്ഷയ്ക്കു മുമ്പ് അവസാനപാദത്തില്‍ കൂടുതല്‍ പ്രവൃത്തിദിവസം സ്‌കൂളുകള്‍ക്കു ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പായിരിക്കും നടക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിര്‍ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ തൃശൂരില്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് മേളയ്ക്ക് കൊടിയുയരും. അതേസമയം, അവധിക്കാല മേള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അവധി നഷ്ടപ്പെടുത്തുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക